22.9 C
Iritty, IN
July 8, 2024
  • Home
  • Kerala
  • കാട്ടാനപ്പിടിയിൽ ഞെരിഞ്ഞ്‌ ആറളത്തിന്റെ ഇന്നലെകൾ
Kerala

കാട്ടാനപ്പിടിയിൽ ഞെരിഞ്ഞ്‌ ആറളത്തിന്റെ ഇന്നലെകൾ

കാട്ടാനയാക്രമണത്തിൽ പിടഞ്ഞ്‌ മരിച്ച മൂന്നുപേരുടെ പൊള്ളുന്ന ഓർമകളുമായാണ്‌ ആറളം ഫാമുകാരുടെ ഈ വർഷം കടന്നുപോകുന്നത്‌. ജനുവരി 31ന്‌ പുലർച്ചെ ഫാം ബ്ലോക്ക്‌ ഒന്നിൽ കള്ള്‌ ചെത്താനെത്തിയ കൊളപ്പ പാണലാട്ടെ ചെത്ത്‌ തൊഴിലാളി പി പി റിജേഷിനെയാണ്‌ ഇക്കൊല്ലം ആദ്യം കാട്ടാന വകവരുത്തിയത്‌. രാവിലെ ഏഴോടെ തെങ്ങ് ചെത്താനായി നാലുപേർക്കൊപ്പം പോകുമ്പോഴാണ് സംഭവം. തെങ്ങിൻതോപ്പിലെ കൊക്കോ ചെടിക്ക് പിന്നിൽ മറഞ്ഞിരുന്ന മോഴയാന നാലുപേർക്കും നേരെ പാഞ്ഞടുത്തു. ഒപ്പമുണ്ടായിരുന്ന അനൂപ്, സുനിൽകുമാർ, ജയൻ എന്നിവർ ഓടിരക്ഷപ്പെട്ടു. ആനയ്‌ക്ക്‌ മുന്നിൽപ്പെട്ട റിജേഷിനെ 100 മീറ്ററോളം പിൻതുടർന്ന മോഴ നെഞ്ചിലും വയറ്റിലും കുത്തുകയായിരുന്നു. റിജേഷ് സംഭവസ്ഥലത്തുതന്നെ മരിച്ചു.
ജൂലൈ 14ന്‌ രാവിലെ പത്തരയോടെ ഫാം ഏഴാം ബ്ലോക്കിലെ പുതുശേരി ദാമു (46) കാട്ടാനയുടെ ചവിട്ടേറ്റാണ്‌ കൊല്ലപ്പെട്ടത്‌. വീട്ടിനടുത്ത് കുടുംബക്കാർക്കൊപ്പം വിറക് ശേഖരിക്കുന്നതിനിടയിൽ പിന്നിൽനിന്നെത്തിയ ആന തുമ്പിക്കൈകൊണ്ട്‌ ദാമുവിനെ അടിച്ചുവീഴ്ത്തി തലയ്ക്ക് ചവിട്ടുകയായിരുന്നു. കൂടെയുണ്ടായ ബന്ധുക്കൾ രവി, വിജേഷ്, സിബി എന്നിവർ ഓടിരക്ഷപ്പെട്ടു.
സെപ്‌തംബർ 27ന്‌ ആനക്കലിയിൽ വീണ്ടും ആറളത്ത്‌ ആദിവാസി ജീവൻ പൊലിഞ്ഞു. ഒമ്പതാം ബ്ലോക്ക്‌ പൂക്കുണ്ടിലെ വാസു കാളികയത്തെയാണ്‌ (37) കാട്ടാന അടുത്ത ഇരയാക്കിയത്‌. രാത്രി ഒമ്പതോടെയാണ്‌ സംഭവം. ഇക്കൊല്ലമാണ്‌ ഏറ്റവും രൂക്ഷമായി ആറളം ഫാമിൽ കാട്ടാന സാന്നിധ്യവും തുടർച്ചയായ മരണങ്ങളുമുണ്ടായത്‌. 2018 മുതൽ ഏഴ്‌ പേരെ ആറളം ഫാമിൽ കാട്ടാനകൾ കൊന്നു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതലയോഗത്തിൽ തീരുമാനിച്ച ആനമതിൽ യാഥാർഥ്യമാവുന്നതോടെ ആനപ്പേടിയില്ലാതെ ഉറങ്ങാമെന്ന പ്രതീക്ഷയിലാണ്‌ ആറളം നിവാസികൾ.

Related posts

നിപ: ജില്ലകളിൽ ലിസ്റ്റ് തയ്യാറാക്കും

Aswathi Kottiyoor

കളമശ്ശേരിയിൽ 500 കിലോ സുനാമി ഇറച്ചി പിടികൂടിയതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്

Aswathi Kottiyoor

കാറുടമയുടെ ചവിട്ടേറ്റ് ചികിത്സയിൽ കഴിയുന്ന രാജസ്ഥാൻ നാടോടി ബാലനിൽ നിന്നും ബാലാവകാശ കമ്മിഷൻ ഇന്ന് മൊഴിയെടുക്കും

Aswathi Kottiyoor
WordPress Image Lightbox