ബഫർ സോണ്‍ സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്നും ലഭിക്കുന്ന പരാതിയുടെ അടിസ്ഥാനത്തിൽ നേരിട്ടുള്ള പരിശോധ നടത്തി ഈ മേഖലയിലെ നിർമാണങ്ങൾ ഉൾപ്പെടെയുള്ളവ ഭൂപടത്തിൽ അപ്ലോഡ് ചെയ്യാനുള്ള നടപടികൾ ഇനിയും ആരംഭിക്കാതെ 11 പഞ്ചായത്തുകൾ. കേരള സ്റ്റേറ്റ് റിമോർട്ട് സെൻസിംഗ് ആൻഡ് എൻവയോണ്‍മെന്റ് സെന്റർ തയാറാക്കിയ അസറ്റ് മാപ്പർ ആപ്പ് മുഖേനയാണ് വിവരങ്ങൾ അപ്ലോഡ് ചെയ്യേണ്ടത്. ഉപഗ്രസ സർവേ മുഖേനെ തയാറാക്കിയ ഭൂപടത്തിൽ വിട്ടുപോയ നിർമിതികൾ കൂട്ടിച്ചേർക്കാനാണ് നേരിട്ടുള്ള സ്ഥല പരിശോധ നടത്തി അസറ്റ് മാപ്പർ ആപ്പ് വഴി അപ് ലോഡ് ചെയ്യേണ്ടത്.
85 പഞ്ചായത്തുകളെയാണ് സംസ്ഥാനത്ത് ബഫർ സോണ്‍ ബാധിക്കുന്നതെന്നു കണ്ടെത്തിയിട്ടുള്ളത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പരിശീലനം ലഭിച്ച വോളന്റിയർമാരാണ് ഈ വിവരങ്ങൾ ആപ്പ് വഴി അപ്ലോഡ് ചെയ്യേണ്ടത്. വനം വകുപ്പ് നല്കിയ രേഖകൾ പ്രകാരം തിരുവനന്തപുരം ജില്ലയിലെ വിതുര, ഇടുക്കി ജില്ലയിലെ മൂന്നാർ, സൈലന്റ് വാലിയുടെ ഭാഗമായ തെങ്കര, കുമരംപുത്തൂർ, അലനെല്ലൂർ, പുതൂർ, അഗളി,ചൊക്കാട്, കാളികാവ്, കരുവാരക്കുണ്ട്, കോട്ടോപ്പാടം പഞ്ചായത്തുകളിലാണ് ലഭിച്ച പരാതികൾ പരിശോധിച്ച് ബഫർ സോണ്‍ പരിധിയിലുള്ള മേഖലയിൽ ഉള്ള വീടുകൾ ഉൾപ്പെടെയുള്ള നിർമാണ പ്രവർത്തനങ്ങൾ അപ്ലോഡ് ചെയ്യാൻ ഇതുവരെയും നടപടികൾ ആരംഭിച്ചിട്ടില്ലാത്തത്. ഈ പഞ്ചായത്തുകളിലെ വിവരങ്ങൾ വേഗത്തിൽ അപ്ലോഡ് ചെയ്യുന്നതിന് കൂടുതൽ ക്രമീകരണങ്ങൾ നേരിട്ട് എങ്ങനെ ചെയ്യാമെന്നാണ് വനംവകുപ്പ് ഇപ്പോൾ പരിശോധിക്കുന്നത്.
ഈ പഞ്ചായത്തുകളെ കൂടാതെ പീച്ചി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ചേലക്കര, തെക്കുംകര, പാഞ്ഞാൾ, കണ്ണബ്ര, വണ്ടാഴി, പഞ്ചായത്തുകളിൽ ലഭിച്ച പരാതികൾ ഒന്നും പരിഹരിച്ചിട്ടില്ല. ഇതോടെ ഈ പഞ്ചായത്തുകളിൽനിന്ന് ഒരു വിവരവും ആപ് വഴി അപ്ലോഡ് ചെയ്യാൻ സാധിച്ചിട്ടില്ല. പെരിയാർ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മേഖലകളിൽ ഏറ്റവുമധികം പരാതികൾ ലഭിച്ച പഞ്ചായത്ത് കുമളിയാണ്. എന്നാൽ, ഇന്നലെ വനംവകുപ്പ് നല്കിയ വിവരമനുസരിച്ച് കുമളി പഞ്ചായത്തിൽ ഇതുവരെ ലഭിച്ച 3910 പരാതികളിൽ ഒരെണ്ണം പോലും പരിഹരിച്ചിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളുടെ മെല്ലെപ്പോക്ക് നയം കർഷകരെയാണ് ഏറെ പ്രതികൂലമായി ബാധിക്കുക.
കരുതൽ മേഖലയുമായി ബന്ധപ്പെട്ട് വിട്ടുപോയ നിർമിതികളെക്കുറിച്ച് പരാതി നൽകുന്നതിനുള്ള സമപരിധി വെള്ളിയാഴ്ച അവസാനിച്ചെങ്കിലും, ഫീൽഡ് സർവേയ്ക്ക് നേരിട്ട് എത്തുന്നവർക്ക് നൽകുന്ന പരാതികളും സ്വീകരിക്കാനും തത്വത്തിൽ ധാരണയായി. അതനുസരിച്ച് ഇന്നലെ വരെ 65,501 പരാതികളാണ് ലഭിച്ചിട്ടുള്ളത്.
ലഭിച്ച പരാതികളിന്മേൽ ഫീൽഡ് സർവേ ഒരാഴ്ചകൂടി തുടരും. ആ സമയപരിധിക്കുള്ളിൽ നേരിട്ട് കിട്ടുന്ന പരാതികൾ കൂടി സ്വീകരിക്കാമെന്നുമാണ് ഇപ്പോഴുള്ള തീരുമാനം.കെഎസ്ആർഇസിയുടെ അസറ്റ് മാപ്പർ പ്രകാരം 34,854 ഭൂവിവരങ്ങൾ ഇതുവരെ അപ് ലോഡ് ചെയ്തു്.
കേളകം, ചക്കിട്ടപ്പാറ പഞ്ചായത്തുകളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ അപ് ലോഡ് ചെയ്യേണ്ട വിവരങ്ങൾ പൂർണമായും അപ്ലോഡ് ചെയ്തു. ഇതിൽ ചക്കിട്ടപ്പാറ പഞ്ചായത്തിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ 2931 നിർമിതികളുടെ വിവരങ്ങളാണ് അപ്ലോഡ് ചെയ്തത്.