കോഴിക്കോട്
നാഷണൽ അഗ്രികൾചറൽ കോ ഓപറേറ്റീവ് മാർക്കറ്റിങ് ഫെഡറേഷൻ (നാഫെഡ്) സംഭരിച്ച കൊപ്ര പൊതുവിപണിയിൽ വിൽക്കാനുള്ള തീരുമാനം കർഷകർക്ക് ഇരുട്ടടിയായി. സംസ്ഥാനത്ത് കൊപ്രവില ഒരാഴ്‌ചകൊണ്ട് കിലോയ്ക്ക് നാലുരൂപ കുറഞ്ഞു. കഴിഞ്ഞ ദിവസമാണ് നാഫെഡിന്റെ ഓൺലൈൻ ലേലം തുടങ്ങിയത്.
പതിനഞ്ചിനാണ് വിൽപ്പനയ്‌ക്ക് വിജ്ഞാപനമിറക്കിയത്. തമിഴ്‌നാട് സംഭരണ കേന്ദ്രങ്ങളിലുള്ള 26,567.55 ടൺ കൊപ്രയാണ് ആദ്യ ഘട്ടത്തിൽ ലേലത്തിനുവച്ചത്. ദേശീയതലത്തിലാണ് ലേലം. 13ന് വടകരയിൽ കൊപ്രയ്ക്ക് 93 രൂപയായിരുന്നു വില. ചൊവ്വാഴ്‌ച അത് 89 രൂപയായി. പച്ചത്തേങ്ങ കിലോയ്ക്ക് 29.50–- 30 രൂപവരെയുണ്ടായിരുന്ന വില 26 രൂപയിലേക്കാണ് കുറഞ്ഞത്.
കേന്ദ്രസർക്കാർ നാഫെഡ് വഴിയുള്ള കൊപ്ര സംഭരണത്തിൽ കേരളത്തെ തഴഞ്ഞതും തിരിച്ചടിയായി. ഫെബ്രുവരിയിൽ ആരംഭിച്ച സംഭരണത്തിൽ കേരളത്തിൽനിന്ന് രണ്ട് ലോഡ് മാത്രമാണ് ശേഖരിച്ചത്. തമിഴ്‌നാട്ടിൽനിന്ന് 40,000 ടണ്ണോളം സംഭരിച്ച് പൊതുവിപണിയിലേക്ക് ഇറക്കിയതോടെ വെളിച്ചെണ്ണ ഉൽപ്പാദകർ കേരളത്തിൽനിന്ന് കൊപ്രയെടുക്കുന്നത് കുറച്ചു. സംസ്ഥാന സർക്കാർ 32 രൂപ നിരക്കിൽ പച്ചത്തേങ്ങ സംഭരിക്കുന്നത് മാത്രമാണ് കർഷകർക്ക് ആശ്വാസം. സംഭരണത്തിന് കൂടുതൽ കേന്ദ്രങ്ങൾ തുടങ്ങിയിട്ടുണ്ട്.