പൊലീസ് സേനയിൽ ക്രിമിനൽ, സമൂഹവിരുദ്ധ സ്വഭാവമുള്ളവർ വേണ്ടെന്നും അത്തരക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് പെൻഷനേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിന്റെ പൊതുസമ്മേളനം കൊല്ലം സി കേശവൻ മെമ്മോറിയൽ ടൗൺ ഹാളിൽ ഓൺലൈനായി ഉദ്ഘാടനംചെയ്യുകയായിരുന്നു മുഖ്യമന്ത്രി.ചില കുറ്റവാളികൾ രക്ഷപ്പെടുന്ന അവസ്ഥയുണ്ട്. സംസ്ഥാനം വിട്ടുപോകുന്നവരുമുണ്ട്. ഇത്തരക്കാരെ കേരളത്തിനു പുറത്തുപോയി പിടിക്കുന്ന നടപടി വേഗത്തിലാക്കും. മികവുറ്റ കുറ്റാന്വേഷണരീതി നടപ്പാക്കും.
രാജ്യത്തിന് മാതൃകയായ ക്രമസമാധാന നിലയുള്ള സംസ്ഥാനമാണ് കേരളം. നമ്മുടെ സേന അഭിമാനിക്കാവുന്ന നിലയിലേക്കു മാറി. ഏത് ഉന്നത വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും സേനയുടെ ഭാഗമാകാവുന്ന നിലയായി. അതിന് അനുസൃതമായി സേനയുടെ രീതിയിലും മാറ്റമുണ്ടായി.
പൊലീസിനെ പ്രകോപിപ്പിച്ച് ഇടപെടീക്കാൻ ചില സ്ഥലങ്ങളിൽ ശ്രമം നടന്നു. എന്നാൽ, അനിതര സാധാരണമായ സംയമനം പൊലീസ് സേന കാണിച്ചു. അത് സമൂഹത്തിന്റെ ആവശ്യം തിരിച്ചറിഞ്ഞതുകൊണ്ടും ചിലരുടെ ഗൂഢോദ്ദേശം കൃത്യമായി മനസ്സിലാക്കിയതുകൊണ്ടുമാണ്.
പൊലീസിന്റെ പ്രവൃത്തികളെക്കുറിച്ച് ഏറെ ആശങ്കയുള്ളത് വലതുപക്ഷക്കാരിലാണ്. ആശങ്കകൾ അസ്ഥാനത്താണെന്ന് ബോധ്യപ്പെടുത്തുന്ന സംഭവങ്ങൾ അടുത്തിടെയുണ്ടായി. അടിച്ചമർത്തുന്ന സ്വഭാവം പൊലീസിന് ലഭിച്ചത് ബ്രിട്ടീഷ് ഭരണകാലത്താണ്. കൊല്ലും കൊലയും നടത്താൻ അധികാരമുള്ള നാടുവാഴികളുടെ പിന്തുണ പൊലീസിനുണ്ടായിരുന്നു. കാലംമാറി. ജനാധിപത്യ വ്യവസ്ഥയിൽ ജനദ്രോഹ നിലപാടെടുത്താൽ ശിക്ഷിക്കപ്പെടുന്ന അവസ്ഥ വന്നു. ഉന്നത ബിരുദധാരികൾ പൊലീസ്‌സേനയുടെ ഭാഗമാണിപ്പോൾ. പുതിയ പരിഷ്‌കാരങ്ങൾ സേനയുടെ മുഖം മാറ്റി. ആധുനിക കാലത്തിന് യോജിച്ച തരത്തിൽ സേനയ്‌ക്ക് മാറാൻ കഴിഞ്ഞു.
പൊലീസിൽനിന്ന് വിരമിച്ചവർ ചില ന്യായമായ ചില പ്രശ്‌നങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഇക്കാര്യങ്ങളിൽ അടിയന്തര പരിഹാരമുണ്ടാകും–- മുഖ്യമന്ത്രി പറഞ്ഞു.