തൃശൂർ: ഇസ്രായേലിൽ അധികൃതമായി ചിട്ടി നടത്തി കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ പ്രതി പിടിയിൽ പ്രവാസി മലയാളികളിൽ നിന്നും കോടികണക്കിന് രൂപ തട്ടിയെടുത്ത് ഇന്ത്യയിലേയ്ക്ക് കടന്ന് ഒളിവിൽ കഴിഞ്ഞു വന്നിരുന്ന ചാലക്കുടി പരിയാരം സ്വദേശി ലിജോ ജോർജിനെയാണ് (45) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
കെയർടേക്കർ വിസയിൽ ജോലി ചെയ്തിരുന്ന ലിജോ നിയമവിരുദ്ധമായി ‘പെർഫെക്ട് കുറീസ്’ എന്ന പേരിൽ ചിട്ടി നടത്തിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴി പരസ്യം നൽകിയായിരുന്നു കെയർ ടേക്കർമാരായി ജോലി ചെയ്തു വരുന്ന നിരവധി മലയാളികളിൽ നിന്നും ഇയാൾ പണം തട്ടിയത്. മലയാളികളെ കൂടാതെ ഇതരസംസ്ഥാന പ്രവാസികളും ഇയാളുടെ തട്ടിപ്പിന് ഇരയായിരുന്നു.
കണ്ണൂർ സ്വദേശിനി ഷൈനിയും തട്ടിപ്പ് കേസിൽ പങ്കാളിയാണ്.ഇവർ മുൻകൂർ ജാമ്യം നേടിയിരുന്നു.
ചാലക്കുടി പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസ് നിലവിൽ ക്രൈംബ്രാഞ്ച് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. പ്രതിയെ ചാലക്കുടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ് ചെയ്തു.