23.1 C
Iritty, IN
July 7, 2024
  • Home
  • Kerala
  • ബഫർസോൺ ; സാധ്യമായതെല്ലാം വനംവകുപ്പ്‌ ചെയ്‌തു : മുഖ്യമന്ത്രി
Kerala

ബഫർസോൺ ; സാധ്യമായതെല്ലാം വനംവകുപ്പ്‌ ചെയ്‌തു : മുഖ്യമന്ത്രി

ബഫർസോണുമായി ബന്ധപ്പെട്ട്‌ വനംവകുപ്പ്‌ യാതൊന്നും ചെയ്‌തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിധി വന്ന് അഞ്ചു ദിവസത്തിനകം വനം മന്ത്രി യോഗം വിളിച്ചിരുന്നു. സുപ്രീംകോടതി നിർദേശിച്ച ഒരു കിലോമീറ്റർ പരിധിയിൽ വരാവുന്ന കെട്ടിടങ്ങൾ, നിർമാണങ്ങൾ എന്നിവയുടെ കണക്കെടുക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ ചീഫ് വൈൽഡ് ലൈഫ് വാർഡൻ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ്‌ ആൻഡ് എൺവയോൺമെന്റ്‌ സെന്റർ ഡയറക്ടർക്ക് ജൂൺ 13നു കത്തയച്ചു.

ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിക്കണം, ആവശ്യമായ നിയമനിർമാണം നടത്തണം, ജനവാസമേഖലകൾ ഒഴിവാക്കണം, കേരളത്തിന്റെ പ്രത്യേക സാഹചര്യങ്ങൾ പരിഗണിക്കണം, പൊതുതാൽപ്പര്യാർഥം സംസ്ഥാന സർക്കാർ സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്ര വനം –-പരിസ്ഥിതി മന്ത്രിക്ക്‌ ജൂൺ 14നു കത്തയച്ചു.

കേരളത്തിന്റെ താൽപ്പര്യങ്ങൾ സംരക്ഷിക്കുംവിധം ജനവാസമേഖല ഒഴിവാക്കിക്കിട്ടാനാവശ്യമായ റിവ്യൂ -മോഡിഫിക്കേഷൻ ഹർജി സമർപ്പിക്കാനാവശ്യപ്പെട്ട്‌ അഡ്വക്കറ്റ് ജനറലിന് ജൂൺ 24നു കത്തുനൽകി. സുപ്രീംകോടതി ഉത്തരവുപ്രകാരം കേരളത്തെ ബാധിക്കുന്ന പ്രശ്നങ്ങൾ പരിഹരിക്കാനും ജനവാസമേഖലകൾ ഒഴിവാക്കി സംസ്ഥാനം സമർപ്പിച്ച നിർദേശങ്ങൾ അംഗീകരിക്കണമെന്നും ആവശ്യപ്പെട്ട്‌ കേന്ദ്ര സർക്കാരിന് ജൂൺ 25നു കത്തയച്ചു.

ജൂലൈ ഏഴിന് നിയമസഭ ഏകകണ്ഠമായി പ്രമേയം പാസാക്കുകയും ചെയ്‌തു. 14നു കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. അന്നുതന്നെ പുനഃപരിശോധനാ ഹർജിയും നൽകി. സംസ്ഥാന റിമോട്ട് സെൻസിങ്‌ ആൻഡ്‌ എൻവയോൺമെന്റ്‌ സെന്റർ ശേഖരിച്ച വിവരങ്ങൾ സംബന്ധിച്ച ആഗസ്ത് എട്ടിന്‌ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചർച്ച ചെയ്യുകയും ഇക്കോ സെൻസിറ്റീവ് സോൺ സംബന്ധിച്ച് ഭൗതിക സ്ഥലപരിശോധന നടത്തി വിവരങ്ങൾ ഉറപ്പാക്കാൻ തീരുമാനിച്ചിരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ഉപഗ്രഹ സർവേ അന്തിമരൂപമല്ല
ബഫർസോൺ സംബന്ധിച്ച ഉപഗ്രഹ സർവേ റിപ്പോർട്ട് സൂചകം മാത്രമാണെന്നും അന്തിമരൂപമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉപഗ്രഹ സർവേ അന്തിമ തീരുമാനമാണെന്നത്‌ തെറ്റായ പ്രചാരണമാണ്. പരിസ്ഥിതിലോല മേഖല സംബന്ധിച്ച വിശദമായ ഗ്രൗണ്ട് സർവേ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

സുപ്രീംകോടതി നിർദേശിച്ചതനുസരിച്ചാണ്‌ ഉപഗ്രഹ സർവേ നടത്തിയത്‌. ഈ ചിത്രങ്ങൾ പ്രകാരമുള്ള ഭൂപടത്തിൽ വരാവുന്ന അപാകത പരിഹരിക്കാനാണ് ഫീൽഡ് വെരിഫിക്കേഷൻ തീരുമാനിച്ചത്. ഇപ്രകാരം തയ്യാറാക്കുന്ന രേഖ പുനഃപരിശോധനാ ഹർജിയിൽ തെളിവായി ഹാജരാക്കും. എത്ര കെട്ടിടങ്ങൾ, അവ ഏതൊക്കെ, എന്നിങ്ങനെയുള്ള വിവരങ്ങൾ കൃത്യതയോടെ ശേഖരിക്കുന്നത് അത്തരം കെട്ടിടങ്ങൾ അവിടെയുണ്ടെന്ന് കോടതിയെ ബോധ്യപ്പെടുത്താനും ആ കെട്ടിടങ്ങളുടെ സംരക്ഷണം ഉറപ്പാക്കാനുമാണ്. ഇതിലൂടെ മാത്രമേ കോടതി നിർദേശിച്ച ഒരു കിലോമീറ്റർ ബഫർസോൺ പ്രദേശം ജനവാസമേഖലയാണെന്ന് തെളിയിക്കാനാകൂ.

ബഫർസോൺ മേഖലയിൽനിന്ന്‌ ആളുകൾ ഒഴിഞ്ഞുപോകേണ്ടി വരുമെന്ന തെറ്റായ പ്രചാരണം ജനങ്ങളിൽ ഭീതി പരത്താനാണ്. മേഖലയിൽ വാഹനനിയന്ത്രണം, കാർഷിക പ്രവർത്തനങ്ങളുടെ നിരോധനം മുതലായവ വരുമെന്നും തെറ്റായ പ്രചാരണം നടക്കുന്നുണ്ട്.
ഇത് മലയോര മേഖലയിലെ ജനങ്ങൾക്കിടയിൽ ഭീതി സൃഷ്ടിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനവിശ്വാസം ആർജിച്ച്‌ സർക്കാർ
തെറ്റിദ്ധാരണ പരത്തി സർക്കാരിനെതിരെ ജനത്തെ ഇളക്കിവിടാമെന്ന പ്രതിപക്ഷ ദുഷ്ടലാക്ക്‌ ബഫർസോൺ വിഷയത്തിലും പരാജയപ്പെട്ടു. ഒന്നുപോരാ, 10 കിലോമീറ്റർ ബഫർസോൺ വേണമെന്ന്‌ റിപ്പോർട്ട്‌ കൊടുത്ത വി ഡി സതീശന്റെ മുതലക്കണ്ണീർ ജനം തിരിച്ചറിഞ്ഞു. വിഷയത്തിൽ കോൺഗ്രസ് കാലത്തെ കേന്ദ്രമന്ത്രി ജയ്റാം രമേശ് കാട്ടിയ അനാവശ്യ വാശി യും ജനം കണ്ടതാണ്.

എന്നാൽ, എല്ലാക്കാലത്തും ജനവാസമേഖല പരിസ്ഥിതിലോല മേഖലയാക്കരുതെന്ന ഉറച്ച നിലപാടാണ്‌ എൽഡിഎഫ്‌ സ്വീകരിച്ചത്‌. നേരത്തേ കേന്ദ്രത്തിന്‌ കൊടുത്ത ഭൂപടവും എഴുതിക്കൊടുത്ത ആവശ്യങ്ങളിലും ഇത്‌ വ്യക്തമാണ്‌. ഇത്‌ ജനത്തെ ബോധ്യപ്പെടുത്താൻ സർക്കാരിനായി. ഇതോടെ മലയോരപ്രദേശത്ത്‌ വിശ്വാസികളെ തെറ്റിദ്ധരിപ്പിച്ച്‌ പ്രക്ഷോഭം നടത്താമെന്ന പ്രതിപക്ഷമോഹം പൊലിഞ്ഞു. സംരക്ഷിത വനപ്രദേശത്തിനു ചുറ്റുമുള്ള ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയിലെ എല്ലാ നിർമാണങ്ങളും നിയന്ത്രണപരിധിയിൽനിന്ന്‌ ഒഴിവാക്കി ‘സീറോ ബഫർസോൺ ’ പ്രഖ്യാപിക്കണമെന്ന്‌ സംശയരഹിതമായാണ്‌ എൽഡിഎഫ്‌ സർക്കാർ ആവശ്യപ്പെട്ടത്‌. സുപ്രീംകോടതി വിധിപ്രകാരം നിശ്ചിതസമയത്തിനുള്ളിൽ പ്രാഥമിക റിപ്പോർട്ട്‌ നൽകിയശേഷം സാവകാശം നേടാനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. ജനവാസമേഖലയെ ഒഴിവാക്കിയുള്ള അന്തിമറിപ്പോർട്ടേ കോടതിയിൽ നൽകൂവെന്ന്‌ മുഖ്യമന്ത്രിതന്നെ വ്യക്തമാക്കിയിട്ടുമുണ്ട്‌. ഇതിന്റെ ഭാഗമായാണ്‌ ഫീൽഡ്‌ സർവേ നടത്താനും ഹെൽപ്പ്‌ ഡെസ്ക്‌ തുടങ്ങാനും തീരമാനിച്ചത്‌.

Related posts

ഐസ്​ക്രീമിന്‍റെ നികുതി കുത്തനെ കൂട്ടി കേന്ദ്രസർക്കാർ.

Aswathi Kottiyoor

വനിതകള്‍ക്ക് എന്‍ഡിഎയിലും നേവല്‍ അക്കാദമിയിലും പ്രവേശനം നല്‍കുമെന്ന് കേന്ദ്രം; തീരുമാനം ചരിത്രപരം.

Aswathi Kottiyoor

ഭീതിയും അക്രമവുമില്ലാതെ വർഗീയ ശക്തികൾക്ക് മുന്നോട്ട് പോകാനാകില്ല:ടീസ്റ്റ സേതൽ വാദ്

Aswathi Kottiyoor
WordPress Image Lightbox