23.6 C
Iritty, IN
July 6, 2024
  • Home
  • Kerala
  • വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ രണ്ടുവർഷം വേണമെന്ന്‌ കെഎസ്‌ആർടിസി
Kerala

വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാൻ രണ്ടുവർഷം വേണമെന്ന്‌ കെഎസ്‌ആർടിസി

കെഎസ്‌ആർടിസിയിൽനിന്ന്‌ വിരമിച്ചവരുടെ പെൻഷൻ ആനുകൂല്യങ്ങളുടെ കുടിശ്ശിക കൊടുത്തുതീർക്കാൻ രണ്ടു വർഷത്തെ സമയം ആവശ്യമെന്ന്‌ കെഎസ്‌ആർടിസി ഹൈക്കോടതിയെ അറിയിച്ചു. സീനിയോറിറ്റിയും അടിയന്തര സാഹചര്യവും അടിസ്ഥാനമാക്കി നിശ്ചിതകാലം നിർണയിച്ച് തീർപ്പാക്കുന്ന പെൻഷണറി ബെനഫിറ്റ്‌സ് സ്‌കീമാണ് കെഎസ്ആർടിസി എംഡി ഹൈക്കോടതിയുടെ അനുമതിക്ക്‌ സമർപ്പിച്ചു. എന്നാൽ, പെൻഷൻ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതുസംബന്ധിച്ച്‌ സുപ്രീംകോടതി ഉത്തരവ്‌ നിലവിലുള്ളതിനാൽ കൂടുതൽ സമയം അനുവദിക്കാനാകില്ലെന്ന്‌ കോടതി പറഞ്ഞു.

കെഎസ്‌ആർടിസിയുടെ ദിവസകലക്‌ഷനിൽനിന്ന്‌ 10 ശതമാനം തുക നീക്കിവയ്‌ക്കണമെന്നും ഇത്‌ വിരമിച്ചവരുടെ ആനുകൂല്യങ്ങൾ നൽകാൻ ഉപയോഗിക്കണമെന്നുമാണ്‌ സുപ്രീംകോടതി വിധി. ഇതിൽ ഇളവ്‌ തേടി സുപ്രീംകോടതിയെ സമീപിക്കാൻ സമയം അനുവദിക്കണമെന്ന്‌ കെഎസ്‌ആർടിസി ആവശ്യപ്പെട്ടു. അതനുസരിച്ച്‌ ഹർജി വീണ്ടും പരിഗണിക്കാൻ 31ലേക്ക്‌ മാറ്റി. വിരമിച്ചവരുടെ ആനുകൂല്യങ്ങൾ നാലുമാസത്തിനകം നൽകണമെന്ന സിംഗിൾ ബെഞ്ചിന്റെ വിധി പുനഃപരിശോധിക്കാൻ കെഎസ്ആർടിസി നൽകിയ ഹർജിയിലാണ്‌ ഹൈക്കോടതി നിർദേശപ്രകാരം പദ്ധതി സമർപ്പിച്ചത്.

ഇതനുസരിച്ച്‌ സീനിയോറിറ്റി അടിസ്ഥാനമാക്കി 38 പേർക്കും അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഏഴുപേർക്കുമുൾപ്പെടെ 45 ജീവനക്കാർക്ക് ഓരോമാസവും വിരമിക്കൽ ആനുകൂല്യം നൽകാൻ രണ്ടു വർഷത്തെ സമയം വേണമെന്നാണ്‌ ആവശ്യം. രണ്ടു വർഷത്തിനുള്ളിൽ 540 പേർക്ക്‌ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകാനാകും. ഇതിന്‌ മാസംതോറും 3.46 കോടി രൂപ വേണം. ഇതനുസരിച്ച്‌ 2022 നവംബർ 30 വരെയുള്ള ആനുകൂല്യങ്ങൾ നൽകാൻ 83.10 കോടി രൂപ ആവശ്യമുണ്ട്‌. ശമ്പളം, സ്പെയർപാർട്‌സുകൾ, ഇന്ധനം തുടങ്ങിയവയ്‌ക്ക് ചെലവിടുന്ന തുകയ്‌ക്കുപുറമെ മാസംതോറും 3.46 കോടി രൂപ പെൻഷൻ ആനുകൂല്യങ്ങൾക്കായി ചെലവിടുന്നുണ്ട്. അധികവരുമാനം കണ്ടെത്താൻ കൂടുതൽ സർവീസ് നടത്തുന്നുണ്ട്. 2022ൽ ശരാശരി 3700 ബസുകൾ സർവീസ്‌ നടത്തിയിടത്ത്‌ ഈ വർഷം 4400 സർവീസുകളാക്കി. മാസംതോറും 3.46 കോടി രൂപ സർക്കാർ സഹായംകൂടി ലഭിച്ചാൽ പെൻഷൻ ആനുകൂല്യങ്ങൾ ഒരു വർഷംകൊണ്ട്‌ കൊടുത്തുതീർക്കാനാകും. അടുത്ത ഏപ്രിലിൽ 128 ജീവനക്കാരും മേയിൽ 520 ജീവനക്കാരും വിരമിക്കുന്നുണ്ടെന്നും കെഎസ്ആർടിസിയുടെ റിപ്പോർട്ടിൽ പറയുന്നു.

Related posts

അങ്കമാലി- ശബരി റെയിൽ പദ്ധതി: വിശദമായ റിപ്പോർട്ട് സമർപ്പിച്ചുവെന്ന് മുഖ്യമന്ത്രി

Aswathi Kottiyoor

ട്രെയിൻ യാത്രക്കിടെ കാണാതായി; പാലക്കാട്ടുനിന്ന് നടന്ന് അനിൽ ആറന്മുളയിലെ വീട്ടിലെത്തി.*

Aswathi Kottiyoor

റെയിൽവേയിൽ ഒഴിവുള്ള തസ്തികകൾ സറണ്ടർ ചെയ്യാൻ നിർദേശം

Aswathi Kottiyoor
WordPress Image Lightbox