തെരുവുനായ ആക്രമണം അതിരൂക്ഷമായിരുന്ന കഴിഞ്ഞ വര്‍ഷം സംസ്ഥാനത്ത് തെരുവുനായ്ക്കളുടെ കടിയേറ്റത് 4.1 ലക്ഷം പേര്‍ക്ക്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേന തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതികളടക്കം നടപ്പാക്കിയിട്ടും തെരുവുനായ്ക്കളുടെ ആക്രമണവും എണ്ണവും വര്‍ധിക്കുന്നതായാണു കണക്കുകള്‍ വ്യക്തമാക്കുന്നത്.
മുന്‍ വര്‍ഷത്തേക്കാള്‍ ഇരട്ടിയിലധികം ആളുകള്‍ക്കാണ് 2022ല്‍ കടിയേറ്റിട്ടുള്ളത്. 4,17,931 പേര്‍ക്ക്. 2017 ല്‍ 1,35,749 , 2018ല്‍ 1,48,899, 2019ല്‍ 1,61,055, 2020ല്‍ 1,60,483 എന്നിങ്ങനെയാണ് ആക്രമിക്കപ്പെട്ടവരുടെ എണ്ണം.
കുടുംബശ്രീ ഉള്‍പ്പെടെയുള്ള സംഘടനകളെ ഉള്‍പ്പെടുത്തി തദ്ദേശ സ്ഥാപനങ്ങള്‍ വഴി നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്ന പദ്ധതി നടപ്പാക്കിയിരുന്നു. എന്നാല്‍ ഇതു ഫലപ്രദമാകാതെ വന്നതോടെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ കുടുംബശ്രീ യുണിറ്റുകളെ ഒഴിവാക്കിയിരുന്നു.
പദ്ധതി നിലച്ചതോടെ തെരുവുനായ്ക്കളും പെരുകി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നേരിട്ട്, അനിമല്‍ ബര്‍ത്ത് കണ്ട്രോളിംഗ് ചെയ്യുന്നതിന് അനുമതിയുള്ള മൃഗക്ഷേമ സംഘടനകള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെങ്കിലും ഇതൊന്നും ഫലപ്രദമാകുന്നില്ലെന്നാണു വര്‍ഷംതോറും പെരുകുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍നിന്നും വ്യത്യസ്തമായി കഴിഞ്ഞ വര്‍ഷം തെരുവുനായ ആക്രമണം പെരുകുകയും വലിയ ചര്‍ച്ചാവിഷയം ആകുകയും ചെയ്തതോടെ തദ്ദേശവകുപ്പ് ഉന്നതതല യോഗം വരെ ചേര്‍ന്നിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് തലത്തില്‍ 637 ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി. 52,144 പഞ്ചായത്തുകളില്‍ വാക്സിനേഷന് ക്യാമ്പുകള്‍ സംഘടിപ്പിച്ചു. ഇതില്‍ 3,256 തെരുവുനായ്ക്കള്‍ക്കും 2,43,950 വളര്‍ത്തുനായ്ക്കള്‍ക്കും വാക്സിനേഷന് നല്‍കിയിരുന്നു. നഗരസഭാ തലത്തില്‍ 12,022 തെരുവുനായ്ക്കള്‍ക്കു വാക്സിനേഷന് നല്‍കിയെങ്കിലും തെരുവുനായ നിയന്ത്രണത്തിനു ഗുണകരമാകുന്ന നടപടികള്‍ സംസ്ഥാനത്ത് വീണ്ടും ഇഴയുകയാണ്.