ഉന്തിയ പല്ലാണെന്ന കാരണത്താൽ സർക്കാർ ജോലി നഷ്ടമായ അട്ടപ്പാടി ആനവായ് ഊരിലെ ഗോത്രവർഗക്കാരനായ മുത്തുവിന്റെ കാര്യത്തിൽ ഇനിയെന്തെങ്കിലും ചെയ്യാൻ കഴിയുക സർക്കാരിനാണെന്നു നിയമവിദഗ്ധർ. നിബന്ധനകളിൽ ഇളവു നൽകി കൂടിക്കാഴ്ചയ്ക്ക് അവസരം ഒരുക്കണമെന്നു മുത്തു പിഎസ്‌സിക്ക് അപേക്ഷ നൽകിയിരുന്നു. ഈ വിഷയത്തിൽ സർക്കാരിന്റെ നിർദേശമില്ലാതെ ഒന്നും ചെയ്യാൻ കഴിയില്ലെന്നു പിഎസ്‌സി പറയുന്നു.
കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് സർവീസ് റൂൾ 1958 ലെ സെക്‌ഷൻ 39 പ്രകാരം സ്പെഷൽ റൂളിലോ മറ്റു നിയമങ്ങളിലോ മാറ്റം വരുത്താൻ സർക്കാരിനു പ്രത്യേക അധികാരമുണ്ട്. അപേക്ഷ പരിഗണിക്കുമ്പോൾ സർക്കാർ പ്രത്യേകാധികാരം പ്രയോഗിക്കുമോയെന്നാണു മുത്തുവും കുടുംബവും കാത്തിരിക്കുന്നത്.
ഓരോ തസ്തികയിലെയും നിയമനം സംബന്ധിച്ച സ്പെഷൽ റൂൾ ഉണ്ട്. വകുപ്പുകൾ തയാറാക്കുന്ന സ്പെഷൽ റൂൾ സർക്കാർ അംഗീകരിച്ച് പിഎസ്‌സിക്കു നിയമന നടപടികൾക്കായി കൈമാറുകയാണു ചെയ്യുക. സ്പെഷൽ റൂളിലെ അപാകതകൾ കാലോചിതമായി പരിഷ്കരിക്കുകയോ തിരുത്തുകയോ പല വകുപ്പുകളും ചെയ്യാറില്ല.
ഉന്തിയ പല്ല് അയോഗ്യതയാണെന്നു തങ്ങൾ പോലും ശ്രദ്ധിക്കുന്നത് ഇപ്പോഴാണെന്നു വനംവകുപ്പിലെ ഉദ്യോഗസ്ഥർ പറയുന്നു. സ്പെഷൽ റൂളിൽ മാറ്റം വരുത്താൻ തങ്ങൾക്കു കഴിയില്ലെന്നു പിഎസ്‍സിയിലെ ഉന്നത ഉദ്യോഗസ്ഥരും പറയുന്നു. പക്ഷേ, പല വകുപ്പുകളിലെയും നിയമന രീതികളിൽ മാറ്റം വരുത്താൻ സർക്കാരിന്റെ അനുമതിയോടെ സ്പെഷൽ റൂളിൽ മാറ്റം വരുത്തിയിട്ടുണ്ട്. വനംവകുപ്പ്, എക്സൈസ് ഉൾപ്പെടെയുള്ള സേനകളിൽ വനിതകളെ നിയോഗിക്കുന്നതിന് ഉൾപ്പെടെയാണു നിയമങ്ങളിൽ മാറ്റം വരുത്തിയത്.