കെഎസ്‌ഡിപി റോഡിലെ വഴിവിളക്കുകൾ കത്താത്തതിൽ കെഎസ്ടിപി ക്കെതിരെ രൂക്ഷ വിമർശനം യോഗത്തിൽ ഉയർന്നു. ലൈറ്റിന്റെയും ഓവുചാലുകളുടെയും നിർമ്മാണം പൂർത്തിയാകുന്നതിനു മുൻപ് പ്രവർത്തിയെല്ലാം പൂർത്തീകരിച്ചതായി കാണിച്ച് റോഡ് പിഡബ്ല്യുഡിക്ക് വിട്ടുകൊടുത്ത നടപടി അംഗീകരിക്കാൻ ആവില്ലന്നും എല്ലാ പണിയും പൂർത്തിയാക്കിയതിന് ശേഷം മാത്രമേ കരാർ വ്യവസ്ഥയിലെ അവസാന ഗഡു കൂടി കരാറുകാരന് അനുവദിക്കാവൂ എന്നും യോഗം ആവശ്യപ്പെട്ടു. ഇക്കാര്യം ചീഫ് എൻജിനീയറയുടെയും കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്താനും യോഗം തീരുമാനിച്ചു.
റോഡിൻറെ ഇരുവശങ്ങളിലും അപകട ഭീഷണിയിലുള്ള മരങ്ങൾ മുറിച്ച് മാറ്റാത്തതിലെ അനാസ്ഥ പൊതുമരാമത്ത് വകുപ്പിനും വനം വകുപ്പിനും രൂക്ഷ വിമർശനത്തിന് ഇടയാക്കി. ഇത്തരത്തിൽ എത്ര അപേക്ഷകൾ കെട്ടിക്കിടക്കുന്നുണ്ടെന്ന് യോഗത്തിൽ ചോദ്യമുയർന്നു. മരത്തിന്റെ വില നിർണയിച്ചു കിട്ടുന്നതിന് ഉള്ള കാലതാമസമാണ് മരം മുറിച്ച് മാറ്റുന്നതിനുള്ള കാലതാമസമെന്ന് പൊതുമരാമത്ത് അധികൃതരും പറഞ്ഞു. ഇക്കാര്യത്തിൽ വില സംബന്ധിച്ച തർക്കവും വകുപ്പുകൾ തമ്മിലുള്ള തർക്കവും പരിഹരിക്കുന്നതിന് പഞ്ചായത്ത് തല സമിതി യോഗം ചേർന്ന് യുക്തമായ നടപടി സ്വീകരിക്കാമെന്ന് ഇരിട്ടി തഹസിൽദാർ സി.വി. പ്രകാശൻ പറഞ്ഞു. ഈ നിർദ്ദേശം പരിഗണിക്കണമെന്ന് ജനപ്രതിനിധികളും എംഎൽഎയും ആവശ്യപ്പെട്ടു.
ഇരിട്ടി താലൂക്ക് ആശുപത്രിയിലെ ഫാർമസി വൈകിട്ട് വരെ പ്രവർത്തിപ്പിക്കണമെന്ന് സിപിഐ അംഗം പായം ബാബുരാജ് ആവശ്യപ്പെട്ടു. എന്നാൽ മൂന്നുമണിവരെ ഇപ്പോൾ പ്രവർത്തിക്കുന്നുണ്ടെന്ന് നഗരസഭ ചെയർപേഴ്സൺ യോഗത്തിൽ പറഞ്ഞു. ക്ഷീര വികസന വകുപ്പിലെ ഒഴിവുകൾ നികത്തണമെന്ന് ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. വേലായുധൻ പറഞ്ഞു. റബ്ബറിന്റെ വില സ്ഥിരതാ ഫണ്ട് ഉടൻ അനുവദിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നു. എംഎൽഎക്ക് പുറമേ ആറളം പഞ്ചായത്ത് പ്രസിഡണ്ട് കെ.പി. രാജേഷ്, പായം പഞ്ചായത്ത് പ്രസിഡണ്ട് പി. രജനി, നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, തഹസിൽദാർ സി.വി. പ്രകാശൻ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ.കെ ഇബ്രാഹിം, പി.കെ. ജനാർദ്ദനൻ, ഇബ്രാഹിം മുണ്ടേരി, വി.വി. ചന്ദ്രൻ, ടി.പി. ദിലീപ്, പി.സി. രാമകൃഷ്ണൻ തുടങ്ങിയവർ യോഗത്തിൽ സംബന്ധിച്ചു.