ശിശുസൗഹൃദ കേരളമാണ് ലക്ഷ്യമെന്നും എല്ലാ ജില്ലയിലും ശിശുപരിപാലന കേന്ദ്രങ്ങൾ തുടങ്ങുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ശിശുക്ഷേമ സമിതിക്കായി നിർമിച്ച പുതിയ കെട്ടിടം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുഞ്ഞുങ്ങളെ ഏറ്റെടുക്കാനുള്ള അമ്മത്തൊട്ടിൽ ജില്ല, താലൂക്ക് ആശുപത്രികളോടും ചേർന്ന് ആരംഭിക്കും. ആരോഗ്യം, വിദ്യാഭ്യാസം ഉൾപ്പെടെ എല്ലാ രംഗങ്ങളിലും മികവുറ്റ ഭാവിതലമുറയെ വാർത്തെടുക്കും. ഇതിന്റെ ഭാഗമായാണ് അങ്കണവാടികൾ സ്മാർട്ടാക്കുന്നതടക്കമുള്ള നടപടികൾ. എല്ലാ പഞ്ചായത്തിലും വാർഷിക പദ്ധതിക്കൊപ്പം ബാലസുരക്ഷാ സ്ഥിതിവിവര റിപ്പോർട്ടും പ്രസിദ്ധീകരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ശിശുക്ഷേമ സമിതിക്കായി കെട്ടിടം നിർമിച്ച അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷനെ അഭിനന്ദിച്ചു. മന്ത്രി വീണാ ജോർജ് അധ്യക്ഷയായി. മന്ത്രി വി ശിവൻകുട്ടി, മേയർ ആര്യ രാജേന്ദ്രൻ, ലുലു ഫിനാൻഷ്യൽ എംഡി അദീബ് അഹമ്മദ്, ഷഫീന യൂസഫലി, വനിതാ ശിശുവികസന വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി റാണി ജോർജ്, വനിതാ ശിശുവികസന വകുപ്പ് ഡയറക്ടർ ജി പ്രിയങ്ക എന്നിവർ സംസാരിച്ചു.
ശിശുക്ഷേമ സമിതിക്ക് താങ്ങായി അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ
തലസ്ഥാനത്തെ ശിശുക്ഷേമ സമിതിയിലെ കുട്ടികൾക്ക് താങ്ങും തണലുമായി അദീബ് ആൻഡ് ഷഫീന ഫൗണ്ടേഷൻ. ഫൗണ്ടേഷൻ സംസ്ഥാന ശിശുക്ഷേമ സമിതിക്ക് നാലരക്കോടി രൂപയിൽ നിർമിച്ചുനൽകിയ അത്യാധുനിക സൗകര്യങ്ങളുള്ള ബഹുനില മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
ഷഫീന 2018–-19ൽ ശിശുക്ഷേമ സമിതി സന്ദർശിച്ചപ്പോൾ ആറുവയസ്സുകഴിഞ്ഞ കുട്ടികളെ അവിടെ പഠിപ്പിക്കാനാകുന്നില്ലെന്ന് മനസ്സിലായി. തുടർന്നാണ് ആറുമുതൽ 18വരെ പ്രായമുള്ള, പ്രത്യേക ശ്രദ്ധയയും പരിചരണവും ആവശ്യമുള്ള കുട്ടികളെ സംരക്ഷിക്കാനും അവർക്ക് വിദ്യാഭ്യാസം, തൊഴിൽ നൈപുണ്യം എന്നിവ ലഭ്യമാക്കാനും അവരെ പുനരധിവസിപ്പിക്കാനും മികച്ച സൗകര്യമുള്ള കെട്ടിടം നിർമിക്കാൻ തീരുമാനിച്ചത്. അക്കാലത്ത് ഫൗണ്ടേഷന് ഒരുവർഷം അഞ്ചുകോടി രൂപയേ ചെലവാക്കാനാകുമായിരുന്നുള്ളൂ. അതിനാൽ പ്രത്യേക പദ്ധതി ആവിഷ്കരിക്കുകയായിരുന്നു–- അദീബ് അഹമ്മദ് പറഞ്ഞു.