24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരെ പിടികൂടാൻ ആരോഗ്വവകുപ്പ്
Kerala

ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് ചെയ്യുന്ന ഡോക്ടർമാരെ പിടികൂടാൻ ആരോഗ്വവകുപ്പ്

തിരുവനന്തപുരം : ലക്ഷങ്ങൾ ശമ്പളം വാങ്ങിയ ശേഷം, സർക്കാരാശുപത്രിയിലെത്തുന്ന പാവപ്പെട്ട രോഗികളെ ചികിത്സിക്കാതെ സ്വകാര്യ പ്രാക്ടീസിന് പോവുന്ന ഡോക്ടർമാരെ പിടികൂടാൻ നടപടികളുമായി ആരോഗ്യവകുപ്പ്. ആദ്യ ഘട്ടത്തിൽ മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാർക്കെതിരെയാവും നടപടികൾ. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ക്ലിനിക്കൽ ഡ്യൂട്ടിയ്ക്ക് കൃത്യസമയത്ത് എത്താത്തവരെയും ഡ്യൂട്ടി സമയത്ത് സ്വകാര്യ പ്രാക്ടീസ് നടത്തുന്നവരെയും പിടിക്കാൻ സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ അഭ്യന്തര ഓഡിറ്റ് നടത്തും.

ആദ്യഘട്ടമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ഈമാസം ഒന്ന് മുതൽ 15വരെയുള്ള ഡോക്ടർമാരുടെ പ്രവർത്തനങ്ങളാണ് വിലയിരുത്തുന്നത്. ഇതിനായി പ്രത്യേക ഫോർമാറ്റ് നൽകിയിട്ടുണ്ട്. ഓരോ ദിവസവും ചെയ്ത ജോലി വേർതിരിച്ച് പ്രത്യേകം രേഖപ്പെടുത്താനുള്ള സൗകര്യം ഇതിലുണ്ട്. ഈ മാസം 15ന് ശേഷം വകുപ്പ് മേധാവിമാർക്ക് ഇത് സമർപ്പിക്കണമെന്നാണ് നിർദ്ദേശം.

വകുപ്പ് മേധാവിമാർ ഇത് പ്രിൻസിപ്പലിന് കൈമാറണം. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ (ഡി.എം.ഇ) നിർദ്ദേശപ്രകാരം പ്രിൻസിപ്പലാണ് ഇന്റേണൽ ഓഡിറ്റ് നടത്തുന്നത്. വരും ദിവസങ്ങളിൽ മറ്റ് മെഡിക്കൽ കോളേജുകളിലും സമാനമായ രീതിയിൽ ഓഡിറ്റ് ആരംഭിക്കും. രാവിലെ എട്ട് മുതൽ വൈകിട്ട് 3വരെയാണ് മെഡിക്കൽ കോളേജ് ആശുപത്രികളിൽ വകുപ്പ് മേധാവിമാർ ഉൾപ്പടെയുള്ള ഡോക്ടർമാരുടെ ഡ്യൂട്ടി സമയം.

എന്നാൽ പലരും ഇത് പാലിക്കുന്നില്ല. ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം രാവിലെ എട്ട് മണിയ്ക്ക് ജോലിയ്ക്ക് എത്താൻ ഡോക്ടർമാർക്ക് കഴിയാതെ വന്നാൽ വകുപ്പ് മേധാവിയ്ക്ക് പരമാവധി അരമണിക്കൂർ ഇളവ് നൽകാം. അതിൽ കൂടുതൽ വേണമെങ്കിൽ പ്രിൻസിപ്പലിന്റെ അനുമതി വേണം. ഇന്റേണൽ ഓഡിറ്റ് ആരംഭിക്കുന്നതിന് മുന്നോടിയായി തിരുവനന്തപുരം മെഡിക്കൽ കോളജിൽ എല്ലാവിഭാഗം ഡോക്ടർമാരുടെയും യോഗം പ്രിൻസിപ്പലിന്റെ അദ്ധ്യക്ഷതയിൽ ചേർന്നിരുന്നു.

രാവിലെ 10ന് എത്തി ഉച്ചയ്ക്ക് ഒന്നിന് മടങ്ങുന്നവരാണ് ഏറെയും. മറ്റു ചിലർ കൃത്യമായി എത്താറുമില്ല. എന്നാൽ ഒരു വിഭാഗം കൃത്യമായി ഡ്യൂട്ടിക്ക് എത്തുകയും അധിക സമയം കൂടി ജോലി ചെയ്താണ് മടങ്ങുന്നത്. പണി എടുക്കുന്നവർ ഇരട്ടി പണിയെടുക്കേണ്ടിവരുമ്പോൾ മറ്റുള്ളവർ പണിയെടുക്കാതെ ശമ്പളം വാങ്ങുന്നതിനെതിരെ ഡോക്ടർമാർക്കിടയിൽ തന്നെ അസ്വാരസ്യങ്ങളുണ്ട്. 12 മണിക്കൂറിലേറെ ജോലി ചെയ്യുന്ന ഡോക്ടർമാരുണ്ടെന്നും അവരുടെ വ്യക്തത വേണമെന്നും വകുപ്പ് മേധാവിമാർ ഉൾപ്പടെ ഡി.എം.ഒയെ അറിയിച്ചിരുന്നു.

ഡോക്ടർമാർക്ക് പഞ്ചിംഗ് ഏർപ്പെടുത്തി സ്പാർക്കുമായി സർക്കാരിന്റെ പരിഗണനയിലാണ്. എന്നാൽ ഡോക്ടർമാർക്ക് കൃത്യമായി ജോലി സമയം നിശ്ചയിക്കാനാകില്ലെന്നും ശസ്ത്രക്രിയ ദിവസങ്ങളിൽ മണിക്കൂറുകളോളം അധികമായി ജോലി ചെയ്യുന്നത് കണക്കിലെടുക്കണമെന്നും ആവശ്യം ഉയർന്നിരുന്നു.ഇത്തരത്തിൽ അധിക സമയം ജോലി ചെയ്യുന്ന എത്ര പേരുണ്ട് എന്നത് ഉൾപ്പെടെ വിലയിരുത്താനാണ് ഇന്റേണൽ ഓഡിറ്റ്

Related posts

നാഗസാക്കി ദുരന്തത്തിന്റെ ഓര്‍മയ്ക്ക് ഇന്ന് 78 വയസ്

Aswathi Kottiyoor

പാല്‍ച്ചുരത്ത് ഭാരം കയറ്റി വരികയായിരുന്ന പിക്കപ്പ് ജീപ്പിന്റെ ബ്രേക്ക് നഷ്ട്ടപ്പെട്ട് അപകടം

Aswathi Kottiyoor

സെഞ്ച്വറിയടിച്ച്‌ ആനവണ്ടി വിനോദയാത്ര: വരുമാനം 75 ലക്ഷം, സഞ്ചാരികള്‍ 4500

Aswathi Kottiyoor
WordPress Image Lightbox