ഭക്തലക്ഷങ്ങൾക്ക് ദർശനസായൂജ്യമായി പൊന്നമ്പലമേട്ടില്‍ മകരവിളക്ക് തെളിഞ്ഞു. പൊന്നമ്പലമേട്ടിലും സന്നിധാനത്തും മകരജ്യോതി കാണാവുന്ന സ്ഥലങ്ങളെല്ലാം ഭക്തരെക്കൊണ്ടു നിറഞ്ഞിരുന്നു. മകരവിളക്ക് കണ്ട് അയ്യനെ തൊഴുന്നതിനായുള്ള നീണ്ട രണ്ട് വർഷത്തെ ഭക്തരുടെ കാത്തിരിപ്പിനാണ് വിരമമായത്.
തിരുവാഭരണ ഭൂഷിതനായ അയ്യപ്പനെ ദീപാരാധന തൊഴുതതിന് ശേഷമായിരുന്നു മകരവിളക്ക് തെളിഞ്ഞത്. ശരണം വിളികളോടെ പൊന്നമ്പലമേട്ടിൽ തെളിച്ച മകരജ്യോതി ഭക്തർ ദർശിച്ചു.
ജ്യോതി ദര്‍ശനം സാധ്യമായ സ്ഥലങ്ങളിലെല്ലാം അയ്യപ്പഭക്തര്‍ പർണശാലകൾ തീർത്ത് ക്യാമ്പ് ചെയ്തിരിക്കുകയായിരുന്നു. ശബരിമല സന്നിധാനം, പമ്പ എന്നി വയ്ക്കു പുറമേ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മകരജ്യോതി ദർശനം സാധ്യമായ സ്ഥലങ്ങളിലെല്ലാം ഭക്തരുടെ തിരക്കുണ്ടായിരുന്നു. എരുമേലിയില്‍ പേട്ട തുള്ളി കാനനപാതയിലൂടെ എത്തിയ അയ്യപ്പഭക്തര്‍ പമ്പസദ്യയും പമ്പവിളക്കും കഴിഞ്ഞാണ് ഇന്നലെ മല കയറിയത്.
രാത്രി 8.45നാണ് മകര സംക്രമ പൂജ. മകരജ്യോതിദർശനത്തിനായുള്ള വൻ ഭക്തജനത്തിരക്ക് കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയിൽ ചെയ്തിരിന്നത്.