: കേരളത്തിൽ ഇപ്പോൾ പുലർകാലങ്ങളിൽ അനുഭവപ്പെടുന്ന തണുപ്പിനു കാരണം ഉത്തരേന്ത്യയിലെ ശൈത്യതരംഗമാണെന്ന് കാലാവസ്ഥ ാവിദഗ്ധർ. ഈ പ്രതിഭാസം ഒരാഴ്ച തുടരുമെന്ന് കുസാറ്റ് അഡ്വാൻസ്ഡ് സെന്റർ ഫോർ അറ്റ്മോസ്ഫിയറിക് റഡാർ റിസർച്ച് അസോസിയേറ്റ് ഡയറക്ടർ ഡോ. എസ്. അഭിലാഷ് പറഞ്ഞു.
കൊച്ചി ഉൾപ്പെടെയുള്ള നഗരങ്ങളിൽ രണ്ടുദിവസങ്ങളായി പുലർച്ചെ മുതൽ നല്ല തണുപ്പാണ് അനുഭവപ്പെടുന്നത്. ഇത് ഒന്പതുമണിവരെ തുടരുന്നുണ്ട്. മൂന്നാറിൽ തണുപ്പ് മൈനസ് ഡിഗ്രിയിൽ എത്തിയിരുന്നു. ഒരാഴ്ചയ്ക്കുശേഷം കേരളത്തിൽ ഇപ്പോൾ അനുഭവപ്പെടുന്ന തണുപ്പിൽ മാറ്റമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ധർ പറയുന്നത്.
മുൻവർഷങ്ങളെ അപേക്ഷിച്ച് തീരപ്രദേശങ്ങളിൽ ശൈത്യത്തിന്റെ അളവിന് ഒന്നു മുതൽ രണ്ടുഡിഗ്രിവരെ കുറവാണ് ഇത്തവണ ഉണ്ടായിട്ടുള്ളത്. പത്തനംതിട്ട, പുനലൂർ, ഇടുക്കി, പാലക്കാട് എന്നീ പ്രദേശങ്ങളിൽ മൂന്നുമുതൽ ആറ് ഡിഗ്രി വരെയാണ് ശൈത്യത്തിന്റെ അളവിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്.
സമശീതോഷ്ണ മേഖലയിൽ നിന്നു കാറ്റ് ഉഷ്ണമേഖലയുടെ തെക്കു ഭാഗത്തേക്കു വ്യാപിക്കുന്നതാണ് ശൈത്യതരംഗത്തിനു കാരണം. അതേസമയം നഗരപ്രദേശങ്ങളിൽ മലിനീകരണത്തിന്റെ തോത് കൂടുതലാണ്. തണുപ്പു കൂടുന്നതോടൊപ്പം മലിനീകരണവും ഉണ്ടാകുന്നതാണ് മൂടൽമഞ്ഞ് കൂടുതലായി രൂപപ്പെടാനുള്ള കാരണം.
വടക്കൻ കരഭാഗത്തു നിന്നുള്ള വരണ്ട കാറ്റ് കർണാടക കടന്ന് കേരളത്തിലേക്ക്എത്തുന്നതാണ് പുലർച്ചെ തണുപ്പു വർധിക്കാൻ കാരണമെന്ന് തിരുവനന്തപുരം കാലാവസ്ഥാ പഠനകേന്ദ്രം ഡയറക്ടർ സന്തോഷ് പറഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങൾ സാധാരണ തണുപ്പു കാലങ്ങളാണ്. തണുപ്പുകാലത്ത് രാവിലത്തെ താപനില കുറയും. പുലർച്ചെയുള്ള കാറ്റും ശക്തമല്ല. ഈ ഘടകങ്ങളെല്ലാം പുലർച്ചെയുള്ള തണുപ്പ് വർധിക്കാൻ ഇടയാക്കും.
എന്താണ് ശൈത്യതരംഗം?
10 ഡിഗ്രിയിൽ താഴെ താപനില എത്തുന്നതിനാണ് ശൈത്യതരംഗം എന്നു പറയുക. പകൽ താപനില തുടർച്ചയായി സാധാരണയിൽ നിന്ന് 4.5 ഡിഗ്രി സെൽഷ്യസ് കുറയുക എന്നതും ഇതിന്റെ മാനദണ്ഡമാണ്. ഉത്തരേന്ത്യയിലെ ശൈത്യതരംഗത്തിന് കാരണം പശ്ചിമവാതത്തിന്റെ സാന്നിധ്യമാണ്. ശൈത്യതരംഗത്തിന്റെ ഭാഗമായി വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഉൾപ്പെടെ പുകമഞ്ഞും സജീവമാണ്.