25.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • പരീക്ഷയെ നേരിടാം പുഞ്ചിരിയോടെ; ‘സ്‌മൈൽ 2023’ പഠനസഹായി പുറത്തിറക്കി
Kerala

പരീക്ഷയെ നേരിടാം പുഞ്ചിരിയോടെ; ‘സ്‌മൈൽ 2023’ പഠനസഹായി പുറത്തിറക്കി

ജില്ലയിലെ എസ് എസ് എൽ സി, പ്ലസ് വൺ, പ്ലസ് ടു, വി എച്ച് എസ് ഇ വിദ്യാർഥികൾക്ക് ആത്മവിശ്വാസത്തോടെ പരീക്ഷയെ നേരിടാനും ഉന്നത വിജയം കൈവരിക്കാനുമുള്ള പഠനസഹായി പുറത്തിറക്കി. ജില്ലാ പഞ്ചായത്ത്, പൊതുവിദ്യാഭ്യാസ വകുപ്പ്, ഡയറ്റ് കണ്ണൂർ എന്നിവ ചേർന്നാണ് സമഗ്ര വിദ്യാഭ്യാസ പദ്ധതി 2022-23 ന്റെ ഭാഗമായി ‘സ്‌മൈൽ 2023’ പഠന സഹായി തയ്യാറാക്കിയത്.
എസ് എസ് എൽ സി ഹയർസെക്കണ്ടറി, വി എച്ച് എസ് ഇ പരീക്ഷകൾ ആത്മധൈര്യത്തോടെ നേരിടുകയും ഗുണനിലവാരമുള്ള പരീക്ഷാഫലം ഉറപ്പുവരുത്തുകയുമാണ് പ്രധാന ലക്ഷ്യം. പഠനത്തിൽ പിറകിൽ നിൽക്കുന്ന കുട്ടികളെ ആധാരമാക്കി വളരെ ലളിതമായ ഭാഷയിൽ എല്ലാവർക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന തരത്തിലാണ് പഠനസഹായി തയ്യാറാക്കിയത്. എസ് എസ് എൽ സി പഠനസഹായിയിൽ ഐ ടി ഒഴികെയുള്ള എല്ലാ വിഷയങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹയർസെക്കണ്ടറിയിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്‌സ്, അക്കൗണ്ടൻസി, ഇക്കണോമിക്‌സ്, ബിസിനസ് സ്റ്റഡീസ് എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ജില്ലയിലെ വിവിധ അധ്യാപകർ ചേർന്ന് ശാസ്ത്രീയമായാണ് ഇവ തയ്യാറാക്കിയിട്ടുള്ളത്. ക്രിസ്മസ് അവധി കഴിഞ്ഞാൽ സ്‌കൂളുകൾക്ക് ഇവയുടെ കോപ്പി ലഭ്യമാക്കും. തുടർന്ന് ഫെബ്രുവരി ഒന്ന് മുതൽ മോഡൽ പരീക്ഷകളും നടത്തും. സ്‌കൂളുകൾ പഠനസഹായി ഫലപ്രദമായി ഉപയോകുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ മോണിറ്ററിംഗ് ടീം രൂപീകരികരിക്കും.
പഠനസഹായിയുടെ പ്രകാശനം ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രസിഡണ്ട് പി പി ദിവ്യ നിർവഹിച്ചു.
കഴിഞ്ഞ രണ്ടു വർഷം എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷയിൽ ജില്ലക്ക് അഭിമാനകരമായ നേട്ടം കൈവരിക്കാൻ സാധിച്ചത് ഓരോ സ്‌കൂളും, അധ്യാപകരും, കുട്ടികളും എടുത്ത പ്രയത്‌നത്തിന്റെ ഫലമായാണെന്നും ഇനിയുള്ള വർഷങ്ങളിലും അത് തുടരണമെന്നും പ്രസിഡണ്ട് പറഞ്ഞു. പഠനത്തിൽ കുട്ടികൾ നേരിടുന്ന പ്രതിസന്ധികൾ തിരിച്ചറിയാൻ പ്രിൻസിപ്പൽമാർ, പ്രധാനാധ്യാപകർ ക്ലാസുകൾ മോണിറ്റർ ചെയ്യണം. പഠനസഹായി ഉപയോഗപ്പെടുത്താൻ സ്‌കൂൾ തലത്തിൽ കൃത്യമായ പ്രോഗ്രാം ഉണ്ടായിരിക്കണം. കുട്ടികളിൽ ഫോണിന്റെ ഉപയോഗം കുറക്കാൻ രക്ഷിതാക്കൾ നിയന്ത്രണം ഏർപ്പെടുത്തേണ്ടതുണ്ട്. ഇതിനായി രക്ഷിതാക്കളുടെ യോഗം നിർബന്ധമായും വിളിച്ചു ചേർക്കണമെന്നും പരീക്ഷയോട് പേടിയുള്ള കുട്ടികൾക്ക് കൗൺസിലിംഗ് നൽകുന്നതിന് സംവിധാനം ഒരുക്കണമെന്നും പ്രസിഡണ്ട് പറഞ്ഞു.
ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ അഡ്വ. കെ കെ രത്‌നകുമാരി അധ്യക്ഷയായി. കണ്ണൂർ ഡിഡിഇ വി എ ശശീന്ദ്രവ്യാസ് ആക്ഷൻ പ്ലാൻ അവതരിപ്പിച്ചു. പാലയാട് ഡയറ്റ് പ്രിൻസിപ്പൽ ഡോ. കെ വിനോദ്കുമാർ പഠനസഹായിയെക്കുറിച്ച് വിശദീകരിച്ചു.
ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷരായ അഡ്വ. ടി സരള, യു പി ശോഭ, ജില്ലാ പഞ്ചായത്ത് അംഗം സി പി ഷിജു, കണ്ണൂർ ആർ ഡി ഡി ഇൻ ചാർജ് വി അജിത, വിഎച്ച്എസ്ഇ പയ്യന്നൂർ എഡി ഇ ആർ ഉദയകുമാരി, എസ് എസ് കെ ജില്ലാ കോ ഓർഡിനേറ്റർ ഇ സി വിനോദ്, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം കോ ഓർഡിനേറ്റർ പി വി പ്രദീപൻ, ഹയർസെക്കണ്ടറി അസി. കോ ഓർഡിനേറ്റർ ഡോ. കെ വി ദീപേഷ്, ഡി ഇ ഒമാരായ കെ സുനിൽകുമാർ, എൻ എ ചന്ദ്രിക, എ എം രാജമ്മ, ഡയറ്റ് സീനിയർ ലക്ചറർ എസ് കെ ജയദേവൻ, ജില്ലാ പഞ്ചായത്ത് അംഗങ്ങൾ, ഡയറ്റ് ഫാക്കൽറ്റി അംഗങ്ങൾ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, മോഡ്യൂൾ കോർ ഗ്രൂപ്പ് അംഗങ്ങൾ, വിവിധ സ്‌കൂളുകളിലെ പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.

Related posts

കാഞ്ഞങ്ങാട് >കെ.വി.അബ്രാഹം കാനാട്ട് ( ഇട്ടിരാച്ചൻ)(92 ) നിര്യാതനായി.

Aswathi Kottiyoor

സാക്ഷരതാപരീക്ഷ -‘മികവുത്സവം’ നവംബർ 7 മുതൽ

Aswathi Kottiyoor

ശബരിമലയിൽ ചിങ്ങപ്പുലരിയിൽ തീർഥാടക തിരക്ക്

Aswathi Kottiyoor
WordPress Image Lightbox