കൃത്രിമ ഗര്‍ഭധാരണം നടത്താന്‍ ദമ്പതികള്‍ക്ക് നിശ്ചയിച്ചിട്ടുള്ള ഉയര്‍ന്ന പ്രായപരിധി പുന: പരിശോധിക്കണമെന്ന് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനു നിര്‍ദേശം നല്കി. സ്ത്രീക്ക് 50 വയസും പുരുഷന് 55 വയസുമാണ് നിഷ്കര്‍ഷിച്ചിട്ടുള്ളത്.
കൃത്രിമ ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന് ഉപദേശം നല്കാന് അധികാരമുള്ള ദേശീയ അസിസ്റ്റഡ് റീ പ്രൊഡക്ടീവ് ടെക്നോളജി ആന്‍ഡ് സറഗസി ബോര്‍ഡ് ഇക്കാര്യം മൂന്നു മാസത്തിനകം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരണമെന്നും ജസ്റ്റീസ് വി.ജി. അരുണ്‍ ഉത്തരവിട്ടു.
കൃത്രിമ ഗര്‍ഭധാരണം നിയന്ത്രിക്കുന്ന പുതിയ നിയമം മൂലമുള്ള ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാട്ടി ഇത്തരം മാര്‍ഗത്തിലൂടെ കുട്ടികള്‍ ഉണ്ടാകാന്‍ ചികിത്സ നടത്തുന്ന ഒരുകൂട്ടം ദമ്പതികള്‍ നല്കിയ ഹര്‍ജികളിലാണ് സിംഗിള്‍ ബെഞ്ച് വിധി പറഞ്ഞത്.