വന്യമൃഗങ്ങളെ കഴിവതും ദേഹോപദ്രവം ഏൽപ്പിക്കാതെ ജനവാസമേഖലയിൽ കയറുന്നത് തടയുന്നതിന് ഫലപ്രദമായ മാർഗം സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ അധ്യക്ഷൻ ജസ്റ്റീസ് ആന്റണി ഡൊമിനിക്. വന്യമൃഗത്തിന്റെ ആക്രമണത്തിൽ ആളപായവും കൃഷിനാശവും സംഭവിച്ചവർക്കു നഷ്ടപരിഹാരം ഉടൻ നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
മൂന്നാർ ഫോറസ്റ്റ് ഡിവിഷൻ നേര്യമംഗലം റേഞ്ചിന് കീഴിൽ 20.29 കിലോമീറ്റർ ദൈർഘ്യത്തിൽ ഹാഗിംഗ് സോളാർ ഫെൻസിംഗ് സ്ഥാപിക്കുന്നതിന് 1,45,00,000 രൂപയുടെ എസ്റ്റിമേറ്റ് തയാറാക്കി അംഗീകാരത്തിന് സമർപ്പിച്ചിട്ടുണ്ടെന്ന് മൂന്നാർ ഡിഎഫ്ഒ കമ്മീഷനെ അറിയിച്ചു. നേര്യമംഗലം നീണ്ട പാറയിലുള്ള വന്യമ്യഗശല്യത്തിനെതിരെ ഓലിക്കൽ സ്വദേശി പീതാംബരൻ സമർപ്പിച്ച പരാതിയിലാണ് നടപടി.