ആയുഷ് മേഖലയിൽ കൂടുതൽ ആശുപത്രികളിൽ ഇ ഹോസ്‌പിറ്റൽ സംവിധാനം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. പൊതുജനങ്ങൾക്ക് ഓൺലൈൻ ബുക്കിംഗ് സംവിധാനം വഴി ഈ ആശുപത്രികളിൽ വളരെ എളുപ്പത്തിൽ അപ്പോയിന്റ്‌മെന്റ് എടുക്കാൻ കഴിയും. ആശുപത്രികളിൽ ക്യൂ നിൽക്കാതെ സെൽഫ് രജിസ്‌ട്രേഷൻ സാധ്യമാക്കുന്ന സ്‌കാൻ ആൻഡ് ഷെയർ സൗകര്യവും തെരഞ്ഞെടുക്കപ്പെട്ട ആശുപത്രികളിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആശുപത്രികളിലെ ഒ.പി. രജിസ്‌ട്രേഷനും കൺസൾട്ടേഷനും ഘട്ടം ഘട്ടമായി ഓൺലൈൻ സംവിധാനത്തിലേക്ക് മാറുകയാണ് ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. ഭാരതീയ ചികിത്സാ വകുപ്പിന്റെ പുതിയ വെബ് സൈറ്റിന്റേയും ഇ ഹോസ്‌പിറ്റൽ സംവിധാനങ്ങളുടേയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
ആയുർവേദ ആശുപത്രികളെ വെൽനെസ് സെന്ററുകളാക്കി ഉയർത്തുന്നതിനുള്ള നടപടികൾ സർക്കാർ ആരംഭിച്ചിട്ടുണ്ട്. ജീവിതശൈലീ രോഗ നിയന്ത്രണത്തിൽ ആയുർവേദത്തിന് വലിയ പങ്ക് വഹിക്കാനുണ്ട്. ജനങ്ങളിൽ ജീവിതശൈലിയിൽ മാറ്റങ്ങൾ ഉണ്ടാക്കുന്നതിന് ആയുർവേദം അടക്കമുള്ള ആയുഷ് വിഭാഗങ്ങൾ നേതൃത്വം നൽകേണ്ടതാണ്. ആയുർവേദ മേഖലയിൽ സമഗ്രമായ മാറ്റം കൊണ്ടുവരുന്നതിന്, നിലവിൽ കണ്ണൂരിൽ നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന രാജ്യാന്തര ഗവേഷണകേന്ദ്രം വരുന്നതോടെ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
പുതിയ സൗകര്യങ്ങൾ ഉൾപ്പെടുത്തി സജ്ജമാക്കിയ വെബ് സൈറ്റിൽ പൊതുജനങ്ങൾക്ക് ഉപകാരപ്രദമായ ഹെൽത്ത് അപ്‌ഡേറ്റ്‌സ്, ഔഷധ സസ്യങ്ങളെ കുറിച്ചുള്ള വിവരങ്ങൾ, ആയുർവേദ വകുപ്പിന്റെ നേതൃത്വത്തിൽ നടക്കുന്ന വിവിധ പദ്ധതികളെക്കുറിച്ചുള്ള വിവരങ്ങൾ തുടങ്ങിയവ ഉൾപ്പെടുത്തിയിട്ടുണ്ട്. വിവിധ സർക്കാർ ഉത്തരവുകൾ, ഫോറങ്ങൾ, ഹെൽപ്പ് ഫയലുകൾ, ലേഖനങ്ങൾ തുടങ്ങി വകുപ്പിലെ ജീവനക്കാർക്ക് ആവശ്യമായ വിവരങ്ങൾ, എംപ്ലോയീസ് പേജ് എന്നിവ വെബ് സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഭാരതീയ ചികിത്സാ വകുപ്പ് ഡയറക്‌ടർ ഡോ. കെ.എസ്. പ്രിയ, നാഷണൽ ആയുഷ് മിഷൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ ഡോ. പി.ആർ. സജി എന്നിവർ സംസാരിച്ചു.