കേന്ദ്ര സർക്കാരിനും ഏജൻസികൾക്കും ഉപയോഗിക്കാവുന്ന ധനസമ്പാദന മാർഗങ്ങൾ സംസ്ഥാന സ്ഥാപനമായ കിഫ്‌ബിക്ക് പാടില്ലെന്നത് ഇരട്ടത്താപ്പ്. ദേശീയപാതാ അതോറിറ്റി തുടങ്ങിയവ വഴി 3.06 ലക്ഷം കോടിയിൽപ്പരം രൂപ കടമെടുത്തിട്ടുള്ള കേന്ദ്രസർക്കാർ, കിഫ്‌ബി വായ്‌പകൾ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽപ്പെടുത്തി സംസ്ഥാനത്തിന് വായ്‌പപോലും നിഷേധിക്കുകയാണ് .
ഇത്തരം കടത്തിലെ കേന്ദ്രത്തിന്റെ ആന്വിറ്റി ബാധ്യത 44,051 കോടി രൂപയാണ്. കേന്ദ്ര ഏജൻസികൾ ബജറ്റിനു പുറത്ത് എടുത്ത വായ്‌പകൾക്ക് കേന്ദ്ര സർക്കാർ ഗഡുക്കളായി അടയ്‌ക്കേണ്ട വാർഷിക ബാധ്യതയാണിത്. 2021–- 22 വരെയുള്ള കുടിശ്ശിക 38,776 കോടി രൂപ. തൻവർഷ ബാധ്യത 5275 കോടി രൂപ. കേന്ദ്രത്തിന്റെ ആകെ ആന്വിറ്റി ബാധ്യത 8.5 ലക്ഷം കോടിയാണ്.
ആർബിഐ കണക്കുപ്രകാരം 2021-–-22ലെ കേന്ദ്ര സർക്കാരിന്റെ സഞ്ചിത ബാധ്യത 140 ലക്ഷം കോടി രൂപയാണ്–- ജിഡിപിയുടെ 71 ശതമാനം. 2022–-23 ബജറ്റ് രേഖകളനുസരിച്ച് ഇത് 152 ലക്ഷം കോടിയാകും. എൻഎച്ച്‌എഐ റോഡ് പണിയാൻ എടുക്കുന്ന കടം കേന്ദ്ര ബാധ്യതയിൽ കാണിക്കുന്നില്ല. ഇതേ ആവശ്യത്തിന് കിഫ്‌ബി എടുക്കുന്ന വായ്‌പ സംസ്ഥാനത്തിന്റെ കടമാക്കണമെന്നും കേന്ദ്രം വാശി പിടിക്കുന്നു.
കിഫ്ബി വായ്‌പയുടെ മുതലും പലിശയും നൽകുന്നത് സംസ്ഥാന ബജറ്റിൽനിന്നല്ല. സംസ്ഥാന സർക്കാർ കിഫ്ബിക്ക് നിശ്ചിത നികുതിവിഹിതം നൽകുന്നു. കിഫ്ബി ഏറ്റെടുത്തവയിൽ 21,346 കോടി രൂപയുടെ പദ്ധതികൾ വരുമാനം ഉറപ്പാക്കുന്നവയാണ്. ഇവയിൽനിന്ന് 762 കോടി രൂപ വരുമാനമായി ലഭിച്ചിട്ടുമുണ്ട്. ഇതാണ് തിരിച്ചടവ് മാർഗം.