എടൂർ- കച്ചേരിക്കടവ്- പാലത്തുംകടവ് കെ എസ് ടി പി റോഡ് നവീകരണ കരാർ കമ്പിനിക്കെതിരെ നാട്ടുകാർ നിയമ നടപടിക്ക്
ഇരിട്ടി: റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 128 കോടി രൂപ ചിലവിൽ നവീകരിക്കുന്ന എടൂർ- അങ്ങാടിക്കടവ്- കച്ചേരിക്കടവ്- പാലത്തുംകടവ് കെ എസ് ടി പി റോഡ് നവീകരണ കരാർ കമ്പനിക്കെതിരെ നാട്ടുകാർ നിയമ നടപടിക്ക് ഒരുങ്ങുന്നു. 24.5 കിലോമീറ്ററിൽ വരുന്ന റോഡിന്റെ ചരൾ മുതൽ പാലത്തുംകടവ് വരെയുള്ള ഭാഗത്തിന്റെ നവീകരണത്തിനെതിരെയാണ് നാട്ടുകാർ ഒന്നടങ്കം രംഗത്തെത്തിയിരിക്കുന്നത്. റോഡ് വീതികൂട്ടുന്നതിന് സ്ഥലം സൗജന്യമായി വിട്ടുകൊടുത്ത നാട്ടുകാർക്ക് നല്കിയ ഉറപ്പുകൾ പാലിക്കാഞ്ഞതിനാൽ റോഡിന്റെ നിർമ്മാണം തടഞ്ഞിരിക്കുകയാണ് നാട്ടുകാർ. പ്രദേശവാസികൾ സൗജന്യമായി വിട്ടുകൊടുത്ത സ്ഥലം പോലും ഉപയോഗപ്പെടുത്താതെ നിലവിലുള്ള റോഡിൽ മെക്കാഡം നടത്തി നിർമ്മാണം പൂർത്തിയായതായി കാണിച്ച് പണം തട്ടാനുള്ള നീക്കമാണ് നടക്കുന്നതെന്ന് റോഡ് വികസന സമിതി ഭാരവാഹികളും ജനപ്രതിനിധികളും പത്ര സമ്മേളനത്തിൽ ആരോപിച്ചു.
വീതികൂട്ടുമ്പോൾ പൊളിച്ചു നീക്കുന്ന നിർമ്മിതികൾ പുനർനിർമ്മിച്ച് നല്കുമെന്നും ആവശ്യമായ സ്ഥലങ്ങളിൽ സംരക്ഷണ ഭിത്തികൾ നിർമ്മിച്ചു നൽകുമെന്ന ഉറപ്പും പാലിക്കുന്നില്ല. ഇത്തരം പ്രവ്യത്തികൾ നടത്താതിരിക്കാൻ സൗജന്യമായി വിട്ടുകൊടുത്ത സ്ഥലം പോലും ഏറ്റെടുത്ത് റോഡ് വീതികൂട്ടാതെ നിലവുള്ള വീതിയിൽ ടാറിംങ്ങ് നടത്താനുള്ള ശ്രമമാണ് നടത്തുന്നത്. റോഡ് വീതികൂട്ടലിന് തടസമായി നില്ക്കുന്ന കെ എസ് ഇ ബിയുടെ 33കെ വി ഹൈടെൻഷൻ കേബിൾ മാറ്റാനുള്ള നടപടിസ്വീകരിക്കുന്നില്ല. ഓവുചാലുകൾ നിർമ്മിക്കാനോ 40 വർഷത്തിലധികം പഴക്കമുള്ള കലുങ്കുകൾ മാറ്റി സ്ഥാപിക്കുകയോ ചെയ്യുന്നില്ല. കയറ്റങ്ങൾ കുറച്ചും വളവുകൾ നിവർത്തിയും റോഡിനെ അന്താരാഷ്ട നിലവാരത്തിലേക്ക് ഉയർത്തുന്നതിനാണ് ഒരു കിലോമീറ്റളിന് അഞ്ചുകോടിയോളം രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. എന്നാൽ വീതിപോലും കൂട്ടാതെ നിർമ്മാണം പൂർത്തിയാക്കാനാണ് ശ്രമിക്കുന്നതെന്ന് റോഡ് വികസന സമിതി ഭാരവാഹികൾ കുറ്റപ്പെടുത്തി.
കാലവർഷത്തിൽ തകർന്ന റോഡിന്റെ പാർശ്വഭിത്തി കെട്ടി സംരക്ഷിക്കുന്നതിനും ബാരാപോൾ പദ്ധതി പ്രദേശത്ത് ആവശ്യമായ വീതികൂട്ടുന്നതിനും നടപടി സ്വീകരിച്ചിട്ടില്ല. റോഡിന്റെ ആദ്യ 12 കിലോമീറ്ററിനുള്ളിൽ 21 ബസ് ഷെർട്ടറുകൾ പണിയുമ്പോൾ അവസാന 12 കിലോമീറ്ററിൽ നാല് ബസ് ഷെൽട്ടറുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇത്തരം പരാതികൾ ഒക്കെ പരിഹരിച്ചാൽ മാത്രമെ മെക്കാഡം ടാറിംങ്ങിന്റെ അടുത്ത ഘട്ടം പൂർത്തിയാക്കാൻ അനുവദിക്കുകയുള്ളുവെന്ന് റോഡ് വികസന സമിതി ഭാരവാഹികളും ജനപ്രതിനിധികളുമായ മേരി റെജി, ബിജോയി പ്ലാത്തോട്ടം, ഐസക്ക് ജോസഫ്, ജോബിഷ് നരിമറ്റം, ബിജു പുതിയ വീട്, വിൽസൺ കുറുപ്പൻപറമ്പിൽ, സുനീഷ് ചക്കാനിക്കുന്നേൽ എന്നിവർ പത്ര സമ്മേളനത്തിൽ പറഞ്ഞു.