24.5 C
Iritty, IN
October 5, 2024
  • Home
  • Kerala
  • പതിച്ചുനൽകിയ കൃഷിഭൂമിയിൽ ഇളവ്; 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തും.*
Kerala

പതിച്ചുനൽകിയ കൃഷിഭൂമിയിൽ ഇളവ്; 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾ ക്രമപ്പെടുത്തും.*


തിരുവനന്തപുരം ∙ കൃഷിക്കു പതിച്ചുനൽകിയ ഭൂമി മറ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാനും ജീവിതോപാധിക്കായി നിർമിച്ച 1500 ചതുരശ്ര അടി വരെയുള്ള നിർമാണങ്ങൾ ക്രമപ്പെടുത്താനുമായി 1960 ലെ ഭൂമിപതിവു നിയമത്തിലും 1964 ലേത് ഉൾപ്പെടെയുള്ള അനുബന്ധ ചട്ടങ്ങളിലും സർക്കാർ ഭേദഗതി കൊണ്ടുവരും. 1500 ചതുരശ്ര അടിയിലേറെ വിസ്തീർണമുള്ള നിർമാണങ്ങൾ ഉയർന്ന ഫീസ് ഈടാക്കി ക്രമപ്പെടുത്തുന്നതു പരിഗണിക്കാനും മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.പുതിയ ചട്ടങ്ങൾ സംസ്ഥാനത്തിനാകെ ബാധകമാകുംവിധത്തിൽ തയാറാക്കാനാണ് റവന്യു -നിയമ വകുപ്പു സെക്രട്ടറിമാർക്കുള്ള മുഖ്യമന്ത്രിയുടെ നിർദേശം. ഭേദഗതി ബിൽ 23നു തുടങ്ങുന്ന നിയമസഭാ സമ്മേളനത്തിൽ അവതരിപ്പിക്കും.

വക മാറ്റിയുള്ള ഉപയോഗം ക്രമപ്പെടുത്താനുള്ള ചട്ടങ്ങളുണ്ടാക്കാൻ സർക്കാരിന് അധികാരം നൽകുന്ന വകുപ്പ് അടിസ്ഥാനനിയമത്തിൽ ചേർക്കാനാണു ഭേദഗതി. ഇതിന്റെ തുടർച്ചയായി ഇരുപതിലേറെ ഭൂപതിവു ചട്ടങ്ങളും ആവശ്യമെങ്കിൽ ഭേദഗതി ചെയ്യും. ഇടുക്കി ജില്ലയിലെ ഭൂവിനിയോഗം സംബന്ധിച്ച വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ യോഗത്തിലാണ് ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.

ഭൂപതിവു നിയമവുമായി ബന്ധപ്പെട്ടതിൽ പ്രധാനപ്പെട്ടതാണ് 1964 ലെ ചട്ടം. സ്വകാര്യ വ്യക്തികൾക്കും കുടുംബങ്ങൾക്കും പഞ്ചായത്തുകളിൽ പതിച്ചുനൽകിയ ഭൂമി കൃഷി, വീട്, വഴി എന്നീ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ അനുവദിക്കുന്ന ഈ ചട്ടപ്രകാരം ഏറെ ഭൂമിയും പതിച്ചുനൽകിയത് ഇടുക്കി ജില്ലയിലാണ്.

മുൻപു കൃഷിക്കു പതിച്ചുനൽകിയതും ഇപ്പോൾ കൃഷി നടത്താത്തതുമായ ഭൂമി മറ്റ് ആവശ്യങ്ങൾക്കായി മാറ്റി ഉപയോഗിക്കാനാകുംവിധമാകും നിയമഭേദഗതിയെന്ന് വാർത്തക്കുറിപ്പിൽ സർക്കാർ വ്യക്തമാക്കി. ഭേദഗതി വരുന്നതോടെ 1960 മുതലുള്ള നിയമവിരുദ്ധ നിർമാണങ്ങളും മറ്റ് ആവശ്യങ്ങൾക്കു വകമാറ്റി ഉപയോഗിച്ച ഭൂമിയും ക്രമപ്പെടുത്തി നൽകാനുള്ള വ്യവസ്ഥ നിയമത്തിന്റെ ഭാഗമാകും.

ക്രമവൽക്കരണ അപേക്ഷയ്ക്കായി ഫീസും ക്രമവൽക്കരിക്കാൻ പ്രത്യേക ഫീസും ഈടാക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾ ചട്ടത്തിൽ ഉൾപ്പെടുത്തുമെന്നു മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.പൊതു കെട്ടിടങ്ങൾ’ പ്രത്യേക വിഭാഗം

ഭേദഗതി പ്രകാരമുള്ള ക്രമപ്പെടുത്തലിൽ ‘പൊതു കെട്ടിടങ്ങൾ’ എന്ന പ്രത്യേക വിഭാഗം ഉൾപ്പെടുത്തും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, തൊഴിൽശാലകൾ, വാണിജ്യകേന്ദ്രങ്ങൾ, മത– സാംസ്കാരിക– വിനോദ സ്ഥാപനങ്ങൾ, പൊതു ഉപയോഗത്തിനുള്ള നിർമാണങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, ആരോഗ്യകേന്ദ്രങ്ങൾ, ജുഡീഷ്യൽ ഫോറങ്ങൾ, ബസ് സ്റ്റാൻഡ്, റോഡ്, ജനങ്ങൾ ഏറെ ആശ്രയിക്കുന്ന സ്വകാര്യ സ്ഥാപനങ്ങൾ, 2016 ലെ ഭിന്നശേഷി അവകാശ നിയമപ്രകാരം പൊതുകെട്ടിടങ്ങളെന്നു നിർവചിച്ചിട്ടുള്ളവ എന്നിവയാകും ഈ ഗണത്തിൽപ്പെടുന്നത്. ഇവയെ ക്രമപ്പെടുത്തൽ ഫീസിൽനിന്ന് ഒഴിവാക്കാനോ സൗജന്യ നിരക്ക് അനുവദിക്കാനോ ഉള്ള സാധ്യത സർക്കാർ പരിഗണിക്കുന്നു.

Related posts

ഉറങ്ങിക്കിടന്ന അമ്മൂമ്മയുടെ സ്വര്‍ണമാല കവര്‍ന്ന് പകരം മുക്കുപണ്ടം അണിയിച്ചു; ചെറുമകന്‍ പിടിയില്‍

Aswathi Kottiyoor

ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം

Aswathi Kottiyoor

കേരളത്തില്‍ 9066 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

Aswathi Kottiyoor
WordPress Image Lightbox