24.2 C
Iritty, IN
October 4, 2024
  • Home
  • Kerala
  • ‘പുതിയ റിപ്പോർട്ട് 11ന് അകം’: ബഫർ സോൺ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്
Kerala

‘പുതിയ റിപ്പോർട്ട് 11ന് അകം’: ബഫർ സോൺ പ്രശ്നത്തിൽ മുഖ്യമന്ത്രിയുടെ ഉറപ്പ്

സംസ്ഥാനത്ത് പരിസ്ഥിതിലോല മേഖല (ബഫർ സോൺ) നിശ്ചയിക്കാൻ നേരിട്ടുള്ള സ്ഥലപരിശോധന (ഫീൽഡ് സർവേ) പൂ‍ർത്തിയാക്കി ജനുവരി 11നു മുൻപ് സുപ്രീം കോടതിക്കു റിപ്പോർട്ട് നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

സുപ്രീം കോടതി ആവശ്യപ്പെട്ടതു പ്രകാരം ഉപഗ്രഹ സർവേ റിപ്പോർട്ട് നൽകും. കേരള സംസ്ഥാന റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമെന്റ് സെന്റർ (കെഎസ്ആർഎസ്ഇസി) തയാറാക്കിയ ഈ റിപ്പോർട്ടിലെ അപാകതകൾ പരിഹരിക്കാനാണ് സ്ഥലപരിശോധന നടത്തുന്നത്. ഉപഗ്രഹ സർവേ റിപ്പോർട്ടിൽ ചിത്രം മാത്രമാണുള്ളത്. അതിൽ നിർമിതികളോ കെട്ടിടങ്ങളോ വ്യക്തമല്ലെന്ന പരാതി ഫീൽഡ് റിപ്പോർട്ടിൽ പരിഹരിക്കും. പുതിയ റിപ്പോർട്ട് കേന്ദ്ര ഉന്നതാധികാര സമിതിക്കും നൽകും.

ബഫർ സോൺ സംബന്ധിച്ച് വനം വകുപ്പ് 2020–21 ൽ തയാറാക്കിയ കരട് ഭൂപടം സർക്കാർ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. കേന്ദ്ര ഉന്നതാധികാര സമിതിക്കും സുപ്രീം കോടതി‍ക്കും കൈമാറിയ, ജനവാസകേന്ദ്രങ്ങൾ പൂർണമായി ഒഴിവാക്കി കൊണ്ടുള്ള ഈ ഭൂപടമാണ് വിഷയത്തിൽ അടിസ്ഥാന‍രേഖയെന്നും പറഞ്ഞു. കരട് ഭൂപടം ഇന്നലെ തന്നെ പ്രസിദ്ധീകരിക്കുമെന്നു വാർത്താസമ്മേളനത്തിൽ പറഞ്ഞെങ്കിലും രാത്രി വൈകിയും പ്രസിദ്ധീകരിച്ചിട്ടില്ല. വനംവകുപ്പ് ഭൂപടം കൈമാറാത്തതാണ് കാരണമെന്നു സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഭൂപടത്തിൽ ഏതൊക്കെ സർവേ നമ്പ‍റുകൾ വരുമെന്ന വിവരവും ഒരാഴ്ചയ്ക്കകം വെബ്സൈറ്റിൽ പൊതുജനങ്ങൾക്കു ലഭ്യമാക്കും. എല്ലാ വാർഡിലും വായനശാല, അങ്കണവാടി, മറ്റു സർക്കാർ സ്ഥാപനങ്ങൾ, ക്ലബ്ബുകൾ തുടങ്ങിയ പൊതുഇടങ്ങളിൽ പ്രദർശിപ്പിക്കുകയും ചെയ്യും. ലഭ്യമാകുന്ന അധിക വിവരങ്ങൾ ഉൾപ്പെടുത്തി ഭൂപടം വനംവകുപ്പ് വീണ്ടും പുതുക്കും. ഇതു തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ സർവകക്ഷി സമിതി പരിശോധിക്കും. ഇതി‍ന്റെ കൂടി അടിസ്ഥാനത്തിൽ വനംവകുപ്പ് അന്തിമ കരട് റിപ്പോർട്ട് തയാറാക്കും.

സർക്കാരിന്റെ പുതിയ തീരുമാനങ്ങൾ ആശ്വാസം നൽകുന്നതാണെന്നു താമരശ്ശേരി ബിഷപ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പ്രതികരിച്ചു. ആവശ്യങ്ങളോടു സർക്കാർ ക്രിയാത്മകമായി പ്രതികരിച്ചു. സർക്കാർ കർഷകർക്കൊപ്പം നിൽക്കുമെന്ന ഉറപ്പ് ലഭിച്ചു. ആശങ്കകൾ പരിഹരിക്കുമെങ്കിൽ സമരത്തിനു പ്രസക്തിയില്ലെന്നും പറഞ്ഞു.

പരാതി നൽകാൻ 7 വരെ സമയം; പിന്നെയുള്ളത് വെറും 4 ദിവസം

തിരുവനന്തപുരം ∙ നേരിട്ടുള്ള സ്ഥലപരിശോധന പൂ‍ർത്തിയാക്കി ജനുവരി 11നു മുൻപ് സുപ്രീം കോടതിക്ക് റിപ്പോർട്ട് നൽകുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ പറയുമ്പോഴും ഇത് എത്രത്തോളം പ്രാവർത്തികമാകുമെന്നു സംശയമുണ്ട്. ഉപഗ്രഹ സർവേ റിപ്പോർട്ടിലും വനംവകുപ്പ് 2020–21 ൽ തയാറാക്കി കേന്ദ്രത്തിനു സമർപ്പിച്ച ഭൂപടത്തിലും ഉൾപ്പെടുത്താതെ പോയ നിർമിതികളുടെ വിവരങ്ങൾ അറിയിക്കാൻ ജനുവരി 7 വരെയാണ് സമയം അനുവദിച്ചിരിക്കുന്നത്. ജനുവരി 11 നാണ് കേസ് പരിഗണിക്കുന്നത്. പരാതികൾ സ്വീകരിച്ച ശേഷം 4 ദിവസത്തിനകം എങ്ങനെ സ്ഥലപരിശോധനയുടെ റിപ്പോർട്ട് നൽകാൻ കഴിയുമെന്ന ചോദ്യമുയരുന്നു. വിദഗ്ധസമിതിയുടെ നിർദേശപ്രകാരം വനം വകുപ്പിന്റെ സെക്രട്ടേറിയറ്റിലെ ഓഫിസിലാണ് പരാതികൾ തപാലിലും ഇ–മെയിലുമായി സ്വീകരിക്കുന്നത്.

Related posts

ഒ​റ്റ​പ്പെ​ട്ട ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത; പ​ത്ത് ജി​ല്ല​ക​ളി​ൽ ഇ​ന്ന് യെ​ല്ലോ അ​ല​ർ​ട്ട്

Aswathi Kottiyoor

സ്‌കാനിങ്ങിനെത്തിയ യുവതിയുടെ സ്വകാര്യ ദൃശ്യം പകർത്തി: റേഡിയോഗ്രാഫർ അറസ്റ്റിൽ

Aswathi Kottiyoor

‘നൂറ് ദിനം നൂറ് പുസ്തകങ്ങൾ’ സാംസ്‌കാരിക വകുപ്പ് മന്ത്രി പ്രകാശനം ചെയ്യും

Aswathi Kottiyoor
WordPress Image Lightbox