പേവിഷ വാക്സീന്റെ കടുത്ത ക്ഷാമം പരിഹരിക്കാൻ സംസ്ഥാനം വീണ്ടും തമിഴ്നാടിന്റെ സഹായം തേടിയതിനിടെ കുത്തിവയ്പെടുത്തവർക്ക് അലർജി വന്നതിനെ തുടർന്ന് ഇക്വീൻ ആന്റി റേബീസ് വാക്സീന്റെ ഒരു ബാച്ച് വിതരണം മരവിപ്പിച്ചു. എറണാകുളത്ത് അലർജി കണ്ടെത്തിയതിനെത്തുടർന്ന് ജനറൽ ആശുപത്രി സൂപ്രണ്ട് നവംബർ 26ന് പരാതി നൽകിയെങ്കിലും മരവിപ്പിക്കൽ ഉത്തരവ് ഈ മാസം 5ന് ആണ് ഇറക്കിയത്. ഇരുപതിനായിരത്തോളം വയ്‌ൽ ഉള്ള ബാച്ചിലെ ഇരുനൂറെണ്ണം ഒഴിച്ച് ബാക്കിയെല്ലാം ഇതിനകം ഉപയോഗിച്ചുതീർന്നതായാണ് വിവരം. പത്തനംതിട്ടയിൽ മാത്രമാണ് അൽപം ബാക്കി.
കേന്ദ്ര മരുന്നു ലാബിന്റെ പരിശോധനാ റിപ്പോർട്ട് വൈകുന്നതാണ് സംസ്ഥാനത്തെ വീണ്ടും വാക്സീൻ ക്ഷാമത്തിലേക്കു തള്ളിവിടുന്നത്. പരിഹാരം കാണാൻ അടിയന്തരമായി തമിഴ്നാട്ടിൽ നിന്ന് 5,000 വയ്‌ൽ കടം വാങ്ങാനാണ് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ തീരുമാനം.
ഹൈദരാബാദിലെ വാക്സീൻ നിർമാണ കമ്പനിയിൽ നിന്ന് കേരളത്തിനുള്ള 3 ബാച്ച് നിലവാര പരിശോധനയ്ക്കായി കേന്ദ്ര ലാബിലേക്ക് അയച്ചിട്ട് 70 ദിവസം പിന്നിട്ടു. 5 ദിവസത്തിനുള്ളിൽ പരിശോധന പൂർത്തിയാക്കുമെന്നാണ് വിവരം. വിതരണത്തിന് അനുമതി ലഭിച്ചു കഴിഞ്ഞാൽ അന്നു തന്നെ 50,000 വയ്‌ൽ കേരളത്തിൽ എത്തിക്കും.