കോഴിക്കോട്: സാമൂതിരിയുടെ തട്ടകത്തില്‍ കലയുടെ കേളികൊട്ടുയരാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. അറുപത്തിയൊന്നാം കേരള സ്‌കൂള്‍ കലോത്സവത്തിനെത്തുന്ന കലാപ്രതിഭകളെ സ്വീകരിക്കാന്‍ നഗരം ഒരുങ്ങി.
കലോത്സവത്തില്‍ ഒന്നാംസ്ഥാനം നേടുന്ന ജില്ലയ്ക്കുള്ള സ്വര്‍ണക്കപ്പ് തിങ്കളാഴ്ച കോഴിക്കോട്ടെത്തും. പാലക്കാട് നിന്ന് ഘോഷയാത്രയായി കൊണ്ടുവരുന്ന സ്വര്‍ണക്കപ്പ് രാമനാട്ടുകരയില്‍വെച്ച് ഉച്ചയ്ക്ക് ഒരുമണിയോടെ സംഘാടകസമിതി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ., ട്രോഫി കമ്മിറ്റി ചെയര്‍മാന്‍ കുഞ്ഞഹമ്മദ്കുട്ടി എം.എല്‍.എ., കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ മനോജ്കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങും. സ്വര്‍ണക്കപ്പുമായുള്ള ഘോഷയാത്ര മൂന്നുമണിയോടെ മുതലക്കുളം മൈതാനിയിലെത്തും. ആറുമണിവരെ കപ്പ് മാനാഞ്ചിറ സ്‌ക്വയറില്‍ പ്രദര്‍ശനത്തിനായിവെക്കും.
കഴിഞ്ഞ ഒന്നരമാസത്തോളമായി കലോത്സവത്തിനായുള്ള തയ്യാറെടുപ്പുകളിലായിരുന്നു നഗരം. 239 ഇനങ്ങളിലായി 14,000 -ഓളം മത്സരാര്‍ഥികള്‍ മാറ്റുരയ്ക്കും. 24 വേദികളാണ് സജ്ജീകരിച്ചിരിക്കുന്നത്. മത്സരവേദികള്‍ക്ക് സാഹിത്യത്തിലെ ഭാവനാഭൂപടങ്ങള്‍ അടങ്ങിയ പേരുകളാണ് നല്‍കിയത്. കലോത്സവവേദികളിലേക്ക് സുഗമമായി എത്തുന്നതിന് ഗൂഗിള്‍ മാപ്പും ഒരുക്കിയിട്ടുണ്ട്.വേദികളുടെ താക്കോല്‍ സ്വീകരിക്കലും ശബ്ദ-വെളിച്ച സംവിധാനത്തിന്റെ സ്വിച്ച് ഓണും മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിച്ചു. വിക്രം മൈതാനത്ത് നടന്ന ചടങ്ങില്‍ പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. അധ്യക്ഷനായി. ഇ.കെ. വിജയന്‍ എം.എല്‍.എ., പൊതുവിദ്യാഭ്യാസഡയറക്ടര്‍ കെ. ജീവന്‍ ബാബു, ഡി.ഡി.ഇ. കെ. മനോജ് കുമാര്‍, എ.ഡി.പി.ഐ.മാരായ സി.എ. സന്തോഷ്, ഷൈന്‍ മോന്‍, സ്റ്റേജ് ആന്‍ഡ് പന്തല്‍ കമ്മിറ്റി കണ്‍വീനര്‍ കരീം പടുകുണ്ടില്‍ തുടങ്ങിയവര്‍ പങ്കെടത്തു.
തിങ്കളാഴ്ചമുതല്‍ ടീമുകള്‍ ജില്ലയില്‍ എത്തിത്തുടങ്ങും. നഗരത്തില്‍ ആദ്യമെത്തുന്ന ജില്ലാടീമിന് ഒമ്പതിന് റെയില്‍വേസ്റ്റേഷനില്‍ റിസപ്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും.
കേരള സ്‌കൂള്‍ കലോത്സവത്തിന്റെ പ്രധാനവേദിയായ വിക്രം മൈതാനിയില്‍ കൊടിമരം സ്ഥാപിച്ചു. ഇ.കെ. വിജയന്‍ എം.എല്‍.എ.യില്‍നിന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ് കൊടിമരം ഏറ്റുവാങ്ങി. പന്തീരാങ്കാവ് സ്വദേശി ആര്‍ട്ടിസ്റ്റ് പരാഗാണ് ഗിറ്റാറിന്റെ ആകൃതിയിലുള്ള കൊടിമരം തയ്യാറാക്കിയത്.മലബാര്‍ ക്രിസ്ത്യന്‍കോളേജ് കാമ്പസ്: ഭക്ഷണകമ്മിറ്റിയുടെ നേതൃത്വത്തില്‍ പായസം പാകംചെയ്ത് അടുക്കളയുടെ ഉദ്ഘാടനം .4.00
മീഡിയ പവിലിയന്‍: മീഡിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മീഡിയ പവിലിയന്‍ ഉദ്ഘാടനം. മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, വി. ശിവന്‍കുട്ടി .4.30
സംഘാടകസമിതി ഓഫീസ്: പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലയെക്കുറിച്ചുള്ള വിവരണം ക്രോഡീകരിച്ചുള്ള ബുക്ലൈറ്റ് പ്രകാശനം 6.00