ശുചിത്വ കേരളത്തിന്റെ സൈന്യമാണ് ഹരിതകർമ സേനയെന്നും സേനക്കെതിരായ തെറ്റായ പ്രചരണങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി എംബി രാജേഷ് പറഞ്ഞു. ഗുരുവായൂർ നഗരസഭയുടെ അഭിമാന പദ്ധതികളായ എ സി രാമൻ ചിൽഡ്രൻസ് പാർക്ക്, വഴിയോര വിശ്രമ കേന്ദ്രം, എംസിഎഫ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
സർക്കാരിന്റെ പിന്തുണ ഹരിത കർമ്മ സേനയ്‌ക്കുണ്ടെന്നും മന്ത്രി പറഞ്ഞു. മാലിന്യകൂമ്പാരം സംസ്‌കരിച്ച് പുങ്കാവനമാക്കി മാറ്റിയ ഗുരുവായൂർ നഗരസഭ മാലിന്യ സംസ്കരണത്തിൽ മാതൃകയാണെന്നും മന്ത്രി പറഞ്ഞു. തീർത്ഥാടന നഗരി എന്നതിലുപരി ശുചിത്വ കേരളത്തിന്റെ കേന്ദ്രമായി ഗുരുവായൂർ അറിയപ്പെടും. മാലിന്യ സംസ്‌കരണത്തിൽ ഗുരുവായൂർ നഗരസഭയുടെ മാതൃക കേരളം സ്വീകരിക്കും. ബയോപാർക്കിൽ പൊതുജനങ്ങൾക്കായി ഓപ്പൺ ജിം സ്ഥാപിക്കുന്നത് പരിഗണിക്കുമെന്ന് ചടങ്ങിൽ അധ്യക്ഷനായ എൻ കെ അക്‌ബർ എംഎൽഎ പറഞ്ഞു.
തുല്യത പരീക്ഷയിലൂടെ ഉന്നത ക്ലാസ്സുകളിലേക്ക് മികച്ച വിജയം നേടിയ നഗരസഭയിലെ ഹരിത കർമ്മ സേനാംഗങ്ങളായ സിമി സുനിൽ, റീന സുഭാഷ് എന്നിവരെ ചടങ്ങിൽ മന്ത്രി ആദരിച്ചു. ബയോ പാർക്കിൽ 42 ലക്ഷം രൂപ ചിലവിൽ അജൈവ മാലിന്യം തരം തിരിക്കാനുള്ള മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്റർ നിർമിച്ചു. ട്രഞ്ചിങ് ഗ്രൗണ്ടിന്റെ ബാക്കിയുണ്ടായിരുന്ന ഒരു ഭാഗത്ത് 43 ലക്ഷം രൂപ ചിലവിൽ ചിൽഡ്രൻസ് പാർക്കും സജ്ജമാക്കി. ഗുരുവായൂർ സത്യഗ്രഹത്തിലെ പ്രധാനിയായിരുന്ന എ സി രാമന്റെ പേരിലാണ് ചിൽഡ്രൻസ് പാർക്ക്. 20 ലക്ഷം ചിലവിൽ വഴിയോര വിശ്രമകേന്ദ്രവും പൂർത്തികരിച്ചു. നഗരസഭ ചെയർമാൻ എം കൃഷ്‌ണദാസ് സ്വാഗതവും സെക്രട്ടറി ബീന എസ് കുമാർ നന്ദിയും പറഞ്ഞു.