24.2 C
Iritty, IN
October 5, 2024
  • Home
  • Kerala
  • റെയിൽവേ സെർവറിൽ സൈബർ ആക്രമണം ; 3 കോടി യാത്രികരുടെ വിവരം ചോർത്തി
Kerala

റെയിൽവേ സെർവറിൽ സൈബർ ആക്രമണം ; 3 കോടി യാത്രികരുടെ വിവരം ചോർത്തി

റെയിൽവേയുടെ സെർവറിൽ നുഴഞ്ഞുകയറി ഹാക്കർ മൂന്നുകോടി യാത്രക്കാരുടെ വ്യക്തിവിവരങ്ങൾ ചോർത്തി. ഡൽഹി എയിംസ്‌ ആശുപത്രിയിൽനിന്ന്‌ പ്രമുഖരുടെയടക്കം ആരോഗ്യവിവരം ചോർത്തിയ സൈബർ ആക്രമണത്തിന്‌ ആഴ്‌ചകൾക്കുള്ളിലാണ്‌ അടുത്ത കടന്നുകയറ്റം. ഐആർസിടിസിയുടെ വിവരങ്ങൾ ചോർത്തി ഹാക്കർ ഡാർക്ക്‌ വെബ്ബിൽ വിൽപ്പനയ്‌ക്ക്‌ വച്ചെന്നും ഓൺലൈൻ മാധ്യമം റിപ്പോർട്ട്‌ ചെയ്‌തു. എന്നാല്‍ ഇക്കാര്യം റെയിൽവേ മന്ത്രാലയം നിഷേധിച്ചു. വിഷയം ഐആർസിടിസി അന്വേഷിക്കുമെന്നും ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്‌ വിശദാംശങ്ങൾ കൈമാറിയെന്നും അറിയിച്ചു.

ഉപയോക്താവിന്റെ വ്യക്തിവിവരവും ടിക്കറ്റ്‌ ബുക്ക്‌ ചെയ്‌തതിന്റെ വിവരവും രണ്ടായാണ്‌ വിൽപ്പനയ്‌ക്ക്‌ വച്ചത്‌. ആദ്യത്തേതിൽ, ഐആർസിടിസി അക്കൗണ്ട്‌ രൂപീകരിക്കുമ്പോൾ, ഉപയോക്താവ്‌ നൽകുന്ന യൂസർനെയിം, ഇ– -മെയിൽ, ഫോൺ നമ്പർ, ലിംഗം, സംസ്ഥാനം, ഭാഷാ മുൻഗണന എന്നിവയാണുള്ളത്‌. രണ്ടാം ഭാഗത്തിൽ ട്രെയിൻ നമ്പർ, യാത്രാ വിശദാംശങ്ങൾ, ഇൻവോയ്സ്, ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഉപയോക്താക്കൾ നൽകുന്ന മറ്റ് വിവരങ്ങൾ എന്നിവ. 400ഡോളർ , 500ഡോളർ , 1400 ഡോളർ എന്നിങ്ങനെയാണ്‌ വിലയിട്ടിരിക്കുന്നത്‌. ടിക്കറ്റ്‌ ബുക്കിങ്ങിലെ സ്വകാര്യ പണമിടപാട്‌ സേവനദാതാക്കളായ ആമസോൺ, പേടിഎം, മേക്ക്‌ മൈ ട്രിപ്‌ എന്നിവയോട് ഡാറ്റ ചോർച്ച ഉണ്ടായോ എന്ന്‌ പരിശോധിക്കാന്‍ റെയിൽവേ നിർദേശിച്ചു.

ആധാറിൽ കരുതൽ 
വേണമെന്ന്‌ കേന്ദ്രം
ആധാർ വിവരങ്ങൾ പങ്കിടുന്നത്‌ കരുതലോടെ വേണമെന്ന്‌ ആവർത്തിച്ച്‌ കേന്ദ്ര സർക്കാർ. ഡാറ്റ ചോർച്ചയും സൈബർ നുഴഞ്ഞുകയറ്റവും വൻ ഭീഷണിയായ സാഹചര്യത്തിലാണ് ഇത്‌. ആധാർ കാർഡോ അതിന്റെ പകർപ്പോ അലക്ഷ്യമായി വയ്‌ക്കരുത്‌. സമൂഹമാധ്യമങ്ങളിലോ ഇതര പൊതുമണ്ഡലങ്ങളിലോ ആധാർ പ്രദർശിപ്പിക്കരുത്‌. അനധികൃത സ്ഥാപനങ്ങൾക്ക്‌ ആധാർ ഒടിപി കൈമാറരുത്‌. ആധാർ ബന്ധിത മൊബൈൽ നമ്പർ യഥാസമയം പുതുക്കണം.

ആധാറിന്റെ രഹസ്യസ്വഭാവം സംരക്ഷിക്കാൻ യുഐഡിഎഐ വെബ്‌സൈറ്റിൽനിന്ന്‌ വെർച്വൽ ആധാർ സൃഷ്ടിച്ച്‌ ആവശ്യത്തിന്‌ ഉപയോഗിക്കാം. നിശ്ചിതകാലത്തേക്ക്‌ ആധാറോ ബയോമെട്രിക്‌ വിവരങ്ങളോ ഉപയോഗിക്കാൻ താൽപ്പര്യമില്ലാത്തവർക്ക്‌ ഇവ ലോക്ക്‌ ചെയ്‌ത്‌ വയ്‌ക്കാം. ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്നവര്‍ അത്‌ നിയമപരമായി മാത്രമാണ്‌ ഉപയോഗിക്കുന്നതെന്ന്‌ ഉറപ്പാക്കണം. ആധാർ നമ്പരിൽ ആറു മാസത്തെവരെ സാധുത്വം യുഐഡിഎഐ സൈറ്റിൽനിന്ന്‌ അറിയാം–-ഇലക്‌ട്രോണിക്‌ ആൻഡ്‌ ഐടി മന്ത്രാലയം അറിയിച്ചു.

Related posts

ആരോഗ്യമന്ത്രി വീണാ ജോർജ്‌ ക്യാമ്പുചെയ്യുന്നു യുദ്ധകാല ജാഗ്രത ; നേതൃത്വം നൽകാൻ നാലു മന്ത്രിമാർ ; ചാത്തമംഗലം അടച്ചു.

Aswathi Kottiyoor

വിഴിഞ്ഞം തുറമുഖ സമരം നൂറാംദിനത്തിൽ; ഇന്ന് കരയിലും കടലിലും പ്രതിഷേധം

Aswathi Kottiyoor

ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം വഴി സംസ്ഥാനത്തിന് അരി ലഭ്യമാക്കണം – മന്ത്രി ജി.ആർ. അനിൽ

Aswathi Kottiyoor
WordPress Image Lightbox