മൊബൈല്‍ റീചാര്‍ജ് നിരക്കില്‍ മാറ്റം വരുത്താന്‍ ഇന്ത്യയിലെ ടെലികോം സേവനദാതാക്കള്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാക്കളായ എയര്‍ടെല്ലും ജിയോയുമാണ് മൊബൈല്‍ റീചാര്‍ജ് നിരക്കുകള്‍ ഉയര്‍ത്താന്‍ തയാറെടുക്കുന്നത്. 2023 മാര്‍ച്ചോടെ നിരക്കില്‍ 10 ശതമാനത്തിന്റെ വര്‍ധനവ് വരുമെന്നാണ് വിവരങ്ങള്‍.
നേരത്തെ 99 രൂപയുടെ മിനിമം റീചാര്‍ജ് പ്ലാനില്‍ എയര്‍ടെല്‍ മാറ്റം വരുത്തിയിരുന്നു. 99 ല്‍ നിന്ന് 155 രൂപയിയിലേക്കാണ് നിരക്ക് ഉയര്‍ത്തിയത്. രാജ്യത്തെ ചില സര്‍ക്കിളുകളില്‍ മാത്രമാണ് പ്ലാനില്‍ മാറ്റം വരുത്തിയത്. ബാക്കിയുള്ള സ്ഥലങ്ങളില്‍ 99 ന്റെ പ്ലാന്‍ ലഭിക്കുന്നുണ്ട്.
ഈ പ്ലാനില്‍ 99 രൂപയുടെ ടോക്ക് ടൈമും 200 എംബി ഡേറ്റയുമാണ് ലഭിക്കുന്നത്. പുതുക്കിയ പ്ലാനില്‍ അണ്‍ലിമിറ്റഡ് കോളിങ്, ഒരു ജിബി ഡേറ്റ, 300 എസ്എംഎസുകള്‍ എന്നിവ ലഭിക്കും. മറ്റ് സര്‍ക്കിളിലേയ്ക്കും എയര്‍ടെല്‍ ഈ പുതുക്കിയ പ്ലാന്‍ എത്തിക്കുമെന്നാണ് സൂചനകള്‍.
അതേസമയം, രാജ്യത്ത് 5ജി സേവനങ്ങള്‍ ലഭ്യമാക്കിയിട്ടുള്ളത് എയര്‍ടെല്ലും ജിയോയും മാത്രമാണ്. കേരളത്തിലെ 5ജി സേവനം ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. കൊച്ചിയിലും ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുമാണ് 5ജി ലഭ്യമാകാന്‍ തുടങ്ങിയതെങ്കിലും ഈ മാസംതന്നെ തിരുവനന്തപുരത്തുകൂടി സേവനം വ്യാപിപ്പിക്കുമെന്നാണ് വിവരങ്ങള്‍.
എയര്‍ടെലിന്റെ 5ജി സേവനങ്ങള്‍ കൊച്ചി നഗരപരിധിയില്‍ ഇപ്പോള്‍ത്തന്നെ ലഭ്യമാണ്. ഇതിനു പിന്നാലെയാണ് ജിയോ കൂടി എത്തുന്നത്. അതേസമയം 5ജി താരിഫ് ഇരു കമ്പനികളും പ്രഖ്യാപിച്ചിട്ടില്ല.