ഉപേക്ഷിക്കപ്പെട്ട അന്ധവിശ്വാസവും അനാചാരങ്ങളും തിരിച്ചു കൊണ്ടുവരാൻ ബോധപൂർവമായ ശ്രമം നടക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിൽ സ്ത്രീകളുടെ അവകാശം ഇല്ലാതാക്കാനും ശ്രമം നടക്കുന്നുണ്ട്. അക്രമിയെ കുറ്റപ്പെടുത്തുന്നതിനു പകരം അക്രമത്തിന് ഇരയായ സ്ത്രീയെ കുറ്റപ്പെടുത്താൻ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രസർക്കാർ ഒരു വിഭാഗം ജനത്തെ ഭീതിയിലാഴ്ത്തുന്ന നിലപാട് സ്വീകരിക്കുന്നു. മുസ്ലിം വിഭാഗമാണ് രാജ്യത്ത് ഏറ്റവും കൂടുതൽ ആക്രമിക്കപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്റെ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള സമാപനം സമ്മേളനം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
ന്യൂനപക്ഷങ്ങൾ രാജ്യത്ത് ആക്രമിക്കപ്പെടുകയാണ്. ഇപ്പോൾ കാശിയിലെ ഗ്യാൻവ്യാപി മസ്ജിദും മഥുരയിലെ ഷാഹിദ് ഗാഹ് മസ്ജിദും തകർക്കാനുള്ള നീക്കമാണുനടക്കുന്നത്. ഇന്ത്യയിൽ ഒരു വിഭാഗത്തിന്റെ മാത്രം വിവാഹമോചനം ക്രിമിനൽ കുറ്റമാണ്. മറ്റു വിഭാഗങ്ങളിൽ സിവിൽ കേസാണ്. ബിജെപി സർക്കാരിന്റെ നിലപാടാണിത്.
രാജ്യത്തു മുസ്ലിം വിഭാഗത്തിനു നേരെ മാത്രമല്ല ആക്രമണം നടക്കുന്നത്. ക്രൈസ്തവർക്കെതിരെയും ആക്രമണം നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.