23.2 C
Iritty, IN
July 7, 2024
  • Home
  • Kerala
  • കാടിറങ്ങാൻ 10 കടുവകൾ കൂടി; വനത്തിന് ഉൾക്കൊള്ളാൻ ആവുന്നതിലും അധികം കടുവകൾ വയനാട്ടിൽ
Kerala

കാടിറങ്ങാൻ 10 കടുവകൾ കൂടി; വനത്തിന് ഉൾക്കൊള്ളാൻ ആവുന്നതിലും അധികം കടുവകൾ വയനാട്ടിൽ

കോഴിക്കോട്∙ വയനാട്ടിലും കണ്ണൂർ ആറളത്തും പരിസരത്തുമായി അടുത്തുതന്നെ പത്തോളം കടുവകൾ നാട്ടിലിറങ്ങാൻ സാധ്യതയുണ്ടെന്ന് വനം വകുപ്പിന്റെ വിലയിരുത്തൽ. യൗവനത്തിലേക്ക് കടന്ന് സംഘത്തിൽ നിന്ന് പുറന്തള്ളപ്പെടുന്ന കടുവകളും പ്രായാധിക്യമോ പരുക്കോ മൂലം സ്വന്തം സാമ്രാജ്യം വിട്ടു പോകേണ്ടി വരുന്ന ആൺ കടുവകളുമായിരിക്കും ഇങ്ങനെ പുറം ലോകത്ത് എത്തുക.

വയനാട് വനത്തിന് ഉൾക്കൊള്ളാനാവുന്നതിലും ഏറെ കൂടുതൽ കടുവകൾ ഇപ്പോൾ ഉണ്ടെന്നും കാട്ടുപോത്തും മാനും ഉൾപ്പെടെ ആവശ്യത്തിന് ഇര ഉള്ളതിനാൽ മാത്രമാണ് വലിയ തലവേദന ആകാത്തതെന്നും വനം ഉന്നതർ സമ്മതിക്കുന്നു. ആറളം ഫാമിനു സമീപത്തും കഴിഞ്ഞ ദിവസം പുതിയൊരു കടുവയെ കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ ഡേറ്റ ബേസിൽ ഇല്ലാത്ത ഈ കൂറ്റൻ കടുവയുടെ രണ്ടു ചിത്രങ്ങളും ക്യാമറയിൽ ലഭിച്ചു. പത്തു വയസ്സു തോന്നിക്കുന്ന കടുവയ്ക്ക് സാധാരണയിലും വലിപ്പമുണ്ട്. നാട്ടുകാർക്ക് ഇതേവരെ ശല്യമാവാത്തതിനാൽ തുടർനടപടി എന്തു വേണം എന്ന ആലോചനയിലാണ് വനം വകുപ്പ്.

ബന്ദിപ്പൂർ, നാഗർഹോളെ കടുവാ സങ്കേതങ്ങളാണ് കേരളത്തിലെത്തുന്ന കടുവകളുടെ ആവാസ കേന്ദ്രം. ഒരു ആൺകടുവയുടെ സാമ്രാജ്യത്തിൽ രണ്ടോ മൂന്നോ പെൺകടുവകൾ മാത്രമേ വസിക്കുകയുള്ളൂ. പിന്നെ കുഞ്ഞുങ്ങളും ഉണ്ടാവും. മറ്റ് ആൺകടുവകൾക്ക് അവിടെ എത്തണമെങ്കിൽ അവിടെയുള്ള ആണിനെ കീഴ്പ്പെടുത്തണം. ഇങ്ങനെ കീഴ്പ്പെട്ട്, പരുക്കേറ്റ് പുറത്താവുന്ന ആൺകടുവകൾ ആയാസമില്ലാതെ ഇര ലഭിക്കുന്ന മേഖലകളിലേക്ക് വാസം മാറ്റും. വനപ്രദേശങ്ങളിൽ ജനങ്ങൾ കന്നുകാലികളെ മേയാൻ വിടുന്നതും ഇങ്ങനെയുള്ള കടുവകളെ ആകർഷിച്ച് പുറത്തേക്ക് എത്തിക്കും.

കുഞ്ഞുങ്ങൾ യൗവനത്തിലേക്ക് കടക്കുമ്പോഴും ഇങ്ങനെ സംഘത്തിൽ നിന്ന് പുറത്താക്കപ്പെടും. അവരും ആയാസമില്ലാതെ സ്വന്തം സാമ്രാജ്യം സൃഷ്ടിക്കാൻ തുനിയുമ്പോൾ വയനാടൻ കാടുകൾ അതിന് പറ്റിയ ഇടമായി മാറുന്നു. പ്രത്യേകിച്ചും നവംബർ മുതൽ മാർച്ച് വരെ കടുവകൾ ഇണയെ തേടുന്ന സീസണിൽ.

344 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വയനാട് വന്യജീവി സങ്കേതത്തിൽ ഇപ്പോൾ 80 കടുവകൾ ഉണ്ടെന്നാണ് വനം വകുപ്പിന്റെ കണക്ക്. ക്യാമറയിൽ പതിഞ്ഞതു മാത്രമാണ് ഇത്. പതിയാത്തതായി 10 കടുവകൾ കൂടി ഉണ്ടായേക്കാം. ഒരു പെൺകടുവയ്ക്ക് ജീവിക്കാൻ 25 ചതുരശ്ര കിലോമീറ്ററും ആൺകടുവയ്ക്ക് 80 ചതുരശ്ര കിലോമീറ്ററും വേണമെന്നാണ് ശരാശരി കണക്ക്. മൂന്നിരട്ടിയിലേറെ കടുവകൾ വയനാട്ടിൽ ഉണ്ടാവുമെന്നു ചുരുക്കം. എന്നാൽ അതിനൊത്ത്, മാനുകളും കാട്ടുപോത്തുകളും ഇവിടെയുണ്ട്.

ഇരയ്ക്കായും സാമ്രാജ്യത്തിനായുമുള്ള ഏറ്റുമുട്ടലിൽ പരുക്കേറ്റ് പുറന്തള്ളപ്പെടുന്ന കടുവകളാണ് അധികവും നാട്ടിൽ എത്തുന്നത്. കുറുക്കൻമൂലയിൽ മാസങ്ങളോളം വനം വകുപ്പിന്റെ ഉറക്കം കെടുത്തിയ കടുവയുടെ കഴുത്തിൽ ഗുരുതരമായ മുറിവുണ്ടായിരുന്നു. അതിനു ശേഷം പിടിയിലായ ഒന്നിന്റെ പല്ല് നഷ്ടപ്പെട്ടിട്ടുണ്ട്. മറ്റൊന്നിന് കാലിൽ ഗുരുതര പരുക്ക് കണ്ടെത്തി.

മനുഷ്യജീവന് ഭീഷണി ആകുന്ന കടുവകളെ മാത്രമേ മയക്കുവെടി വച്ച് പിടിക്കാൻ വൈൽഡ് ലൈഫ് വാർഡന് അനുമതി നൽകാൻ സാധിക്കുകയുള്ളൂ. ഇവയെ എവിടെ തുറന്നു വിടും എന്നതും പ്രശ്നമാണ്. വയനാട് കുപ്പാടിയിലെ സംരക്ഷണ കേന്ദ്രത്തിൽ ഇന്നലെ അഞ്ചാമത്തെ കടുവയെയാണ് എത്തിച്ചത്. 4 കടുവകൾക്കും 2 പുലികൾക്കുമുള്ള സ്ഥലമേ ഇവിടെയുള്ളൂ.

Related posts

പരിസ്ഥിതിലോല മേഖല ; വിധി രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്ക് ഉപയോഗിക്കുന്നു : പി രാജീവ്‌

Aswathi Kottiyoor

ഭാവി തലമുറയ്ക്ക് ഒഴിച്ചുകൂടാനാകാത്ത വികസന പദ്ധതികൾ നടപ്പാക്കുകതന്നെ ചെയ്യും: മുഖ്യമന്ത്രി

Aswathi Kottiyoor

ക്രമക്കേടുകൾ തടയുന്നതിന് ശക്തമായ നടപടിയുമായി സഹകരണ വകുപ്പ്

Aswathi Kottiyoor
WordPress Image Lightbox