24.9 C
Iritty, IN
October 5, 2024
  • Home
  • Kerala
  • സുനുവിന്റെ തൊപ്പി തെറിച്ചു; ബലാത്സംഗം അടക്കമുള്ള കേസുകള്‍, 15 തവണ നടപടി, പിരിച്ചുവിട്ട് ഡിജിപി.
Kerala

സുനുവിന്റെ തൊപ്പി തെറിച്ചു; ബലാത്സംഗം അടക്കമുള്ള കേസുകള്‍, 15 തവണ നടപടി, പിരിച്ചുവിട്ട് ഡിജിപി.


തിരുവനന്തപുരം: ബലാത്സംഗം അടക്കമുള്ള കേസുകളില്‍ പ്രതിയായ ബേപ്പൂര്‍ കോസ്റ്റല്‍ സി.ഐ. പി.ആര്‍.സുനുവിനെ സര്‍വീസില്‍നിന്ന് പിരിച്ചുവിട്ടു. തിങ്കളാഴ്ച സംസ്ഥാന പോലീസ് മേധാവിയാണ് സുനുവിനെ പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവിറക്കിയത്. പോലീസ് ആക്ടിലെ 86-ാം വകുപ്പ് പ്രകാരമാണ് നടപടി. ആദ്യമായാണ് ഈ വകുപ്പ് ഉപയോഗിച്ച് ഒരു പോലീസ് ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്ന് പിരിച്ചുവിടുന്നത്.

തുടര്‍ച്ചയായി കുറ്റകൃത്യം ചെയ്യുന്നയാള്‍ പോലീസില്‍ തുടരാന്‍ യോഗ്യനല്ലെന്നാണ് ഡി.ജി.പി.യുടെ ഉത്തരവില്‍ പറയുന്നത്. ബലാത്സംഗം അടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളാണ് സുനുവിനെതിരേയുള്ളത്. ഇതില്‍ നാലെണ്ണം പീഡനവുമായി ബന്ധപ്പെട്ട കേസുകളാണ്. 15 തവണ ഇയാള്‍ക്കെതിരേ വകുപ്പുതല നടപടി സ്വീകരിച്ചു. സര്‍വീസ് കാലയളവില്‍ ആറ് സസ്‌പെന്‍ഷനും കിട്ടി. ഏറ്റവും ഒടുവില്‍ തൃക്കാക്കര പോലീസ് സ്റ്റേഷനിലാണ് സുനുവിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. തട്ടിപ്പുകേസിലെ പ്രതിയുടെ ഭാര്യയായിരുന്നു പരാതിക്കാരി.

ഭര്‍ത്താവിനെ കേസില്‍നിന്ന് രക്ഷിക്കാമെന്ന് പറഞ്ഞ് സി.ഐ. അടുപ്പംസ്ഥാപിച്ചെന്നും പിന്നീട് ഭര്‍ത്താവിന്റെ സുഹൃത്തുക്കളുടെ സഹായത്തോടെ പീഡിപ്പിച്ചെന്നുമായിരുന്നു യുവതിയുടെ ആരോപണം. തുടര്‍ന്ന് കൊച്ചിയില്‍നിന്നുള്ള പോലീസ് സംഘം ബേപ്പൂര്‍ സ്റ്റേഷനിലെത്തി സുനുവിനെ കസ്റ്റഡിയിലെടുത്തു. കൊച്ചിയിലെത്തിച്ച് മണിക്കൂറുകളോളം ചോദ്യംചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയില്ല. സുനുവിനെതിരേ തെളിവില്ലെന്നായിരുന്നു പോലീസിന്റെ വിശദീകരണം. തൃക്കാക്കര പീഡനക്കേസില്‍ എ.സി.പി. സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും സി.ഐ.ക്കെതിരേ തെളിവ് ലഭിച്ചിട്ടില്ലെന്നാണ് വിശദീകരിച്ചിരുന്നത്. ആരോപണങ്ങളുടെ പേരില്‍ നടപടിയെടുക്കാനാവില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.തൃക്കാക്കര കേസുമായി ബന്ധപ്പെട്ട് വിശദീകരണം നല്‍കാന്‍ സുനുവിനോട് നേരിട്ട് ഹാജരാകാന്‍ ഡി.ജി.പി. നേരത്തെ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 11-മണിക്ക് ഡി.ജി.പി.യുടെ ചേംബറില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് സുനുവിനോട് നോട്ടീസിലൂടെ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഡി.ജി.പിക്ക് മുന്നില്‍ ഹാജരാകാതിരുന്ന സുനു, ചികിത്സയിലാണെന്നും 15 ദിവസം കൂടി സമയം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഇ-മെയില്‍ അയക്കുകയായിരുന്നു. പിന്നീട് ഓണ്‍ലൈന്‍ വഴി വിശദീകരണം നല്‍കി. ഇതിനുശേഷമാണ് സുനുവിനെ പിരിച്ചുവിട്ടുള്ള ഉത്തരവ് പുറത്തിറക്കിയത്.

Related posts

സംസ്ഥാന നികുതി വകുപ്പ് മാർച്ച് 1 മുതൽ ജി.എസ്.ടി.എൻ ബാക്ക് ഓഫീസ് സംവിധാനത്തിലേക്ക്

Aswathi Kottiyoor

പ്രായപൂർത്തിയായവരിൽ രണ്ടു ഡോസ്‌ എടുത്തവർ 49 ശതമാനംമാത്രം .

Aswathi Kottiyoor

യോഗ അമൂല്യമാണ്; ലോകത്തെ യോഗ ഒന്നിപ്പിക്കുന്നു; ഐക്യരാഷ്‌ട്രസഭ

Aswathi Kottiyoor
WordPress Image Lightbox