വൈപ്പിൻമുതൽ -മുനമ്പംവരെ തീരസംരക്ഷണത്തിനും വികസനത്തിനുമായി മദ്രാസ് ഐഐടി തയ്യാറാക്കിയ പഠന റിപ്പോർട്ടിന്റെ അവതരണം കുസാറ്റ് കോൺഫറൻസ് ഹാളിൽ നടന്നു. ഐഐടി പ്രൊഫ. വി സുന്ദർ റിപ്പോർട്ട് അവതരിപ്പിച്ചു. തീരശോഷണം തടയാൻ മൂന്ന് മീൻപിടിത്തഗ്രാമങ്ങൾ തയ്യാറാക്കുക, വിനോദസഞ്ചാരത്തിന്റെ പ്രാധാന്യം കണക്കിലെടുത്ത് ബീച്ച് സംരക്ഷിക്കുക എന്നിവയാണ് പ്രധാന ശുപാർശ.
മാലിപ്പുറം, ഞാറക്കൽ, വെളിയത്താംപറമ്പ് എന്നിവിടങ്ങളിലാണ് മീൻപിടിത്തഗ്രാമങ്ങൾ. നിശ്ചിത അകലത്തിൽ പുലിമുട്ട് നിർമിച്ച് മീൻപിടിത്തയാനങ്ങൾ അടുപ്പിക്കാൻ കഴിയുന്നരീതിയിലാണ് ഗ്രാമങ്ങൾ നിർമിക്കുക. ഇതുവഴി കടലാക്രമണഭീഷണി കുറയ്‌ക്കാനും 10 മാസത്തോളം തീരം ഉപയോഗിക്കാനുമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു. നിലവിൽ നാലു മാസംമാത്രമാണ് തീരം ഉപയോഗിക്കാനാകുന്നത്.
പുത്തൻകടപ്പുറത്ത് ആറ് ചെറിയ പുലിമുട്ട് നിർമിക്കണം. ഇവിടെ ഹാർബർ ഉണ്ടാകില്ല. അണിയിൽ, ആറാട്ടുകടവ് എന്നിവിടങ്ങളിൽ കടൽഭിത്തി തകർന്നത് നിർമിക്കണം. സെയ്‌തുമുഹമ്മദ്, വളപ്പ്, കുഴുപ്പിള്ളി, രക്‌തേശ്വരി, ചെറായി ബീച്ചുകൾ ടൂറിസം പ്രാധാന്യമുള്ളതാണ്. ഇവിടെ കടലിൽ കല്ലിടാതെ ബീച്ച് നിലനിർത്താൻ ഓഫ് ഷോർ ബ്രേക്‌വാട്ടർ പദ്ധതി നടപ്പാക്കുന്നത് പരിഗണിക്കാമെന്ന് റിപ്പോർട്ടിൽ പറയുന്നു. 300 കോടി രൂപയാണ് നിർമാണങ്ങൾക്ക് ചെലവ് പ്രതീക്ഷിക്കുന്നത്.
കുസാറ്റ് സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ വ്യവസായമന്ത്രി പി രാജീവ്, കെ എൻ ഉണ്ണിക്കൃഷ്ണൻ എംഎൽഎ, എസ് ശർമ, കെഎസ്‌സിഎഡിസി എംഡി പി ഐ ഷേക് പരീത്, ജില്ലാ വികസന കമീഷണർ ചേതൻകുമാർ മീണ എന്നിവർ സംസാരിച്ചു. പ്രൊഫ. വി സുന്ദർ, പ്രൊഫ. എസ് എ സന്നാസിരാജ് എന്നിവർ ചേർന്നാണ് റിപ്പോർട്ട് തയ്യാറാക്കിയത്. റിപ്പോർട്ട് അവതരണത്തിനുശേഷം ചർച്ചയും നടന്നു.