വൻതുക കുടിശികയുടെ പേരിലാണ് വാട്ടർ ചാർജ് കുത്തനെ കൂട്ടാൻ സർക്കാരിന് ഇടതുമുന്നണി അനുമതി നൽകിയിരിക്കുന്നതെങ്കിലും പിരിഞ്ഞുകിട്ടാനുള്ള തുകയിൽ 73 ശതമാനവും നൽകാനുള്ളത് സർക്കാർ ഓഫിസുകളും പൊതുമേഖലാ സ്ഥാപനങ്ങളും. 1763.71 കോടി രൂപയാണ് ജല അതോറിറ്റിക്കു പിരിഞ്ഞുകിട്ടാനുള്ളതെന്നു ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ കഴിഞ്ഞ മാസം 7നു നിയമസഭയെ അറിയിച്ചിരുന്നു. സർക്കാർ ഓഫിസുകൾ 269.75 കോടിയും തദ്ദേശസ്ഥാപനങ്ങൾ 967.78 കോടിയും പൊതുമേഖലാ സ്ഥാപനങ്ങൾ 10.43 കോടിയുമാണ് കുടിശിക വരുത്തിയിരിക്കുന്നത്. ഗാർഹിക ഉപയോക്താക്കളുടെ കുടിശിക 209.52 കോടി; ഗാർഹികേതര ഉപയോക്താക്കളുടേത് 306.23 കോടി.
എല്ലാ സർക്കാർ വകുപ്പുകൾക്കും ബജറ്റ് വിഹിതത്തിലൂടെ വാട്ടർ ചാർജും വൈദ്യുതി നിരക്കും അടയ്ക്കാനുള്ള തുക ലഭ്യമാക്കുന്നുണ്ടെങ്കിലും വാട്ടർ ചാർജ് മിക്കവരും അടയ്ക്കാറില്ല. കുടിശികയുള്ള വൈദ്യുതി കണക‍്ഷനുകൾ വിച്ഛേദിക്കുന്നതിനാൽ വൈദ്യുതി ബിൽ കൃത്യമായി അടയ്ക്കാറുമുണ്ട്. 15 വർഷമായി വാട്ടർ ചാർജ് കുടിശിക അടയ്ക്കാത്ത സ്ഥാപനങ്ങളുണ്ട്. വീഴ്ച വരുത്തിയവർക്കുള്ള ആംനെസ്റ്റി പദ്ധതി പ്രകാരം ജൂലൈ മുതൽ ഇതുവരെ പിരിക്കാനായതാകട്ടെ 30.18 കോടി മാത്രം.
കടുത്ത സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി, ലീറ്ററിന് ഒരു പൈസ വർധിപ്പിക്കുന്നതു സംബന്ധിച്ച് 3 ശുപാർശകളാണ് ജല അതോറിറ്റി നൽകിയിരുന്നത്. ഇതിലൊരെണ്ണമാണ് എൽഡിഎഫ് നേതൃയോഗം അംഗീകരിച്ചത്. നിരക്കുവർധന മന്ത്രിസഭ അംഗീകരിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങുമ്പോൾ മാത്രമേ ഏതു ശുപാർശയ്ക്കാണ് അംഗീകാരം ലഭിച്ചതെന്നു വ്യക്തമാകൂ. ഇതിനുശേഷമാകും താരിഫ് നിരക്കുകൾ പുതുക്കി നിശ്ചയിക്കുക. ലീറ്ററിന് ഒരു പൈസ കൂട്ടുമ്പോൾ വർഷം 200 – 250 കോടി രൂപയുടെ വരുമാന വർധനയാണ് ജല അതോറിറ്റി ലക്ഷ്യമിടുന്നത്.കുടിശികയിൽ മുന്നിൽ ആരോഗ്യ വകുപ്പ്
കുടിശിക വരുത്തിയ സർക്കാർ വകുപ്പുകളിൽ മുന്നിൽ ആരോഗ്യ വകുപ്പാണ്– 127.52 കോടി. പൊതുമരാമത്ത് വകുപ്പ് 24.27 കോടിയും പൊതു വിദ്യാഭ്യാസ വകുപ്പ് 13.31 കോടിയും അടയ്ക്കാനുണ്ട്. ഏറ്റവും കുറവ് സിവിൽ സപ്ലൈസ് വകുപ്പിനാണ്–1.17 ലക്ഷം. ജലവിഭവ വകുപ്പ് മന്ത്രിക്കു കീഴിലുള്ള ജലസേചന വകുപ്പും 92.15 ലക്ഷം രൂപ കുടിശിക വരുത്തിയിട്ടുണ്ട്.