ബഫർസോണുമായി ബന്ധപ്പെട്ട കേസ് ഈ മാസം 11ന് സുപ്രീംകോടതി പരിഗണിക്കുന്പോൾ സംസ്ഥാനം സമർപ്പിക്കുന്നത് നേരിട്ടുള്ള സ്ഥലപരിശോധനയുടെ പ്രാഥമിക റിപ്പോർട്ടും ഉപഗ്രഹ സർവേ റിപ്പോർട്ടും. നേരിട്ടുള്ള സ്ഥലപരിശോധന പെട്ടെന്ന് പൂർത്തിയാക്കാനുള്ള നീക്കമാണ് വനംവകുപ്പ് നടത്തുന്നത്. ലഭ്യമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നേരിട്ടുള്ള പരിശോധന നടത്തി റിപ്പോർട്ട് തയാറാക്കുക.
നേരിട്ടുള്ള പരിശോധന കഴിഞ്ഞ ദിവസം ആരംഭിച്ചപ്പോൾ ചില പഞ്ചായത്തുകളിൽ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള ജനവാസമേഖലകളിലെ നിർമിതികളുടേയും കുടുംബങ്ങളുടേയും എണ്ണം ഉപഗ്രഹ സർവേയിലേതിനേക്കാൾ കൂടിയതായും ചില പഞ്ചായത്തുകളിൽ കുറഞ്ഞതായും കണ്ടെത്തി. ഇത്തരമൊരു സാഹചര്യത്തിൽ സുപ്രീംകോടതി കേസ് പരിഗണിക്കുന്പോൾ സർവേ റിപ്പോർട്ടുകളുടെ പ്രാഥമിക വിവരങ്ങൾ കോടതിയിൽ സമർപ്പിക്കുകയും മറ്റു റിപ്പോർട്ടുകൾ സമർപ്പിക്കാൻ സാവകാശം തേടാനുമാണ് സർക്കാർ നീക്കമെന്നുമാണ് സൂചന.
സംസ്ഥാനത്തെ വന്യജീവി സങ്കേതങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിൽ വീടുകകളും മറ്റു നിർമിതികളും അടക്കം 49,000 കെട്ടിടങ്ങളുണ്ടെന്നാണ് ഉപഗ്രഹ സർവേയിൽ കണ്ടെത്തിയത്. എന്നാൽ നേരിട്ടുള്ള സ്ഥലപരിശോധനയിൽ ചില പഞ്ചായത്തുകളിൽ ഉപഗ്രഹ സർവേയിൽ നിർണയിച്ചതിനേക്കാൾ കൂടുതൽ നിർമിതികൾ കണ്ടെത്തി. ഈ സാഹചര്യത്തിൽ വനംവകുപ്പ് കോടതിയിൽ ഏത് റിപ്പോർട്ട് നൽകുമെന്നത് സംബന്ധിച്ച് ആശങ്ക ഉയർന്നിട്ടുണ്ട്.
ബഫർസോണ് മേഖലയിൽ വീടുകൾ ഉൾപ്പെടെയുള്ള എത്ര കെട്ടിടങ്ങളുണ്ടെന്ന് കണ്ടെത്താൻ സുപ്രീംകോടതി നിർദേശിച്ചതിനെ തുടർന്നാണ് ഉപഗ്രഹസർവേ നടത്തിയത്. എന്നാൽ, നേരിട്ടുള്ള സ്ഥല പരിശോധനയിൽ മരച്ചില്ലകൾ മറച്ചതും മറ്റു സാങ്കേതിക കാരണങ്ങളാൽ ഒഴിവാക്കപ്പെട്ടതുമായ 30,000 മുതൽ 35,000 വരെ കെട്ടിടങ്ങൾ ഉൾപ്പെടുത്താനുണ്ടാകുമെന്നായിരുന്നു സർക്കാർ കണക്കുകൂട്ടൽ. ഇതിനിടയിലാണ് ചില പഞ്ചായത്തുകളിലെ സ്ഥലപരിശോധന ആശങ്കയുയർത്തുന്നത്.