കേന്ദ്രസർക്കാർ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഹിന്ദി അടിച്ചേൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ ശ്രമം രാജ്യത്തിന്റെ അഖണ്ഡതയെ തകർക്കും. രാജ്യത്തിന്റെ ഫെഡറൽ സംവിധാനങ്ങളെ തകർക്കുന്ന കേന്ദ്രസർക്കാർ നയങ്ങളെ ശക്തമായി ചെറുക്കണമെന്നും അദ്ദേഹം പറഞ്ഞു. കർഷകത്തൊഴിലാളി യൂണിയൻ തെലങ്കാന സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഖമ്മത്ത് നടന്ന മഹാറാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.
ഗവർണർമാർ സംസ്ഥാന ഭരണത്തിൽ കടന്നു കയറുന്നു. ബിജെപി ഇതര സർക്കാരുകളെ ഇത് വഴി അസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം. മോദി ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർദ്ധിച്ചു. കോർപ്പറേറ്റുകൾക്ക് വേണ്ടിയാണ് കേന്ദ്ര സർക്കാർ ഭരണം നടത്തുന്നത്.
കർഷകർക്ക് ഇന്ത്യയിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. മോദി സർക്കാർ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി നൽകി. ഇതിനായി കാർഷിക നിയമങ്ങൾ മാറ്റിയെഴുതി. ഓരോ അരമണിക്കൂറിലും ഓരോ കർഷകൻ വീതം ആത്മഹത്യ ചെയ്യുന്ന അവസ്ഥയാണ് ഇന്ന് രാജ്യത്ത് . മോദി ഭരണത്തിൽ രാജ്യത്ത് തൊഴിലില്ലായ്മ വർധിച്ചു. രാജ്യത്തെ 82 ശതമാനം തൊഴിലാളികൾക്കും തൊഴിൽ സുരക്ഷയില്ല.
സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് ബ്രിട്ടീഷുകാരോട് പോരാടി ആരോഗ്യം കളയയേണ്ട എന്ന് കരുതിയവരാണ് ആർ എസ് എസുകാർ. ഇന്ന് രാജ്യത്തെ ഭിന്നിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. നവലിബറൽ നയങ്ങളെയും ഒപ്പം വർഗീയതയെയും ചെറുക്കണം.ഇടതുപക്ഷ നയങ്ങളാണ് രാജ്യത്തെ മികച്ച സംസ്ഥാനമായി കേരളത്തെ മാറ്റിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പതിനായിരങ്ങൾ പങ്കെടുത്ത റാലിയാണ് തെലങ്കാനയിലെ ഖമ്മത്ത് നടന്നത്. ഖമ്മം ഉൾപ്പെടെയുള്ള അഞ്ച് ജില്ലകളിലെ പ്രവർത്തകരാണ് റാലിയിൽ അണി നിരന്നത്. തെലങ്കാനയുടെ പരമ്പരാഗത കലാരൂപങ്ങൾ റാലിക്ക് മിഴിവേകി. സിപിഐ എം തെലങ്കാന സംസ്ഥാന സെക്രട്ടറി തമ്മിനേൻ വീരഭദ്രം,അഖിലേന്ത്യാ കർഷകതൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറി ബി വെങ്കട്,കേരള സംസ്ഥാന സെക്രട്ടറി എൻ ചന്ദ്രൻ എന്നിവർ പങ്കെടുത്തു. തെലങ്കാനയിൽ മുഖ്യമന്ത്രിക്ക് ഉജ്വല വരവേൽപ്പാണ് ലഭിച്ചത്. ഖമ്മത്തെ സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിൽ വാദ്യഘോഷങ്ങളോടെ നേതാക്കളും പ്രവർത്തകരും സ്വീകരിച്ചു.