24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ശബരിമല മകരവിളക്ക്‌ ഇന്ന്‌ ; മകരസംക്രമ പൂജ രാത്രി 8.45ന്‌
Kerala

ശബരിമല മകരവിളക്ക്‌ ഇന്ന്‌ ; മകരസംക്രമ പൂജ രാത്രി 8.45ന്‌

മകരവിളക്കിന്‌ ശബരിമല ഒരുങ്ങി. ലക്ഷങ്ങളെത്തുന്ന സന്നിധാനത്ത്‌, വൈകിട്ട് 6.30ന്‌ ദീപാരാധനയ്ക്കുശേഷം മകരവിളക്കുംകണ്ട്‌ തീർഥാടകർ മലയിറങ്ങും. പന്തളം കൊട്ടാരത്തിൽനിന്നുള്ള തിരുവാഭരണങ്ങൾ അണിയിച്ചുള്ള ദീപാരാധനയും വിശേഷാൽ മകരസംക്രമ പൂജയും ശനിയാഴ്ച നടക്കും. തിരുവാഭരണ ഘോഷയാത്രാസംഘത്തെ വൈകിട്ട് 5.30ന് ശരംകുത്തിയിൽ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും.

തിരുവാഭരണപ്പെട്ടി കൊടിമരചുവട്ടിൽ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണൻ, ബോർഡ് പ്രസിഡന്റ്‌ കെ അനന്തഗോപൻ, അഡ്വ. എസ്‌ എസ് ജീവൻ തുടങ്ങിയവർ സ്വീകരിച്ച്‌ ശ്രീകോവിലിലേക്ക് ആനയിക്കും. ദീപാരാധനയ്ക്കും മകരവിളക്കിനുംശേഷം രാത്രി 8.45ന്‌ മകരസംക്രമ പൂജ നടക്കും. നെയ്യഭിഷേകവും തിരുവാഭരണങ്ങൾ അണിഞ്ഞുള്ള വിഗ്രഹ ദർശനവുമുണ്ടാകും. വെള്ളിയാഴ്ച നെയ്യഭിഷേകം പകൽ 11ന്‌ അവസാനിച്ചു.

തിരക്കുനിയന്ത്രിക്കാൻ രണ്ട്‌ എസ്‌പിമാർകൂടി
രണ്ട് എസ്‌പിമാരെകൂടി സന്നിധാനത്ത്‌ ഡ്യൂട്ടിക്കായി നിയോഗിച്ചു. സ്‌പെഷ്യൽ ഓഫീസർ ഇ എസ് ബിജുമോൻ സോപാനത്തും എസ്‌പി ആർ ആനന്ദ്‌ പാണ്ടിത്താവളം ഭാഗത്തും തിരക്കുനിയന്ത്രിക്കും. പാണ്ടിത്താവളത്തുനിന്ന്‌ തീർഥാടകർ ദർശനത്തിനെത്തുന്ന വടക്കേനടയിലെ നിയന്ത്രണ ചുമതല എസ്‌പി കെ ഇ ബൈജുവിനാണ്. 21 ഡിവൈഎസ്‌പിമാർ, 36 ഇൻസ്പെക്ടർമാർ, 180 എസ്ഐമാർ ഉൾപ്പെടെ രണ്ടായിരത്തോളം പൊലീസുകാർ സന്നിധാനത്തുണ്ട്‌. എഡിജിപി എം ആർ അജിത്കുമാറിനാണ്‌ മേൽനോട്ട ചുമതല. പാണ്ടിത്താവളത്താണ് കൂടുതൽ തിരക്ക് പ്രതീക്ഷിക്കുന്നത്. നൂറ്റെട്ടുപടി, തിരുമുറ്റം എന്നിവിടങ്ങളിലും തീർഥാടകർ നിലയുറപ്പിക്കും.

പ്രവേശനം 12 വരെ
ശനി പകൽ 12 വരെയായിരിക്കും തീർഥാടകർക്ക്‌ സന്നിധാനത്തേക്ക് പ്രവേശനം. വിളക്കുകാണാൻ സന്നിധാനത്തും പരിസരത്തുമായി ലക്ഷക്കണക്കിന് തീർഥാടകർ തമ്പടിച്ചിട്ടുണ്ട്‌. എല്ലാ പോയിന്റുകളിലും സുരക്ഷ ശക്തമാണ്‌. വിളക്കിനുശേഷം മലയിറക്കത്തിന്‌ പാണ്ടിത്താവളത്തുനിന്നും സമീപത്തുനിന്നുമായി രണ്ടുപാതകളുണ്ട്‌. പാണ്ടിത്താവളം വാട്ടർ ടാങ്ക്, മാഗുണ്ട അയ്യപ്പനിലയം എന്നിവിടങ്ങളിലുള്ള തീർഥാടകർ പാണ്ടിത്താവളം ജങ്‌ഷനിൽനിന്ന്‌ തിരിഞ്ഞ് ഇൻസിനറേറ്ററിന്റെയും അന്നദാനമണ്ഡപത്തിന്റെയും പിറകിലൂടെ ബെയിലി പാലം വഴി സ്വാമി അയ്യപ്പൻ റോഡിൽ പ്രവേശിക്കണം. നൂറ്റെട്ടുപടി ആരംഭിക്കുന്നിടത്തുനിന്ന് തിരിഞ്ഞ് തീർഥാടകർ മകരജ്യോതി ഗസ്റ്റ്ഹൗസിനുപിറകിലൂടെ പുതിയ ട്രാക്ടർ റോഡിലൂടെയെത്തി മലയിറങ്ങണം. ഇതുവഴിയുള്ള ട്രാക്ടർ യാത്രയോ സന്നിധാനത്തേക്കുള്ള യാത്രയോ അനുവദിക്കില്ല.

Related posts

വീണ്ടും ഓൺലൈൻ വായ്പക്കെണി ; വായ്‌പ വാഗ്‌ദാനം നിരസിച്ചതിന്‌ മോർഫ്‌ ചെയ്‌ത ചിത്രം പ്രചരിപ്പിച്ചു

Aswathi Kottiyoor

ജനങ്ങളുമായി കാര്യങ്ങൾ പങ്കുവയ്ക്കാനാണ് സർക്കാർ മുൻതൂക്കം നൽകുന്നത്: മുഖ്യമന്ത്രി

Aswathi Kottiyoor

ഇന്ധന വില വർധന: സിപിഐ എം നേതൃത്വത്തിൽ അടുപ്പുകൂട്ടി സമരം സംഘടിപ്പിക്കും…………

Aswathi Kottiyoor
WordPress Image Lightbox