ക്രൂരതയിലൂടെ ആനന്ദം കണ്ടെത്താനും മറ്റുള്ളവരുടെ അന്ധവിശ്വാസം മുതലെടുത്തു പണം സമ്പാദിക്കാനുമുള്ള ഒന്നാം പ്രതി ഷാഫിയുടെ വഴിവിട്ട താൽപര്യമാണു പത്തനംതിട്ട ഇലന്തൂരിലെ നരബലി കൊലക്കേസിനു വഴിയൊരുക്കിയതെന്നു കുറ്റപത്രം. എറണാകുളത്തു താമസിച്ചു ലോട്ടറി കച്ചവടം ചെയ്തിരുന്ന തമിഴ്നാട് സ്വദേശി പത്മയെ കൊലപ്പെടുത്തിയ കേസിലാണ് അന്വേഷണ സംഘം ആദ്യകുറ്റപത്രം സമർപ്പിച്ചത്.
എഫ്ഐആറിലെ പ്രതിപ്പട്ടികയിൽ മാറ്റം വരുത്താതെ പെരുമ്പാവൂർ സ്വദേശി ഷാഫിയെ ഒന്നാം പ്രതിയും ആയുർവേദ ചികിത്സകൻ ഇലന്തൂർ പുളിന്തിട്ട ഭഗവൽസിങിനെ (70) രണ്ടാം പ്രതിയും ഭാര്യ ലൈലയെ (66) മൂന്നാം പ്രതിയുമാക്കിയാണു കുറ്റപത്രം സമർപ്പിച്ചത്. ഇവരെ അറസ്റ്റ് ചെയ്തു 89–ാം ദിവസം ശക്തമായ തെളിവുകളോടെ കുറ്റപത്രം സമർപ്പിക്കാൻ കഴിഞ്ഞത് അന്വേഷണ സംഘത്തിനു നേട്ടമായി.ഫയലിൽ സ്വീകരിച്ചു
പത്മയെ കൊലപ്പെടുത്തിയതിനു സമാനമായ രീതിയിൽ അതിനു മുൻപു തന്നെ പ്രതികൾ കാലടിയിൽ താമസിച്ചിരുന്ന വടക്കാഞ്ചേരി സ്വദേശി റോസ്‍ലിയെയും കൊലപ്പെടുത്തിയിരുന്നു. റോസ്‌ലിയുടെ അസ്ഥികൾ മാത്രമാണ് കണ്ടെത്താൻ കഴിഞ്ഞത്.
ഡിഎൻഎ പരിശോധനയിലൂടെയാണു പത്മയുടെയും റോസ്‌ലിയുടെയും ഭൗതിക അവശിഷ്ടങ്ങൾ പൊലീസ് തിരിച്ചറിഞ്ഞത്. പ്രതികൾ കൂടുതൽ പേരെ കൊലപ്പെടുത്തിയിട്ടുണ്ടോ എന്നു കണ്ടെത്താൻ പൊലീസ് ശ്രമം തുടരുന്നുണ്ട്.