24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • അകത്തുനിന്ന് പൂട്ടിയ മുറിയില്‍ നയന സ്വയം കഴുത്ത് ഞെരിച്ച് മരിച്ചതോ?; വീണ്ടും അന്വേഷണം.*
Kerala

അകത്തുനിന്ന് പൂട്ടിയ മുറിയില്‍ നയന സ്വയം കഴുത്ത് ഞെരിച്ച് മരിച്ചതോ?; വീണ്ടും അന്വേഷണം.*


തിരുവനന്തപുരം ∙ യുവ ചലച്ചിത്ര സംവിധായിക നയനയുടെ മരണം കൊലപാതകമാകാമെന്ന വാദം ശക്തിപ്പെട്ടതോടെ അന്വേഷണം ക്രൈംബ്രാഞ്ചിനു വിടാൻ സാധ്യത. പ്രത്യേക മാനസികാവസ്ഥയിൽ സ്വയം കഴുത്തു ഞെരിച്ചതുമൂലം മരണം സംഭവിച്ചതാകാമെന്ന നിഗമനമായിരുന്നു ആദ്യം അന്വേഷണം നടത്തിയ സംഘത്തിന്റേത്. നേരത്തെ നടന്ന അന്വേഷണത്തിൽ വീഴ്ച സംഭവിച്ചോ എന്നാണ് പുതിയ അന്വേഷണ സംഘത്തിന്റെ ആദ്യ പരിശോധന.

ആൽത്തറ നഗറിലെ വാടക വീട്ടിൽ അകത്തുനിന്ന് പൂട്ടിയ മുറിക്കുള്ളിലാണ് നയന മരിച്ചു കിടന്നത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. അടിച്ചിട്ട മുറിയിൽ ഒരാൾ മരിക്കണമെങ്കിൽ ഒന്നുകിൽ ആത്മഹത്യ, അല്ലെങ്കിൽ സ്വാഭാവിക മരണം. നയനയുടേത് ആത്മഹത്യ ആണെന്നും അതിലേക്ക് നയിച്ചത് സ്വയം പീഡനമേൽപ്പിച്ചതിനെത്തുടർന്ന് പ്രാണവായു കിട്ടാതെ വന്നതാണെന്നുമുള്ള നിഗമനമാണ് ആദ്യം അന്വേഷണം സംഘം മുന്നോട്ടുവച്ചത്. സാഹചര്യ തെളിവുകൾ അങ്ങനെ വിശ്വസിക്കാൻ ഉതകുന്നതല്ലെന്നു ചൂണ്ടിക്കാട്ടി നയനയുടെ ബന്ധുക്കളും സുഹൃത്തുക്കളും ഇതിനെ എതിർക്കുന്നു. വിദഗ്ധ സംഘത്തിന്റെ അന്വേഷണമാണ് അവർ ആവശ്യപ്പെടുന്നത്.

കഴുത്തിൽ ഏഴിടത്ത് ക്ഷതം ഉള്ളതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറയുന്നു. ഇതിനുപുറമെ വയറിന്റെ ഇടതുഭാഗത്തും മധ്യഭാഗത്തും ക്ഷതം ഉണ്ട്. വൃക്കയുടെയും പാൻക്രിയാസിന്റെയും മുകൾഭാഗത്തും ക്ഷതം കണ്ടെത്തിയിട്ടുണ്ട്. ഇതെല്ലാം എങ്ങനെ സംഭവിച്ചു എന്നതാണ് ദുരൂഹത ഉണർത്തുന്നത്. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മരണകാരണമായി പറയുന്നത് കഴുത്തിന് ഏറ്റ ക്ഷതമാണ്. ഈ ക്ഷതം എങ്ങനെ ഉണ്ടായി എന്നതിലാണ് ആശയക്കുഴപ്പം.

അകത്തുനിന്ന് പൂട്ടിയ മുറിയിൽ നടന്ന മരണം ആയതിനാൽ കൊലപാതക സാധ്യത പൊലീസ് ആദ്യമേ തള്ളിക്കളഞ്ഞു. കഴുത്തിലെയും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലെയും ക്ഷതത്തിന്റെ കാരണം കണ്ടെത്താനുള്ള പൊലീസിന്റെ ശ്രമത്തിലാണ് സ്വയം പീഡിപ്പിക്കുന്ന മാനസികാവസ്ഥയെന്നു കാരണം കണ്ടെത്തിയത്. എന്നാൽ ഇത്തരം കേസുകൾ വളരെ വിരളമാണെന്നാണ് വിധഗ്ധർ പറയുന്നത്. ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥർ എസിപി ജെ.കെ. ദിനിലിന്റെ നേത‍ൃത്വത്തിൽ നയന താമസിച്ചിരുന്ന വീട്ടിൽ എത്തി പരിശോധന നടത്തി.

Related posts

അർബൻ ബാങ്കുകളിലും പിടിമുറുക്കാൻ റിസർവ്‌ ബാങ്ക്

Aswathi Kottiyoor

പൊതുവിദ്യാഭ്യാസ വകുപ്പിൽ 312.88 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി

Aswathi Kottiyoor

തൃശൂരില്‍ ബീച്ച് റിസോർട്ടിലെത്തിയ വിദേശ പൗരൻ തിരയിൽ പെട്ട് മരിച്ചു

Aswathi Kottiyoor
WordPress Image Lightbox