24.3 C
Iritty, IN
October 6, 2024
  • Home
  • Kerala
  • കേന്ദ്രത്തിന്റെ പ്രതികാരം ; ക്ഷേമപെൻഷൻ മുടക്കാൻ ശ്രമം
Kerala

കേന്ദ്രത്തിന്റെ പ്രതികാരം ; ക്ഷേമപെൻഷൻ മുടക്കാൻ ശ്രമം

അവശരും അശരണരുമായ അറുപത്‌ ലക്ഷത്തിൽപ്പരമാളുകൾക്ക്‌ സംസ്ഥാന സർക്കാർ നൽകുന്ന ക്ഷേമപെൻഷൻ മുടക്കാൻ കേന്ദ്ര സർക്കാർ നീക്കം. പ്രതിമാസ പെൻഷൻ വിതരണം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ സ്ഥാപിച്ച സംസ്ഥാന സാമൂഹ്യസുരക്ഷാ പെൻഷൻ കമ്പനിയുടെ വായ്‌പയെല്ലാം കടമെടുപ്പ്‌ അവകാശത്തിൽനിന്ന്‌ കുറയ്‌ക്കുകയാണ്‌ കേന്ദ്രം. ഇങ്ങനെ ധനസമാഹരണ മാർഗങ്ങൾ തടസ്സപ്പെടുത്തുന്നു.

യുഡിഎഫ്‌ സർക്കാർ പെൻഷൻ 24 മാസംവരെ കുടിശ്ശികയാക്കിയിരുന്നു. കോവിഡ്‌വരെ ഓണം, ക്രിസ്‌മസ്, വിഷു ആഘോഷങ്ങൾക്ക്‌ മുമ്പായി മൂന്നോ- നാലോ മാസത്തെ പെൻഷൻ നൽകും. കോവിഡ്‌ സൃഷ്ടിച്ച സാമ്പത്തിക പ്രയാസങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ എൽഡിഎഫ്‌ സർക്കാർ തുകവിതരണം എല്ലാമാസവുമാക്കി. ഇതിന്‌ പ്രതിമാസം ആവശ്യമുള്ള 800 കോടിയോളം രൂപ കണ്ടെത്താനാണ്‌ പെൻഷൻ ഫണ്ട് കമ്പനി രൂപീകരിച്ചത്‌.

ട്രഷറിയിൽ പണം ഇല്ലാതെവന്നാൽ പെൻഷൻ കമ്പനി താൽക്കാലിക വായ്‌പയിലൂടെ തുക കണ്ടെത്തും. ഒന്നുരണ്ടു മാസത്തിൽ പണം ലഭിക്കുന്ന മുറയ്‌ക്ക്‌ തിരിച്ചുനൽകും. ഈ വായ്‌പയെല്ലാം സർക്കാരിന്റെ ബജറ്റിന്‌ പുറത്തുള്ള വായ്‌പയായി കണക്കാക്കുകയാണ്‌ കേന്ദ്രം. കഴിഞ്ഞവർഷം പലതവണയായി പെൻഷൻ കമ്പനി വായ്‌പയെടുത്ത 7000 കോടി രൂപയിൽ 6000 കോടിയും തിരിച്ചടച്ചു. 1000 കോടി മാത്രമാണ്‌ യഥാർഥ വായ്‌പാ കണക്കിൽ.

എന്നാൽ, 7000 കോടിയും പൊതുവായ്‌പയിൽനിന്ന് വെട്ടുമെന്നാണ് കേന്ദ്ര നിലപാട്‌. ഇതോടെ കമ്പനിക്ക്‌ താൽക്കാലിക വായ്‌പയും ലഭ്യമാകാതായി. ട്രഷറിയിൽ പണം ഉണ്ടെങ്കിൽ പെൻഷൻ നൽകിയാൽ മതിയെന്നാണ്‌ കേന്ദ്രം പറയുന്നത്‌.

കഴുത്ത്‌ ഞെരിക്കുന്നു

ജി രാജേഷ്‌കുമാർ
തിരുവനന്തപുരം
കേരളത്തിന്‌ അവകാശപ്പെട്ട കടമെടുപ്പ്‌ പരിധി വെട്ടിക്കുറച്ച്‌ കേന്ദ്ര സർക്കാരിന്റെ പ്രതികാര നടപടി. പതിനഞ്ചാം ധന കമീഷൻ അനുവദിച്ച 15,010 കോടി രൂപയാണ്‌ സാമ്പത്തിക വർഷാന്ത്യത്തിൽ കേന്ദ്രം തടഞ്ഞുവയ്‌ക്കുന്നത്‌. ഇത്‌ ബജറ്റ്‌ പദ്ധതികളെ സാരമായി ബാധിക്കും. നടപ്പ്‌ സാമ്പത്തിക വർഷത്തിൽ 32,439 കോടി രൂപയുടെ കടമെടുപ്പിനാണ്‌ കേരളത്തിന്‌ അർഹത. ഡിസംബർവരെ കേന്ദ്രം അനുവദിച്ചത്‌ 17,429 കോടിയും.

നാലാംപാദത്തിൽ ലഭിക്കേണ്ട തുകയിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പരിധിയിൽനിന്ന്‌ 24,638 കോടി രൂപ കുറയ്‌ക്കണമെന്നാണ്‌ കേന്ദ്രം വാശിപിടിക്കുന്നത്‌. ഒപ്പം പിഎഫ്‌, കിഫ്‌ബി, സോഷ്യൽ സെക്യൂരിറ്റി പെൻഷൻ കമ്പനി തുടങ്ങിയവയ്ക്കായി എടുത്ത വായ്‌പയുടെ നാലിലൊന്ന്‌ (3140 കോടി) സംസ്ഥാനത്തിന്റെ വായ്‌പാ പരിധിയിൽ ഉൾപ്പെടുമെന്നാണ്‌ നിലപാട്‌.

അടുത്ത സാമ്പത്തികവർഷം സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കാനുള്ള എല്ലാ നീക്കവും കേന്ദ്രം തുടങ്ങി. റവന്യൂ കമ്മി ഗ്രാന്റ്‌ 8425 കോടി, പൊതുകണക്കിലെ 11,000 കോടി, ജിഎസ്‌ടി നഷ്ടപരിഹാരമായി ലഭിച്ചിരുന്ന 10,000 കോടിയടക്കം നൽകില്ല. ഇതെല്ലാം സംസ്ഥാനത്തെ വികസനത്തെ തടയുക ലക്ഷ്യമിട്ടാണ്.

Related posts

കേരളത്തിന്റെ “പ്രൈഡ്’; 300 ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലി

Aswathi Kottiyoor

സാമ്പത്തിക പ്രതിസന്ധി – വേതനം മുടങ്ങിയിട്ട് രണ്ടുമാസം ആറളം ഫാം തൊഴിലാളികളും ജീവനക്കാരും സമരത്തിലേക്ക്

Aswathi Kottiyoor

സം​​​​​സ്ഥാ​​​​​ന​​​​​ത്ത് വേ​​​​​ന​​​​​ൽമ​​​​​ഴ ശ​​​​​ക്ത​​​​മാ​​​​യി

Aswathi Kottiyoor
WordPress Image Lightbox