24.9 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ബഫർ സോൺ: വാർഡ് തോറും ഹെൽപ് ഡെസ്ക്; ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ഉൾപ്പെടുത്തും
Kerala

ബഫർ സോൺ: വാർഡ് തോറും ഹെൽപ് ഡെസ്ക്; ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങളും ഉൾപ്പെടുത്തും

ജനവാസകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട നേരിട്ടുള്ള സ്ഥലപരിശോധനയ്ക്കായി വാർഡ് തലത്തിൽ ഹെൽപ് ഡെസ്കുകളും മേൽനോട്ട സമിതികളും വരും. ജനവാസമേഖലകളിലെ ഒഴിഞ്ഞുകിടക്കുന്ന സ്ഥലങ്ങൾ കൂടി കണക്കിലെടുക്കും. പരിസ്ഥിതിലോല മേഖല സംബന്ധിച്ച് തദ്ദേശ, വനം, റവന്യു വകുപ്പ് മന്ത്രിമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും നേതൃത്വത്തിൽ ഇന്നലെ നടന്ന ഓൺലൈൻ യോഗത്തിൽ 87 പഞ്ചായത്തുകളിലെ പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫിസർമാർ, തഹസിൽദാർമാർ, വനംവകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും പങ്കെടുത്തു. യോഗ തീരുമാനങ്ങൾ:

പൊതുവേ ജനവാസമുള്ള മേഖലകളിലെ നിലവിൽ ഒഴിഞ്ഞു കിടക്കുന്നയിടങ്ങളിൽ ഭാവിയിൽ വീടുകളോ മറ്റ് നിർമിതി‍കളോ വരാനുള്ള സാധ്യതയും കണക്കിലെടുക്കും. ഇത്തരം പ്രദേശങ്ങളിൽ ഭൂമിയുള്ളവരും ആശങ്കപ്പെടേണ്ടതില്ലെന്നു മുഖ്യമന്ത്രി പറഞ്ഞു. ജനവാസ കേന്ദ്രങ്ങൾ ഏതെല്ലാമെന്ന് കണ്ടുപിടിക്കാനുള്ള നടപടികളാണ് പുരോഗമിക്കുന്നത്. ഉപഗ്രഹ സർവേയിൽ ഉൾപ്പെടാത്തവർക്ക് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി മുൻപാകെ വിവരം സമർപ്പിക്കാം.

ഭൂപടവിവരം കൂട്ടിച്ചേർക്കാം

2020–21 ൽ വനം വകുപ്പിന്റെ ഭൂപടത്തിൽ ഏതെങ്കിലും ജനവാസ കേന്ദ്രം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ രേഖപ്പെടുത്താനുള്ള സമയം നൽകും. ഇത്തരം അധിക വിവരങ്ങൾ രേഖപ്പെടുത്താനുള്ള സമയം ജനുവരി 7 വരെ നീട്ടി. ഇതിനായി തദ്ദേശ സ്ഥാപനങ്ങളിൽ വാർഡ് തലത്തിൽ ഹെൽപ് ഡെസ്ക് രൂപീകരിച്ചു. വിവരങ്ങൾ നൽകേണ്ട മാതൃക ഹെൽപ് ഡെസ്ക്കിൽ നിന്നോ സർക്കാർ വെബ്സൈറ്റിൽ നിന്നോ ലഭിക്കും. വിവരങ്ങൾ eszexpertcommittee@gmail എന്ന ഇ മെയിലിലോ ഹെൽപ് ഡെസ്കിലോ നൽകാം. പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കലക്ടറും ജില്ലാ പഞ്ചായത്ത് പ്രസിഡ‍ന്റും വനം, തദ്ദേശം, റവന്യു വകുപ്പ് ജില്ലാ മേധാവികളും അംഗങ്ങളായി മേൽനോട്ട സമിതി രൂപീകരിക്കും.

ഓരോ വാർഡിലും വാർഡ് അംഗവും വനം, വില്ലേജ്, പഞ്ചായത്ത് ഉദ്യോഗസ്ഥരും ഡേറ്റ അപ്‍ലോഡ് ചെയ്യാൻ പരിശീലനം ലഭിച്ച എൻജിനീയറിങ് കോളജ് വിദ്യാർഥികൾ/ കുടുംബശ്രീ ഓക്സിലറി അംഗങ്ങൾ അടക്കമുള്ള സന്നദ്ധ പ്രവർത്തകരും അടങ്ങുന്ന സമിതികൾ രൂപീകരിക്കും. ഈ സമിതിയാണ് ഹെൽപ് ഡെസ്കുകളുടെ മേൽനോട്ടം വഹിക്കേണ്ടത്.

ജിയോ ടാഗിങ്

മൊബൈൽ ആപ് ഉപയോഗിച്ച് ഓരോ നിർമിതിയുടെയും ജനവാസകേന്ദ്രത്തി‍ന്റെ കൃഷിയിടത്തി‍ന്റെ ജിയോ ടാഗിങ് നടത്തും. ക്ലബ്ബുകൾ, വായനശാലകൾ, ഒഴിഞ്ഞ കടകൾ എന്നിവ കേന്ദ്രീകരിച്ച് ക്യാംപ് ഓഫിസുകൾ ആയി ഹെൽപ് ഡെസ്കുകൾ ക്രമീകരിക്കും. കുടുംബശ്രീ അയൽക്കൂട്ടങ്ങ‍ളെയും ചുമതലപ്പെടുത്തും. സംഘടനകളും മറ്റു കൂട്ടായ്മകളും നൽകുന്ന വിവരങ്ങൾ പഞ്ചായത്ത് സെക്രട്ടറി സ്വീകരിച്ച ശേഷം പരിശോധനയ്ക്കായി വാർഡ് തല ഹെൽപ് ഡെസ്കിനു കൈമാറും.

തൊഴുത്തും ഏറുമാടവും

എല്ലാ തരം നിർമിതികളും സ്ഥലപരിശോധ‍നയിൽ ഉൾപ്പെടുത്തും. തൊഴുത്ത്, ഏറുമാടം, കാത്തിരിപ്പു കേന്ദ്രം, പുൽ‍മേഞ്ഞതോ അല്ലാത്തതോ ആയ എല്ലാ നിർമിതികൾ എന്നിവ ഉൾക്കൊള്ളിക്കും.

Related posts

ആശ്വാസമായി വേനല്‍ മഴ; വനമേഖല വീണ്ടും പച്ചപ്പണിഞ്ഞു

റിപ്പബ്ലിക്‌ദിന പരേഡിൽ കേരളത്തിൻ്റെ ഫ്ളോട്ട്; പട്ടികയിൽ ഇടം പിടിച്ചു

Aswathi Kottiyoor

ട്രെയിനിൽ രാത്രി ഉച്ചത്തിൽ പാട്ടു വേണ്ട, ചർച്ചയും!; ഉറക്കം തടസ്സപ്പെടുത്തിയാൽ റെയിൽവേ ഇടപെടും.*

Aswathi Kottiyoor
WordPress Image Lightbox