ഇരിട്ടി: കേരളത്തിന്റെ അതിർത്തി പങ്കിടുന്ന കർണാടകയുടെ ബ്രഹ്മഗിരി വന്യജീവി സങ്കേതത്തിന്റെ ബഫർ സോണാക്കി കേരളത്തിൻറെ മൂന്ന് ഗ്രാമങ്ങളെ പരിസ്ഥിതി ലോല മേഖലയിൽ പെടുത്തുവാനുള്ള നീക്കവുമായി കർണ്ണാടകം. ഇതിന്റെ ഭാഗമായി കഴിഞ്ഞദിവസം കർണാടക വനംവകുപ്പിന്റെ വാഹനത്തിലെത്തിയ സംഘം അയ്യൻകുന്ന് പഞ്ചായത്തിലെ ജനവാസ മേഖലയിൽ ഉൾപ്പെടുന്ന പ്രദേശങ്ങൾ അളന്ന് മാർക്ക് ചെയ്തത് ജനങ്ങളെ ആശങ്കയിലക്കുകയാണ്.
പാലത്തും കടവ്, കച്ചേരിക്കടവ്, കളി തട്ടുംപാറ, മുടിക്കയം എന്നിവിടങ്ങളിൽ റോഡിൽ ഉൾപ്പെടെ ചുവന്ന പെയിന്റ് ഉപയോഗിച്ച് അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. കളിതട്ടും പാറയിൽ രണ്ടര കിലോമീറ്റർ ജനവാസ കേന്ദ്രവും ഒന്നര കിലോമീറ്റർ കേരള വനഭൂമിയും കടന്നാണ് രണ്ടാം കടവ് കളിതട്ടുംപാറ റോഡിൽ അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത്. പ്രദേശവാസിയായ കറുകതാര ജിനു ഇക്കാര്യം അന്വേഷിച്ചപ്പോൾ മലയുടെ അളവ് രേഖപ്പെടുത്തുകയാണ് എന്നാണ് സംഘം പറഞ്ഞത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് രാജ്യത്തെ വന്യജീവി സങ്കേതങ്ങളുടെ അതിർത്തികൾ ബഫർസോൺ ആക്കുന്നതിന്റെ ഭാഗമായാണ് കേരള അതിർത്തിക്കുള്ളിൽ കടന്ന് കർണാടക സംഘം അടയാളപ്പെടുത്തലുകൾ നടത്തിയിട്ടുള്ളത് എന്ന നിഗമനത്തിലെത്തിചേർന്നത്. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പളിക്കുന്നേലിന്റെയും സെക്രട്ടറി സി.വി. വേണുഗോപാലിന്റെയും നേതൃത്വത്തിൽ പഞ്ചായത്ത് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കേരള മണ്ണിൽ ഒരു കടന്നുകയറ്റവും സമ്മതിക്കില്ലെന്ന് ചൂണ്ടിക്കാട്ടി യൂത്ത് കോൺഗ്രസ് എത്തി. കളിതെട്ടും പാറയിലെ അടയാളപ്പെടുത്തൽ കരിയോയിൽ ഒഴിച്ചു മായിച്ചു.
വാർഡ് അംഗം എൽസമ്മ ജോസ്, അംഗങ്ങളായ ബിജോയ് പ്ലാത്തോട്ടം ,ജോസ് എ വൺ, മിനി വിശ്വനാഥൻ, വൈസ് പ്രസിഡണ്ട് ലിസി തോമസ്, സീമ സനോജ്, ബീന റോജസ്, ജോസഫ് വട്ടുകുളം, സിബി വാഴക്കാല, ഐസക്ക് ജോസഫ് തുടങ്ങിയവ ജനപ്രതിനിധികളും സ്ഥലത്തെത്തി.