അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചപ്പോൾ കേരളത്തിൽ ആകെ 2,67,95,581 വോട്ടർമാർ. നവംബറിൽ പ്രസിദ്ധീകരിച്ച കരടു വോട്ടർ പട്ടികയിലേതിനേക്കാൾ 3,66,709 വോട്ടർമാർ കുറഞ്ഞു.
5,65,334 വോട്ടർമാരെ പട്ടികയിൽ നിന്ന് ഒഴിവാക്കിയപ്പോൾ വിവിധ പ്രായപരിധിയിൽ ഉൾപ്പെടുന്ന 1,78,068 പേരെ പുതിയതായി ചേർത്തു. ഒഴിവാക്കിയവരിൽ 3,60,161 പേർ മരണമടഞ്ഞവരാണ്. 1,97,497 പേർ താമസം മാറിയവരും.
പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ 2023 ന്റെ ഭാഗമായാണ് സംസ്ഥാനത്ത് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചത്.. 2023 ജനുവരി ഒന്ന് യോഗ്യതാ തീയതിയായുള്ള പട്ടികയാണിത്.
സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിൽ (www.ceo.kerala.gov.in) അന്തിമ വോട്ടർ പട്ടിക വിവരങ്ങൾ ലഭ്യമാണ്. കൂടാതെ സൂക്ഷ്മ പരിശോധനകൾക്കായി താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും ബൂത്ത് ലെവൽ ഓഫീസറുടെ കൈവശവും അന്തിമ വോട്ടർ പട്ടിക ലഭിക്കും. അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്ക് താലൂക്ക് ഓഫീസുകളിൽ നിന്ന് വോട്ടർ പട്ടിക കൈപ്പറ്റി സൂക്ഷ്മ പരിശോധന നടത്താം.
പതിനെട്ടു വയസുള്ള 41,650 വോട്ടർമാരാണ് പുതിയതായി വോട്ടർ പട്ടികയിൽ ഉൾപ്പെട്ടത്. 17 വയസ് പൂർത്തിയായ 14,682 പേരാണ് മുൻകൂറായി വോട്ടർ പട്ടികയിൽ പേരു ചേർക്കാനായി അപേക്ഷിച്ചിരിക്കുന്നത്.
ഏപ്രിൽ 1, ജൂലൈ 1, ഒക്ടോബർ 1, എന്നീ യോഗ്യതാ തീയതികളിൽ എന്നാണോ 18 വയസ് പൂർത്തിയാകുന്നത്, ആ യോഗ്യതാ തീയതി അനുസരിച്ച് അപേക്ഷ പരിശോധിക്കുകയും അർഹത അനുസരിച്ച് വോട്ടർ പട്ടികയിൽ ഇടം പിടിക്കുകയും ചെയ്യും. ഇതിനു ശേഷം തിരിച്ചറിയൽ കാർഡ് ലഭിക്കും.