21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ലക്ഷദ്വീപ് എംപി രഹസ്യമായി ആറളത്ത്; സന്ദർശനം 23 തവണ, ജ്വല്ലറി ഉടമകളുടെ സാന്നിധ്യം
Kerala

ലക്ഷദ്വീപ് എംപി രഹസ്യമായി ആറളത്ത്; സന്ദർശനം 23 തവണ, ജ്വല്ലറി ഉടമകളുടെ സാന്നിധ്യം

വധശ്രമക്കേസിൽ 10 വർഷത്തേക്കു ശിക്ഷിക്കപ്പെട്ട് കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ലക്ഷദ്വീപ് എംപിയും എൻസിപി നേതാവുമായ പി.പി.മുഹമ്മദ് ഫൈസൽ 2019–22ൽ 23 തവണ കണ്ണൂർ ആറളം വന്യ ജീവി സങ്കേതത്തിലെ വനം വകുപ്പ് ഇൻസ്പെക‍്‍ഷൻ ബംഗ്ലാവിൽ (ഐബി) രഹസ്യമായി എത്തിയിരുന്നതായി സൂചന. സന്ദർശനങ്ങളെക്കുറിച്ചും എംപി ഉള്ള സ്ഥലങ്ങളിൽ ചില ജ്വല്ലറി ഉടമകളുടെ സാന്നിധ്യം ഉണ്ടായിരുന്നതിനെക്കുറിച്ചും കേന്ദ്ര ഏജൻസികളായ റിസർച് ആൻഡ് അനാലിസിസ് വിങ്ങും (റോ) ദേശീയ അന്വേഷണ ഏജൻസിയും (എൻഐഎ) അന്വേഷണം നടത്തിയിരുന്നു.

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് വന്യജീവി സങ്കേതത്തിലേക്ക് എംപി പോയിരുന്നത് വനം വകുപ്പിന്റെ ഔദ്യോഗിക വാഹനത്തിൽ ആയിരുന്നുവെന്നാണ് അറിയുന്നത്. ഐബിയിൽ താമസിച്ചിരുന്ന എംപിയുടെ തിരിച്ചുള്ള യാത്രകളും വനം വകുപ്പ് വാഹനത്തിൽത്തന്നെ ആയിരുന്നു. ഇതേ വാഹനത്തിൽ കണ്ണൂർ തയ്യിലിലെ റിസോർട്ടിലേക്കും മാനന്തവാടിയിലേക്കും പോയിരുന്നതായി വനം ജീവനക്കാർ സമ്മതിക്കുന്നു. എന്നാൽ, ഐബിയിലെ റജിസ്റ്ററിൽ ഈ സന്ദർശനങ്ങൾ ഒന്നു പോലും രേഖപ്പെടുത്തിയിട്ടില്ല.

ആറളം കൂടാതെ, അടുത്ത സൗഹൃദമുള്ള ഡിഎഫ്ഒ ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലും എംപി താമസിച്ചിട്ടുണ്ട്. മാവോയിസ്റ്റ് ഭീഷണിയുള്ള ഡിഎഫ്ഒയ്ക്ക് പ്രത്യേകം നൽകിയിരിക്കുന്ന സുരക്ഷാ ഗാർഡുകളെ പോലും എംപി എത്തുമ്പോൾ ഒഴിവാക്കിയിരുന്നു എന്നാണ് വിവരം. ഒരു തവണ എംപി എത്തിയപ്പോൾ ആറളത്ത് പരിശോധന നടത്താൻ കേന്ദ്ര ഏജൻസി ഉദ്യോഗസ്ഥർ തയാറെടുത്തിരുന്നു. ഇതു മുൻകൂട്ടി മനസ്സിലാക്കിയ എംപി വേഗം മടങ്ങി. ഇതു സംബന്ധിച്ച് വനം വകുപ്പിലെ ഉന്നതർക്കും വിവരങ്ങളുണ്ട്.

മറ്റൊരിക്കൽ നിലമ്പൂർ സൗത്ത് ഡിവിഷനിൽ എംപിക്ക് താമസസൗകര്യം നൽകാൻ വേണ്ടി ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥന്റെ ബന്ധുക്കളെ അവിടെനിന്ന് ഇറക്കി വിടാനുള്ള ശ്രമമുണ്ടായത് വിവാദമായിരുന്നു. ആറളത്ത്, ഒടുവിലായി മുഹമ്മദ് ഫൈസൽ എത്തിയ ദിവസം സിനിമാ നിർമാതാവും ജ്വല്ലറി ഉടമയും ഒപ്പം എത്തിയിരുന്നു എന്ന് വനം ജീവനക്കാർ വ്യക്തമാക്കുന്നു. ഇക്കാര്യങ്ങളെല്ലാം ഉന്നത ഉദ്യോഗസ്ഥർക്ക് റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്.

ഐബി രജിസ്റ്ററിൽ പേരില്ല

വനം വകുപ്പിന്റെ ഐബികൾ ഓൺലൈൻ സംവിധാനത്തിലൂടെയാണ് ബുക്ക് ചെയ്യുന്നത്. മുറികൾ ഒഴിവുണ്ടെങ്കിൽ ആവശ്യപ്പെടുന്നവർക്ക് നേരിട്ടും അനുവദിക്കാം. ഐബിയിലെ റജിസ്റ്ററിൽ പേര് രേഖപ്പെടുത്തി, ഫീസും ഒടുക്കണം. എന്നാൽ. മുഹമ്മദ് ഫൈസൽ ആറളത്ത് എത്തിയതു സംബന്ധിച്ച് ഒരു രേഖ പോലും ഇല്ല.

Related posts

സ്വര്‍ണവില കുറഞ്ഞു

Aswathi Kottiyoor

ഈവർഷത്തെ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷാഫലം വൈകും………

Aswathi Kottiyoor

ജൈവ വൈവിധ്യ കോണ്‍ഗ്രസ്: വിദ്യാര്‍ഥികള്‍ക്ക് വിവിധ മത്സരങ്ങള്‍*

Aswathi Kottiyoor
WordPress Image Lightbox