20.8 C
Iritty, IN
November 22, 2024
  • Home
  • Kerala
  • വെള്ളത്തിന്റെ ശുദ്ധി പരിശോധിക്കാൻ ഇനി ജല അതോറിറ്റിയുടെ 82 ജലപരിശോധനാ ലാബുകൾ
Kerala

വെള്ളത്തിന്റെ ശുദ്ധി പരിശോധിക്കാൻ ഇനി ജല അതോറിറ്റിയുടെ 82 ജലപരിശോധനാ ലാബുകൾ

ഹയർ സെക്കൻഡറി കെമിസ്ട്രി ലാബുകളിൽ ജല ഗുണനിലവാര പരിശോധനാ

സംവിധാനം നിലവിൽ വരും

ജലജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി ദേശീയ ഗുണനിലവാര ഏജൻസി ആയ നാഷനൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആന്റ് കാലിബ്രേഷൻ ലബോറട്ടറീസ് (എൻ.എ.ബി.എൽ) അംഗീകാരം ലഭിച്ച കേരള ജല അതോറിറ്റിയുടെ 82 കുടിവെള്ള ഗുണനിലവാര പരിശോധനാ ലാബുകളുടെ സംസ്ഥാനതല പ്രവർത്തനോദ്ഘാടനം ബുധനാഴ്ച്ച മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.

നാം കുടിക്കുന്ന വെള്ളം ശുദ്ധമാണോ എന്ന് പരിശോധിച്ചറിയൽ വളരെ പ്രധാനമാണെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുടിവെള്ളത്തിൽ പലപ്പോഴും മാലിന്യം കലരുന്നുണ്ട്. ഇത് ഗൗരവമായ പ്രശ്‌നമായി കാണണം. ഏത് നദിയിലെയും വെള്ളം കുടിക്കാവുന്ന തരത്തിലുള്ള ശുദ്ധി, അണുമുക്തമായ വെള്ളം എന്നിവ ഉറപ്പാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഈ രീതിയിൽ ഗൗരവമായ ഇടപെടലുകളുടെ ഫലമായാണ് 82 ജല ഗുണനിലവാര പരിശോധനാ ലാബുകൾ നിലവിൽ വരുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ചടങ്ങിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു.

സംസ്ഥാനത്തെ കെമിസ്ട്രി ലാബ് ഉള്ള ഹയർസെക്കൻഡറി സ്‌കൂളുകളിൽ അധ്യാപകർക്കും വിദ്യാർഥികൾക്കും പരിശീലനം നൽകിയശേഷം വെള്ളത്തിന്റെ ഗുണനിലവാര പരിശോധന നടത്തുന്ന സംവിധാനം നിലവിൽ വരുമെന്ന് മന്ത്രി അറിയിച്ചു. പെട്ടെന്ന് പരിശോധന നടത്തി ഫലം കിട്ടാനുദ്ദേശിച്ചാണിത്. ജലജീവൻ മിഷൻ വഴിയുള്ള ശുദ്ധ ജല വിതരണം സംസ്ഥാനത്തെ എല്ലാ അംഗനവാടികളിലും ലഭ്യമാക്കും.

ഈ സർക്കാർ അധികാരമേൽക്കുമ്പോൾ 17 ലക്ഷം ഗ്രാമീണ കുടുംബങ്ങളിലായിരുന്നു ജല അതോറിറ്റി കണക്ഷനുകൾ ഉണ്ടായിരുന്നത്. കഴിഞ്ഞ ഒന്നര വർഷം കൊണ്ട് 13 ലക്ഷം പുതിയ കണക്ഷൻ നൽകിയതായി മന്ത്രി പറഞ്ഞു. കേരളത്തിൽ 70,80,000 മുകളിൽ ഗ്രാമീണ കുടുംബങ്ങൾ ആണുള്ളത്. 2024-25 വർഷത്തിന്റെ ആരംഭത്തോടെ സംസ്ഥാനത്തെ എല്ലാ ഗ്രാമീണ കുടുംബങ്ങൾക്കും സമ്പൂർണമായും ഗുണനിലവാരമുള്ള ശുദ്ധജലം ലഭ്യമാക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് ജലജീവൻ മിഷൻ പദ്ധതി ആവിഷ്‌കരിച്ചിട്ടുള്ളതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.

പദ്ധതി നല്ല രീതിയിൽ മുന്നോട്ടു നയിക്കുന്ന വകുപ്പിലെ ഉദ്യോഗസ്ഥരെ മന്ത്രി അഭിനന്ദിച്ചു. കേരള ജല അതോറിറ്റിക്ക് കുടിശ്ശിക ഇനത്തിൽ കിട്ടാനുള്ള തുക പിരിച്ചുകിട്ടാൻ അദാലത്തുകൾ നടത്തുന്നുണ്ടെങ്കിലും ഇനിയും തുക പിരിഞ്ഞു കിട്ടാനുണ്ടെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ ജനം പൂർണമായി സഹകരിക്കേണ്ടതുണ്ടെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. ഉപഭോക്താക്കൾക്ക് സ്വയം വാട്ടർ മീറ്റർ റീഡിംഗ് നടത്താനായി ആവിഷ്‌ക്കരിച്ച സെൽഫ് മീറ്റർ റീഡിംഗ് ആപ്പ്, മീറ്റർ റീഡർമാർക്ക് റീഡിംഗ് രേഖപ്പെടുത്തൽ അനായാസമാക്കാൻ ഏർപ്പെടുത്തിയ മീറ്റർ റീഡർ ആപ്പ് എന്നിവ ജലവിഭവ മന്ത്രി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു, പ്രമോദ് നാരായണൻ എം.എൽ.എ, അഡീഷനൽ ചീഫ് സെക്രട്ടറി വി വേണു, കേരള ജല അതോറിറ്റി എം.ഡിയും ജലജീവൻ മിഷൻ ഡയറക്ടറുമായ വെങ്കടേശപതി എസ്, കോർപ്പറേഷൻ കൗൺസിലർ പാളയം രാജൻ തുടങ്ങിയവർ സംസാരിച്ചു.

Related posts

*നീല, വെള്ള റേഷന്‍ കാര്‍ഡുകള്‍ക്ക് ഇനി മണ്ണെണ്ണ ഇല്ല; ഈ മാസം മുതല്‍ പുറത്ത്*

Aswathi Kottiyoor

മുല്ലപ്പെരിയാർ ഹർജികൾ ഇന്ന് പരിഗണിക്കും; വിശദമായ വാദത്തിന് സാധ്യതയില്ല.

Aswathi Kottiyoor

കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ദീപാവലി സമ്മാനം: 16,000 കോടി രൂപ അനുവദിച്ച് കേന്ദ്രം

Aswathi Kottiyoor
WordPress Image Lightbox