21.6 C
Iritty, IN
November 22, 2024
  • Home
  • Kerala
  • അപൂർവ രോഗ ബാധിതർക്ക്‌ എസ്എടിയിൽ പ്രത്യേക കേന്ദ്രം: രോഗികളുടെ രജിസ്‌ട്രേഷൻ ഈ മാസം മുതൽ
Kerala

അപൂർവ രോഗ ബാധിതർക്ക്‌ എസ്എടിയിൽ പ്രത്യേക കേന്ദ്രം: രോഗികളുടെ രജിസ്‌ട്രേഷൻ ഈ മാസം മുതൽ

തിരുവനന്തപുരം മെഡിക്കൽ കോളേജ് എസ്എടി ആശുപത്രിയെ കേന്ദ്രആരോഗ്യമന്ത്രാലയം അപൂർവരോഗങ്ങൾക്കുള്ള മികവിന്റെ കേന്ദ്രമാക്കിയതിനുപിന്നാലെ (സെന്റർ ഓഫ് എക്‌സലൻസ്) പ്രവർത്തനങ്ങൾക്ക്‌ അതിവേഗം തുടക്കമിട്ട്‌ സംസ്ഥാന ആരോഗ്യവകുപ്പ്‌. കേന്ദ്രത്തിന്റെ ആദ്യപ്രവർത്തനമെന്നോണം അപൂർവ രോഗങ്ങൾക്കുള്ള രജിസ്‌ട്രേഷൻ ജനുവരിയിൽതന്നെ ആരംഭിക്കും.

അപൂർവ രോഗങ്ങളുമായി ബന്ധപ്പെട്ടുള്ള രോഗികൾക്കും കുടുംബത്തിനുമുള്ള സംശയ നിവാരണം, സെന്റർ ഓഫ് എക്‌സലൻസ് പൂർണമായും പ്രയോജനപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങൾ, ലഭ്യമായ ചികിത്സാ സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് അറിയുന്നതിനുമായി പ്രത്യേക കൺട്രോൾ മുറിയും സ്ഥാപിക്കും. പ്രത്യേക പരിശീലനം സിദ്ധിച്ച ജീവനക്കാരെ ഹെൽപ്പ് ഡെസ്‌കിൽ നിയമിക്കുമെന്ന്‌ ആരോഗ്യമന്ത്രി വീണ ജോർജ്‌ പറഞ്ഞു. മികവിന്റെ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ വിലയിരുത്താൻ കൂടിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

കേരളത്തിൽ എവിടെ അപൂർവ രോഗം സ്ഥിരീകരിച്ചാലും എസ്എടി ആശുപത്രിയിലെ കേന്ദ്ര വഴിയായിരിക്കണം രജിസ്റ്റർ ചെയ്യേണ്ടത്. രോഗികൾക്ക്‌ സെന്റർ ഓഫ് എക്‌സലൻസ് പദ്ധതി വഴി അതത് ആശുപത്രികളിൽ ചികിത്സ ലഭിക്കും. ഇതിനായുള്ള അധിക സൗകര്യവും കൂടുതൽ ജീവനക്കാരുടെ സേവനവും ഉറപ്പ് വരുത്താനുള്ള പ്രവർത്തനമാരംഭിക്കാനും മന്ത്രി നിർദേശം നൽകി. സെന്റർ ഓഫ് എക്‌സലൻസ് പ്രവർത്തനം ആരംഭിക്കുന്നതോടൊപ്പം എസ്എടി ആശുപത്രിയുടെ മൊത്തത്തിലുള്ള ഗുണനിലവാരവും ഉയർത്താനും ഉറപ്പ് വരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും മന്ത്രി സൂപ്രണ്ടിന് നിർദേശം നൽകി.

മെഡിക്കൽ കോളേജുകളിൽ ആദ്യമായി എസ്എടി. ആശുപത്രിയിൽ അപൂർവ രോഗങ്ങളുടെ ചികിത്സയ്ക്ക് മാത്രമുള്ള ജനറ്റിക്‌സ് വിഭാഗം സ്ഥാപിക്കാനും തീരുമാനമായി. സൗകര്യങ്ങൾ വർധിപ്പിച്ച് പിജി കോഴ്‌സ് ആരംഭിക്കാനുള്ള നടപടികൾ സ്വീകരിക്കും. ഇതിനാവശ്യമായ പദ്ധതിരേഖ സമർപ്പിക്കാൻ മന്ത്രി നിർദേശം നൽകി. കേന്ദ്ര ആരോഗ്യ മന്ത്രാലയം അപൂർവ രോഗങ്ങൾക്ക് വേണ്ടിയുള്ള സെന്റർ ഓഫ് എക്‌സലൻസ് പട്ടികയിൽ 11–-ാമതായാണ്‌ എസ്എടി ആശുപത്രിയെ ഉൾപ്പെടുത്തിയത്‌. കേരളത്തിലെ ഏക കേന്ദ്രമാണിത്‌.

ആരോഗ്യ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശ തോമസ്, ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ടിങ്കു ബിസ്വാൾ, മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ഡോ. തോമസ് മാത്യു തുടങ്ങി നിരവധി ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.

Related posts

വിശുദ്ധനാട് തീർഥാടനം പ്രതിസന്ധിയിൽ ; യുദ്ധത്തിൽ തകരുന്നത്‌ കേരളത്തിലെ സഞ്ചാരപ്രേമികളുടെ സ്വപ്നങ്ങളും

Aswathi Kottiyoor

കോവിഡ് പ്രതിസന്ധിക്കാലത്ത് സ്ത്രീകളെ സാമ്പത്തികമായി ശാക്തീകരിക്കാൻ കുടുംബശ്രീക്ക് സാധിച്ചു : മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ

Aswathi Kottiyoor

പരീക്ഷയ്‌ക്കെത്തിയ കോളജ് വിദ്യാർഥിനിയെ പാലായില്‍ സഹപാഠി കഴുത്തറുത്ത് കൊന്നു.

Aswathi Kottiyoor
WordPress Image Lightbox