23.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • നോട്ട്‌ നിരോധനം : തീർപ്പ് രാഷ്‌ട്രീയ പോരാട്ടത്തിൽ ; ജസ്‌റ്റിസ്‌ നാഗരത്‌നയുടെ ഭിന്നവിധിയുടെ പ്രസക്തി ഉയര്‍ത്തിക്കാട്ടി ദേശീയ മാധ്യമങ്ങൾ
Kerala

നോട്ട്‌ നിരോധനം : തീർപ്പ് രാഷ്‌ട്രീയ പോരാട്ടത്തിൽ ; ജസ്‌റ്റിസ്‌ നാഗരത്‌നയുടെ ഭിന്നവിധിയുടെ പ്രസക്തി ഉയര്‍ത്തിക്കാട്ടി ദേശീയ മാധ്യമങ്ങൾ

കേന്ദ്രസർക്കാരിന്റെ നോട്ടുനിരോധനം സുപ്രീംകോടതി കടന്നാലും രാഷ്‌ട്രീയമായി തീർപ്പാകില്ല. വിധി മോദി സർക്കാരിന്‌ ആശ്വാസമെങ്കിലും ഇരകളാക്കപ്പെട്ട ജനകോടികളില്‍ നോട്ട്‌ നിരോധനം സൃഷ്‌ടിച്ച മുറിവ്‌ ഉണങ്ങിയിട്ടില്ല. ജസ്‌റ്റീസ്‌ നാഗരത്‌നയുടെ ഭിന്ന വിധി ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കുന്നതും അതിനാലാണ്. വിധി കേന്ദ്ര സർക്കാരിന്‌ അനുകൂലമല്ലെന്ന്‌ ആദ്യ ദിവസം പ്രതികരിച്ച സിപിഐമ്മിന്റെ അഭിപ്രായം ദേശീയമാധ്യമങ്ങൾ അടക്കം ശരിവച്ചു.

ഈ വർഷം ഒമ്പത്‌ നിയമസഭാ തെരഞ്ഞെടുപ്പും അടുത്ത വർഷം പൊതുതെരഞ്ഞടുപ്പും വരുന്നുണ്ട്‌. നോട്ടുനിരോധനത്തിന്റെ പ്രത്യാഘാതം തെരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷം ഉയർത്തും. ജനജീവിതം താറുമാറാക്കാനും രാജ്യത്തിന്റെ വളർച്ചയെ പിന്നോട്ടടിക്കാനും മാത്രമാണ്‌ നോട്ട്‌ നിരോധനം ഉപകരിച്ചതെന്നത് തുറന്നുകാട്ടപ്പെടും.വിഷയത്തിൽ നിയമപരമായ തീർപ്പ്‌ കൽപ്പിച്ചാലും രാഷ്‌ട്രീയ യുദ്ധം തുടരുമെന്ന് ഹിന്ദുസ്ഥാൻ ടൈംസ് മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. ചെറുകിട, അസംഘടിത മേഖലയടക്കം നോട്ടുനിരോധനം തകർത്തതായി പത്രം വിവരിക്കുന്നു.

കേന്ദ്രത്തിന്‌ പ്രവര്‍ത്തനസ്വാതന്ത്ര്യം അടിയറവ്‌ വച്ചത്‌ ചൂണ്ടിക്കാട്ടിയ നാഗരത്നയുടെ ഭിന്നവിധിയിൽനിന്ന്‌ ആർബിഐ പാഠമുൾക്കൊള്ളണമെന്ന്‌ ഇന്ത്യൻ എക്‌സ്‌പ്രസ്‌ മുഖപ്രസംഗത്തിൽ പറഞ്ഞു. കേന്ദ്രസർക്കാരിൽനിന്ന്‌ ഉത്ഭവിച്ച നോട്ടുനിരോധനമെന്ന ആശയം ആർബിഐ നൽകിയ ശുപാർശയെന്നായി മാറ്റിമറിക്കപ്പെട്ടു. സ്വതന്ത്രമായ നിലപാട് എടുക്കുന്നതില്‍ റിസര്‍വ് ബാങ്ക്‌ പരാജയപ്പെട്ടതിന്റെ തെളിവാണിത്‌.

നയത്തിലെ വിഡ്ഡിത്തം സർക്കാരിനെ ബോധ്യപ്പെടുത്താനും ആർബിഐ മെനക്കെട്ടില്ല. നോട്ടുനിരോധനം സമ്പദ്‌വ്യവസ്ഥയിൽ ഏൽപ്പിച്ച പ്രത്യാഘാതങ്ങളിൽ വിധി മൗനം പാലിച്ചു. കേവല വിജ്ഞാപനങ്ങൾക്കതീതമായി പാർലമെന്റിന്റെ പരമാധികാരം ഊട്ടിയുപ്പിക്കുന്ന ഭിന്നവിധി കേന്ദ്രബാങ്കുകൾ മനസ്സിരുത്തി വായിക്കണമെന്നും പത്രം ഉപദേശിച്ചു.

ഭിന്നവിധി വൈവിധ്യമാർന്ന ജനാഭിലാഷം പ്രതിഫലിപ്പിക്കുന്നതാണെന്ന്‌ ടൈംസ്‌ ഓഫ്‌ ഇന്ത്യ മുഖപ്രസംഗത്തിൽ ചൂണ്ടിക്കാട്ടി. നോട്ടുനിരോധനം സാധാരണ സാമ്പത്തിക യുക്തിക്ക്‌ പോലും നിരക്കുന്നതല്ലന്ന്‌ വിമർശിച്ച പത്രം , കള്ളപ്പണമടക്കമുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുന്നതിൽ നയം വിജയിച്ചിട്ടുണ്ടോയെന്നത്‌ സംശയാസ്‌പദമാണെന്നും പറഞ്ഞു. മറ്റ്‌ ദേശീയ മാധ്യമങ്ങളും സമാനമായ നിരീക്ഷണം നടത്തി.

Related posts

വിഴിഞ്ഞം തുറമുഖം ; നിർമാണം അതിവേഗം, സെപ്തംബറിൽ ക്രെയിനുമായി കപ്പൽ എത്തും

Aswathi Kottiyoor

കായികതാരങ്ങൾ സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർമാർ : മുഖ്യമന്ത്രി

Aswathi Kottiyoor

സാമൂഹ്യ ഐക്യദാർഢ്യപക്ഷാചരണത്തിന് ഇന്നു (02 ഒക്ടോബർ) തുടക്കം

Aswathi Kottiyoor
WordPress Image Lightbox