കോവിഡിനെ തുടർന്ന് മൂന്നു വർഷമായി അടച്ചിട്ട നേപ്പാൾ-ചൈന അതിർത്തിയിലെ പ്രധാന വാണിജ്യപാത ബുധനാഴ്ച തുറന്നു. നേപ്പാളിലെ ചൈനീസ് എംബസി ചടങ്ങിന്റെ ചിത്രങ്ങൾ പുറത്തുവിട്ടു.
ചൈനയിലേക്കുള്ള ചരക്കുകളുടെ കയറ്റുമതി ചൊവ്വാഴ്ച പുനരാരംഭിച്ചെങ്കിലും ഔദ്യോഗിക ചടങ്ങ് ബുധനാഴ്ചയാണ് നടന്നതെന്ന് കാഠ്മണ്ഡു പോസ്റ്റ് പത്രം റിപ്പോർട്ട് ചെയ്തു. ആറ് ട്രക്കുകളിൽ 50 ലക്ഷം രൂപയുടെ നേപ്പാളി സാധനങ്ങൾ ചൈനയിലേക്ക് കടന്നതായി ചൈന പ്രസ്താവനയിൽ പറയുന്നു.
1961ലാണ് ചെക്പോയിന്റ് ഔദ്യോഗികമായി പ്രവർത്തനമാരംഭിച്ചത്. 2020 ഏപ്രിലിൽ നേപ്പാളിന്റെ അഭ്യർഥനപ്രകാരം ഒരുവശത്തേക്കുള്ള ചരക്ക് ഗതാഗതം ആരംഭിച്ചിരുന്നു.