22.6 C
Iritty, IN
July 8, 2024
  • Home
  • Kerala
  • റേഷൻ വിതരണം: തകരാർ പരിഹരിക്കാൻ യോഗം വിളിക്കും
Kerala

റേഷൻ വിതരണം: തകരാർ പരിഹരിക്കാൻ യോഗം വിളിക്കും

റേഷൻ ഇ പോസ് നെറ്റ്‌വർക്കിൽ തുടർച്ചയായി ഉണ്ടാകുന്ന തകരാർ പരിഹരിക്കാൻ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) അധികൃതരുടെ യോഗം വിളിക്കാൻ കേരളം തീരുമാനിച്ചു. രണ്ടാഴ്ചയ്ക്കകം യോഗം ചേരും. ഹൈദരാബാദിലെ എൻഐസി സർവറിലെ പ്രശ്നങ്ങൾ കാരണമാണ് തുടർച്ചയായി കേരളത്തിൽ റേഷൻ വിതരണം തടസ്സപ്പെടുന്നതെന്നാണു പ്രാഥമിക നിഗമനം. ശാശ്വത പരിഹാരത്തിന് എൻഐസി അധികൃതരുടെ സഹായം തേടും. പരിഹാരം ആയില്ലെങ്കിൽ മറ്റു വഴികൾ തേടാൻ സർക്കാർ നിർബന്ധിതമായേക്കും. ഭക്ഷ്യ പൊതുവിതരണ വകുപ്പിലെ ഐടി വിദഗ്ധർ സാങ്കേതിക റിപ്പോർട്ട് തയാറാക്കി സർക്കാരിനു സമർപ്പിക്കും.

സംസ്ഥാന സർക്കാർ, ഓതന്റിക്കേഷൻ യൂസർ ഏജൻസി, ഓതന്റിക്കേഷൻ സർവീസ് ഏജൻസി, യുഐഡിഎഐ (ആധാർ) എന്നിങ്ങനെ നാലു സെർവറുകൾ ഒരുമിച്ചു കാര്യക്ഷമമായി പ്രവർത്തിക്കുമ്പോഴാണു ഇ പോസ് സംവിധാനം സുഗമമായി പ്രവർത്തിക്കുന്നത്.

സംവിധാനത്തിന്റെ ഭാഗമായി റേഷൻ കടകളിൽ സ്ഥാപിച്ചിരിക്കുന്ന യന്ത്രങ്ങളിൽ വിരൽ അമർത്തുമ്പോൾ ബയോ മെട്രിക് വിവരശേഖരണം നടത്തി കാർഡ് ഉടമയെ തിരിച്ചറിഞ്ഞാൽ മാത്രമേ റേഷൻ സാധനങ്ങൾ നൽകാനാകൂ. ആധാർ അധിഷ്ഠിതമായ ബയോ മെട്രിക് വെരിഫിക്കേഷൻ സംവിധാനം തുടക്കത്തിലേ പിഴയ്ക്കുന്നതാണു റേഷൻ വിതരണം പല ജില്ലകളിലും തടസ്സപ്പെടാൻ കാരണമെന്നു വ്യക്തമായിട്ടുണ്ട്. ബിഎസ്എൻഎൽ സിം ഉപയോഗിക്കുന്ന ഇ പോസ് യന്ത്രങ്ങളിൽ നെറ്റ്‌വർക് പ്രശ്നങ്ങൾ ഉള്ളതാണു കേരളത്തിലെ തകരാറിനു കാരണമെന്നാണ് എൻഐസി നിലപാട്. ഇതേ തുടർന്ന് രണ്ടു സിം കാർഡുകൾ ഉപയോഗിക്കാൻ റേഷൻ വ്യാപാരികൾക്ക് സർക്കാർ അനുവാദം നൽകിയിട്ടുണ്ട്. എന്നിട്ടും പ്രശ്നങ്ങൾ തുടരുകയാണ്.

അതേസമയം, തുടർച്ചയായി മൂന്നാംദിനമായ ഇന്നലെയും ഇ പോസ് നെറ്റ്‌വർക് പ്രശ്നങ്ങൾ കാരണം സംസ്ഥാനത്തു പലയിടത്തും റേഷൻ വിതരണം മെല്ലെപ്പോക്കിലായി. റേഷൻ കാർഡ് ഉടമയുടെ റജിസ്റ്റർ ചെയ്ത മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി ഉപയോഗിച്ചാണ് പലയിടത്തും വിതരണം നടന്നത്. ഈ മാസം അഞ്ചു ലക്ഷത്തിലേറെ ഇടപാടുകൾക്ക് ഒടിപി ആയിരുന്നു ആശ്രയം.

റേഷൻ കടകൾ രാവിലെയും ഉച്ചയ്ക്കുശേഷവും: രീതി തുടരും

തിരുവനന്തപുരം ∙ സംസ്ഥാനത്ത് 7 ജില്ലകളിൽ വീതം റേഷൻ കടകൾ രാവിലെയും ഉച്ചയ്ക്കുശേഷവുമായി പ്രവർത്തിക്കുന്ന രീതി ജനുവരിയിലും തുടരാൻ തീരുമാനിച്ചതായി മന്ത്രി ജി.ആർ.അനിൽ പറഞ്ഞു. നവംബർ 24ന് ആരംഭിച്ച സംവിധാനമാണു തുടരുക. 7 ജില്ലകളിലെ കടകൾ രാവിലെ 8 മണി മുതൽ ഉച്ചയ്ക്ക് ഒരു മണി വരെയും ബാക്കി 7 ജില്ലകളിലെ കടകൾ ഉച്ച തിരിഞ്ഞ് 2 മണി മുതൽ 7 മണി വരെയും ആണു പ്രവർത്തിക്കുക. ഇ പോസ് നെറ്റ്‌വർക്കിലെ പ്രശ്നങ്ങൾ കാരണമാണു ഇപ്പോഴത്തെ ക്രമീകരണം തുടരുന്നത്.

അതേസമയം, ഡിസംബറിലെ റേഷൻ വിതരണത്തിന് ഇനി രണ്ടു ദിവസങ്ങളാണു ബാക്കി. ഇതു വരെ 66.55% കാർഡ് ഉടമകൾ മാത്രമാണു റേഷൻ വാങ്ങിയത്. മുൻഗണനാ വിഭാഗം കാർഡ് ഉടമകളിൽ 7 ലക്ഷത്തോളം പേർ റേഷൻ വാങ്ങാൻ ഉണ്ട്.

Related posts

വാഹനം സൂക്ഷിച്ച് ഓടിക്കണേ…കേരളത്തിലെ റോഡപകടങ്ങളിൽ വർധന

Aswathi Kottiyoor

സ്വര്‍ണവില പവന് 80 രൂപ കൂടി 35,440 ആയി.

Aswathi Kottiyoor

ബുദ്ധിപരമായ വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് ഏതറ്റം വരെയും സഹായം നൽകും: മന്ത്രി വി. ശിവൻകുട്ടി

Aswathi Kottiyoor
WordPress Image Lightbox