21.9 C
Iritty, IN
November 22, 2024
  • Home
  • Kerala
  • ഫുട്ബോൾ ചക്രവർത്തി പെലെ അന്തരിച്ചു
Kerala

ഫുട്ബോൾ ചക്രവർത്തി പെലെ അന്തരിച്ചു

ലോക ഫുട്ബോളിന്റെ ഹൃദയം നിലച്ചു. പെലെ ഒരു ഓർമപ്പന്തായി. വ്യാഴം അർധരാത്രിയോടെയാണ്‌ അന്ത്യം. 82 വയസായിരുന്നു. അർബുദത്തെ തുടർന്ന്‌ ഏറെനാളായി സാവോപോളോയിലെ ആൽബർട്ട്‌ ഐൻസ്‌റ്റീൻ ആശുപത്രിയിലായിരുന്നു. ലോകകപ്പ്‌ ആരവങ്ങൾക്കിടെയായിരുന്നു പെലെയെ രോഗം കടന്നാക്രമിച്ചത്‌. കളിക്കളം ഒന്നായി ഫുട്‌ബോൾ ഇതിഹാസത്തിനായി നിലകൊണ്ടു. ഓരോ ഘട്ടത്തിലും തിരിച്ചുവരവിന്റെ സൂചനകൾ നൽകി. ലോകകപ്പ്‌ നേടിയ ലയണൽ മെസിയെ മനസ്‌ തുറന്ന്‌ അഭിനന്ദിച്ചു. ഫ്രഞ്ച്‌ യുവതാരം കിലിയൻ എംബാപ്പെയ്‌ക്ക്‌ വേണ്ടിയും കുറിപ്പിട്ടു.22 വർഷം ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ച ഇതിഹാസമാണ് മറഞ്ഞത്. സാവോപോളോയിലെ തെരുവുകളിൽ പന്തു തട്ടിയായിരുന്നു എഡ്‌സൺ അരാന്റസ്‌ ഡൊ നാസിമെന്റൊ എന്ന പെലെ ജീവിതം തുടങ്ങിയത്. വിശപ്പ് മറക്കാനുള്ള മരുന്നായിരുന്നു കുഞ്ഞുപെലെയ്‌ക്ക്‌ കാൽപ്പന്ത്. കാലുറയില്ലാതെ തെരുവിൽ പന്ത് തട്ടിത്തുടങ്ങിയ ആ കുട്ടി പിന്നെ ഫുട്ബോൾ ഭരിച്ചു. നേട്ടങ്ങളെല്ലാം അനുപമായിരുന്നു.

ബ്രസീലിനുവേണ്ടി മൂന്ന് ലോകകപ്പുകൾ നേടി. 1958, 1962, 1970 ലോകകപ്പുകളിൽ ബ്രസീൽ ചാമ്പ്യൻമാരായപ്പോൾ പെലെയായിരുന്നു താരം. 1957ൽ അരങ്ങേറി. 1971ലായിരുന്നു അവസാന രാജ്യാന്തര മത്സരം. രാജ്യത്തിനായി കളിച്ചത് 92 മത്സരങ്ങൾ. 77 ഗോളടിച്ചു. ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരൻ. ഖത്തർ ലോകകപ്പിൽ നെയ്‌മർ ആ നേട്ടത്തിനൊപ്പമെത്തി.ക്ലബ്ബ് ഫുട്ബോളിൽ സാന്റോസിലായിരുന്നു ഏറെക്കാലം കളിച്ചത്. 1956 മുതൽ 1974വരെ 638 മത്സരങ്ങളിൽ കളിച്ചു.
നേടിയത് 619 ഗോൾ. തുടർന്ന് ന്യൂയോർക്ക് കോസ്മോസിന് വേണ്ടിയും പന്ത് തട്ടി.നേടാത്ത ബഹുമതികളില്ല. രണ്ടായിരത്തിൽ ഫിഫയുടെ നൂറ്റാണ്ടിന്റെ താരമായി. പ്രായത്തിന്റെ അവശതക്കൊപ്പം അവസാനകാലത്ത്‌ കുടലിനെ ബാധിച്ച അർബുദം ആശുപത്രിവാസത്തിന്‌ കാരണമായി. പരിശോധനയിൽ കരളിലും ശ്വാസകോശത്തിലും മുഴകൾ കണ്ടെത്തിയിരുന്നു. ഒരുവർഷമായി ആശുപത്രിയും വീടുമായി കഴിയവേയാണ്‌ മരണം.

Related posts

വിവാഹമോചനം : രക്ഷിതാവിന് കുട്ടിടെ പേരുൾപ്പെടുത്തി ഒരാഴ്ചക്കുള്ളിൽ റേഷൻ കാർഡ് നൽകണം- ബാലാവകാശ കമ്മീഷൻ

Aswathi Kottiyoor

കൃഷിയിടങ്ങളിൽ സൂക്ഷ്മ മൂലകം തളിക്കാൻ ഡ്രോണുമായി കൃഷി വകുപ്പ്

Aswathi Kottiyoor

വയോജനങ്ങൾക്ക്​ ഹെൽപ്പ്​ ലൈൻ സേവനവുമായി സാമൂഹ്യനീതി വകുപ്പ്​

Aswathi Kottiyoor
WordPress Image Lightbox