എല്ലാ മതപരിവർത്തനവും നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി. മതം മാറാൻ ഉദ്ദേശിക്കുന്നവർ ജില്ലാ മജിസ്‌ട്രേറ്റിന് സത്യവാങ്‌മൂലം നൽകണമെന്ന മധ്യപ്രദേശ് മതപരിവർത്തനം തടയൽ നിയമത്തിലെ വ്യവസ്ഥയുടെ ലംഘനം ശിക്ഷാർഹമല്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത് സ്‌റ്റേ ചെയ്യണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യവും ജസ്‌റ്റിസുമാരായ എം ആർ ഷാ, സി ടി രവികുമാർ എന്നിവരടങ്ങിയ ഡിവിഷൻബെഞ്ച് അംഗീകരിച്ചില്ല. സംസ്ഥാന സർക്കാരിന്റെ പ്രത്യേകാനുമതി ഹർജിയിന്മേൽ നോട്ടീസ് അയക്കാനും ഫെബ്രുവരി ഏഴിന് വീണ്ടും കേസ് പരിഗണിക്കാനും ബെഞ്ച് നിർദേശിച്ചു.
മതംമാറുന്നവരെ വിചാരണ ചെയ്യാനുള്ള വ്യവസ്ഥ ഭരണഘടന വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് മധ്യപ്രദേശ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. വിവാഹത്തിനായി സ്വന്തം ഇഷ്ടപ്രകാരം മതംമാറുന്നത് കുറ്റകരമല്ലെന്നും ഹൈക്കോടതി ഡിവിഷൻബെഞ്ച് വ്യക്തമാക്കി. വിവാഹം മതപരിവർത്തനത്തിനുള്ള മാർഗമായി രാജ്യത്ത് ഉപയോഗിക്കുന്നുണ്ടെന്നും മധ്യപ്രദേശ് ഹൈക്കോടതി തെറ്റായ സന്ദേശമാണ് നൽകുന്നതെന്നും സംസ്ഥാന സർക്കാരിനുവേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സംഘടിത മതപരിവർത്തനവും പ്രലോഭനങ്ങൾ വഴിയുള്ള മതപരിവർത്തനവും നടക്കുന്നു. സമൂഹത്തിന് കണ്ണും പൂട്ടിയിരിക്കാൻ കഴിയില്ല. നിയമപരമായ ശിക്ഷാനടപടികൾക്ക് വിധേയരാകാതെ ആളുകൾ എല്ലാ സംസ്ഥാനത്തും മതംമാറ്റി വിവാഹം കഴിക്കുകയാണെന്നും തുഷാർ മേത്ത ആരോപിച്ചു.
ഇതിനോട് പ്രതികരിക്കവെയാണ് എല്ലാ മതപരിവർത്തനവും നിയമവിരുദ്ധമമാണെന്ന് പറയാനാവില്ലെന്ന് ജസ്‌റ്റിസ് ഷാ പറഞ്ഞത്. എന്നാൽ ഇത് ദേശീയ പ്രശ്‌നമാണെന്നും ഹൈക്കോടതി ഉത്തരവ് മരവിപ്പിക്കേണ്ടത് അടിയന്തരാവശ്യമാണെന്നും സോളിസിറ്റർ ജനറൽ വാദിച്ചു. മതം മാറാൻ ആഗ്രഹിക്കുന്നവർ 60 ദിവസം മുമ്പ് ജില്ലാ മജിസ്‌ട്രേറ്റിന് താൻ സ്വന്തം താൽപര്യപ്രകാരമാണ് ഇങ്ങനെ ചെയ്യുന്നതെന്ന് കാണിച്ച് സത്യവാങ്‌മൂലം നൽകണമെന്ന് മധ്യപ്രദേശ് സർക്കാർ നിയമവ്യവസ്ഥ കൊണ്ടുവന്നു. ഇതിന്റെ ലംഘനം ശിക്ഷാർഹമാണെന്നും വ്യവസ്ഥ ചെയ്‌തത് ഹൈക്കോടതി റദ്ദാക്കി.