അഞ്ച് കിലോഗ്രാം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്ന പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന (പിഎംജികെഎവൈ)യും അഞ്ച് കിലോഗ്രാം സബ്‌സിഡി നിരക്കിൽ നൽകുന്ന ഭക്ഷ്യസുരക്ഷ പദ്ധതിയും തുടരണമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. 2023ൽ ജനസംഖ്യയിൽ മൂന്നിൽരണ്ട് പേർക്കും ഭക്ഷ്യസുരക്ഷ നിയമപ്രകാരം ‘സൗജന്യറേഷൻ’ നൽകാനുള്ള തീരുമാനം പട്ടിണി കൈകാര്യം ചെയ്യാൻ വേറെ വഴിയില്ലെന്നതിന്റെ കുറ്റസമ്മതമാണ്. ആഗോള പട്ടിണി സൂചികയിൽ ഇന്ത്യയെ ‘അതിഗുരുതര’ വിഭാഗത്തിൽപ്പെടുത്തിയതിനെ മോദിസർക്കാർ അപലപിച്ചെങ്കിലും ഇതാണ് യാഥാർഥ്യം.
രാജ്യത്തെ 81.35 കോടി പേർക്കാണ് അഞ്ച് കിലോഗ്രാം വീതം ഭക്ഷ്യധാന്യം സൗജന്യമായി നൽകുന്നത്. എന്നാൽ, അതിന്റ പേരില്‍ ഈ വിഭാഗത്തിന് കിലോഗ്രാമിന് മൂന്ന് രൂപ നിരക്കിൽ അരിയും രണ്ട് രൂപ നിരക്കിൽ ഗോതമ്പും അഞ്ച് കിലോഗ്രാം വീതം നല്‍കുന്നത് നിര്‍ത്തലാക്കാനാണ് കേന്ദ്രനീക്കം. ഇത് നടപ്പായാൽ മതിയായ അളവിൽ ഭക്ഷണം ലഭിക്കാൻ ആളുകൾ ഭക്ഷ്യധാന്യം പൊതുകമ്പോളത്തിൽനിന്ന് കൂടിയ വിലയ്ക്ക് വാങ്ങേണ്ടിവരും. കോടിക്കണക്കിന് കുടുംബങ്ങൾക്ക് നേരെയുള്ള കനത്ത പ്രഹരമാണിതെന്നും പിബി ചൂണ്ടിക്കാട്ടി.
ജുഡീഷ്യറിയിലെ സർക്കാർ നിയന്ത്രണം എതിർക്കും
ജുഡീഷ്യൽ നിയമനങ്ങളിൽ സർക്കാർ നിയന്ത്രണം കൊണ്ടുവരാനുള്ള കേന്ദ്രത്തിന്റെ നീക്കങ്ങളെ എതിർക്കും. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നതിൽ വിട്ടുവീഴ്‌ചയില്ല. ജഡ്‌ജിമാരുടെ നിയമനങ്ങളിലും സ്ഥലംമാറ്റങ്ങളിലും സർക്കാർ നിലപാടിന് ആധിപത്യം നേടാനുള്ള നീക്കം മോദിസർക്കാർ ശക്തിപ്പെടുത്തിയത് ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും തമ്മിലുള്ള ഏറ്റുമുട്ടലിൽ എത്തിയിരിക്കുകയാണെന്ന് പിബി കമ്യൂണിക്കയില്‍ ചൂണ്ടിക്കാട്ടി.